ഐ.പി.എല്ലില്‍ ഏത് ടീമിനും 300 റണ്‍സ് നേടാന്‍ സാധിക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം റിങ്കു സിങ്. ഈ സീസണിലെ എല്ലാ ടീമും ശക്തരാണെന്നും ആര്‍ക്കും 300 റണ്‍സ് അനായാസം നേടാന്‍ സാധിക്കുമെന്നും റിങ്കു സിങ് അഭിപ്രായപ്പെട്ടു.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് മുമ്പ് ജിയോ ഹോട്ട്‌സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു റിങ്കു സിങ്.
‘തീര്‍ച്ചയായും, നമ്മള്‍ക്കത് ചെയ്യാന്‍ സാധിക്കും. 300 റണ്‍സ് നേടാന്‍ സാധിക്കും എന്ന നിലയിലേക്ക് ഐ.പി.എല്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് 262 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചു. ഈ സീസണില്‍ എല്ലാ ടീമും കരുത്തരാണ്. ആര്‍ക്കും 300 റണ്‍സ് നേടാന്‍ സാധിക്കും,’ റിങ്കു സിങ് പറഞ്ഞു.
ഫിനിഷറുടെ റോളില്‍ കളിക്കുമ്പോള്‍ എം.എസ്. ധോണിയില്‍ നിന്നും ലഭിച്ച ഉപദേശത്തെ കുറിച്ചും താരം സംസാരിച്ചു.
‘ഞാന്‍ സാധാരണയായി അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് ബാറ്റ് ചെയ്യാറുള്ളത്. യു.പിക്ക് വേണ്ടിയും ഐ.പി.എല്ലിലും ഞാനത് ചെയ്തിട്ടുണ്ട്. ഞാന്‍ ഫിറ്റ്‌നെസ്സില്‍ കാര്യമായി ശ്രദ്ധ ചെലുത്തുന്നു. ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ കളിക്കണമെന്നതിനാല്‍ ഫിറ്റ്‌നെസ് നിലനിര്‍ത്തുക എന്നത് എന്റെ കടമയാണ്.
ഞാന്‍ ഇടയ്ക്ക് മഹി ഭായിയോട് സംസാരിക്കും. ശാന്തമായി, മത്സരത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്,’ റിങ്കു സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരെ സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് റിങ്കു സിങ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. മത്സരം നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 എന്ന നിലയിലാണ് പഞ്ചാബ്. 11 പന്തില്‍ 28 റണ്‍സുമായി പ്രിയാന്‍ഷ് ആര്യയും 13 പന്തില്‍ 13 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് ക്രീസില്‍.
View this post on Instagram
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സെന്‍, സൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റോവ്മന്‍ പവല്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, വൈഭവ് അറോറ, ചേതന്‍ സ്‌കറിയ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: IPL 2025: PBKS vs KKR: Rinku Singh says any team can score 300 in IPL