IPL
ഓവറിലെ ആറ് പന്തില്‍ ആറ് സിക്‌സറടിച്ചവനല്ലേ... ഓറഞ്ച് ക്യാപ്പുള്ള സായ് സുദര്‍ശനെയും വെട്ടി; തുടക്കത്തിലേ റണ്ണടിച്ച് റെക്കോഡിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 26, 03:36 pm
Saturday, 26th April 2025, 9:06 pm

 

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് ചരിത്രം കുറിച്ചതിന് ശേഷം പഞ്ചാബ് കിങ്‌സ് ഒരിക്കല്‍ക്കൂടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും പഞ്ചാബ് ഇന്നിങ്‌സിന് തുടക്കമിട്ടു. പവര്‍പ്ലേയില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ആദ്യ വിക്കറ്റില്‍ 120 റണ്‍സും അടിച്ചെടുത്തു.

പവര്‍പ്ലേയിലെ വെടിക്കെട്ടിന് പിന്നാലെ പല നേട്ടങ്ങളും പ്രിയാന്‍ഷ് ആര്യയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഈ സീസണില്‍ ഏറ്റവുമധികം പവര്‍പ്ലേ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് പ്രിയാന്‍ഷ് ആദ്യ റെക്കോഡിട്ടത്. 222 റണ്‍സാണ് പവര്‍പ്ലേയില്‍ നിന്ന് മാത്രം പ്രിയാന്‍ഷ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവുധികം പവര്‍പ്ലേ റണ്‍സ് നേടിയ താരങ്ങള്‍ (ഇതുവരെ)

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

പ്രിയാന്‍ഷ് ആദ്യ – പഞ്ചാബ് കിങ്‌സ് – 222*

യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ് – 213

ഫില്‍ സാള്‍ട്ട് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 212

സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 203

മിച്ചല്‍ മാര്‍ഷ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 196

ഇതിനൊപ്പം പവര്‍പ്ലേയില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള താരമെന്ന നേട്ടവും താരം സ്വന്തമാക്കി.

ഐ.പി.എല്‍ 2025 – പവര്‍പ്ലേയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് നൂറ് റണ്‍സ്)

(താരം – ടീം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്‌സ് – 198.3

അജിന്‍ക്യ രഹാനെ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 178.2

ഫില്‍ സാള്‍ട്ട് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 175.2

പ്രഭ്‌സിമ്രാന്‍ സിങ് – പഞ്ചാബ് കിങ്‌സ് – 167.2

ഐ.പി.എല്ലിന് മുമ്പ് നടന്ന ദല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറിലെ ആറ് പന്തിലും സിക്‌സര്‍ നേടിയതിന് പിന്നാലെയാണ് പ്രിയാന്‍ഷിന്റെ പേര് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ കൂടുതല്‍ ചര്‍ച്ചയായത്. ഈ മത്സരത്തില്‍ പത്ത് ഫോറും പത്ത് സിക്‌സറും അടക്കം 120 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവറിയിച്ച താരം ഐ.പി.എല്ലില്‍ തന്റെ ഡോമിനേഷന്‍ തുടരുകയാണ്. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഈ സീസണിലെ എമേര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രിയാന്‍ഷ്.

കൊല്‍ക്കത്തയ്‌ക്കെതിരെ നാല് സിക്‌സറും എട്ട് ഫോറും അടക്കം 35 പന്തില്‍ 69 റണ്‍സ് നേടിയാണ് പ്രിയാന്‍ഷ് കളം വിട്ടത്. 197.14 എന്ന പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം, നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 167 എന്ന നിലയിലാണ് പഞ്ചാബ്. 49 പന്തില്‍ 83 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് ടീമിന് രണ്ടാമതായി നഷ്ടപ്പെട്ടത്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സെന്‍, സൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റോവ്മന്‍ പവല്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, വൈഭവ് അറോറ, ചേതന്‍ സ്‌കറിയ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: IPL 2025: KKR vs PBKS: Priyansh Arya’s brilliant batting performance in powerplays