Entertainment
പൃഥ്വിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനായി പ്ലാൻ ചെയ്ത് ഒരുക്കിയ ചിത്രമാണത്, സംവിധാനത്തിലും പൃഥ്വിയുടെ കണ്ടീഷൻസ് ഉണ്ടായിരുന്നു: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 15, 07:52 am
Saturday, 15th June 2024, 1:22 pm

പൃഥ്വിരാജിന്റെ താരപദവി വലിയ രീതിയിൽ ഉയർത്തിയ ചിത്രമായിരുന്നു പുതിയ മുഖം. ദീപൻ സംവിധാനം ചെയ്ത ചിത്രം വമ്പൻ വിജയമാവുകയും യൂത്തിനിടയിൽ ആഘോഷമാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ പാട്ടുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ദീപക് ദേവ് ആയിരുന്നു പുതിയ മുഖത്തിനായി സംഗീതം നൽകിയത്.

പൃഥ്വിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനായി ചെയ്ത ചിത്രമാണ് പുതിയ മുഖമെന്നും ബുദ്ധിപ്പരമായി പ്ലാൻ ചെയ്ത ചിത്രമാണ് പുതിയ മുഖമെന്നും ദീപക് ദേവ് പറയുന്നു. സംവിധാനം ചെയ്തത് ദീപൻ ആണെങ്കിലും പൃഥ്വിയുടെ കുറച്ച് ഇടപെടലുള്ള ചിത്രമാണ് പുതിയ മുഖമെന്നും ദീപക് ദേവ് പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിയെ മറ്റൊരു ലെവലിലേക്ക് ഉയർത്താൻ വേണ്ടി ചെയ്ത സിനിമയാണ് പുതിയ മുഖം. ആ സിനിമ വളരെ ഇന്റലിജന്റ്ലി പ്ലാൻ ചെയ്ത് ഒരുക്കിയ പ്രൊജക്റ്റാണ്. പൃഥ്വി തന്നെയായിരുന്നു അതിന്റെ ബ്രെയിൻ.

സംവിധായകൻ ദീപൻ ചേട്ടൻ ആയിരുവെങ്കിലും പൃഥ്വിയുടെ കുറച്ച് കണ്ടീഷൻസ് ഉണ്ടായിരുന്നു ആ ചിത്രത്തിന്. ഇന്ന ആള് സ്ക്രിപ്റ്റ്, ഇന്ന ആള് മ്യൂസിക്, ഇന്ന ആള് പാട്ടുകൾ അങ്ങനെ ഓരോ കാര്യത്തിലും പ്ലാനിങ് ഉണ്ടായിരുന്നു.

വ്യക്തിപ്പരമായി എനിക്ക് പൃഥ്വിയെ അറിയുകയേ ഇല്ലായിരുന്നു. പക്ഷെ എന്റെ പാട്ടുകൾ കേട്ട് പൃഥ്വി ഞാൻ മതി ഈ ചിത്രത്തില്ലെന്ന് പറയുകയായിരുന്നു. അപ്പോൾ ഒരാൾ സൂപ്പർ സ്റ്റാർ ആവാൻ വേണ്ടി ലോഞ്ചാവുകയാണെന്ന് എനിക്ക് മനസിലായി. പക്ഷെ ഈ ഫോർമുല ഫോളോ ചെയ്താൽ മാത്രമേ അത് നടക്കുകയുള്ളൂവായിരുന്നു.

ഈ ഫോർമുലയിൽ ഒരു മിസിങ് സംഭവം എന്താണെന്നാൽ എല്ലാ സൂപ്പർ സ്റ്റാറുകളും അവരുടെ സൗണ്ടിൽ പാട്ടുകൾ പാടിയിട്ടുണ്ട്. അത് ലാലേട്ടൻ ആണെങ്കിലും കമൽഹാസൻ സാർ ആണെങ്കിലും എല്ലാവരും. ഞാൻ നോക്കുമ്പോൾ പൃഥ്വിക്ക് പാടാനുള്ള കഴിവുമുണ്ട്. ഞാനത് അറിയുന്നത് കമ്പോസിങ് സമയത്താണ്.

ഇത്രയൊക്കെ പ്ലാനിങ്ങിലുള്ള സിനിമയിൽ ഇതുകൂടെയുണ്ടെങ്കിൽ നന്നാവില്ലേ എന്നെനിക്ക് തോന്നി. അത് പുള്ളിയുടെ പ്ലാനിൽ ഇല്ലാത്ത ഒരു സംഭവമായിരുന്നു. അത് പറഞ്ഞപ്പോൾ വേണോ എന്നാണ് എന്നോട് ചോദിച്ചത്. പിന്നെ പാടിയിട്ട് ഓക്കെയാവുകയാണെങ്കിൽ മാത്രം എടുക്കാമെന്നാണ് പൃഥ്വി പറഞ്ഞത്. പക്ഷെ എനിക്കുറപ്പായിരുന്നു അത് ക്ലിക്ക് ആവുമെന്ന്,’ദീപക് ദേവ് പറയുന്നു.

 

Content Highlight: Deepak Dev Talk About Puthiya Mugham Movie And Prithviraj