Advertisement
Entertainment
സുഷിനെ നന്നാക്കാന്‍ വേണ്ടി എന്റെയടുത്തേക്ക് അയച്ചു, ഇപ്പോള്‍ ഞാന്‍ അവന്റെയടുത്ത് നിന്ന് സകല കുരുത്തക്കേടും പഠിച്ചു: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 06, 06:48 am
Thursday, 6th June 2024, 12:18 pm

സുഷിന്‍ ശ്യാമുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംഗീതസംവിധായകന്‍ ദീപക് ദേവ്. താന്‍ ചെറുപ്പമായിരുന്നപ്പോള്‍ വിദ്യാസാഗറിന്റെ അടുത്ത് ട്രെയിനിങ്ങിന് പോയപ്പോള്‍ എന്തൊക്കെ കുരുത്തക്കേടുകളാണോ ചെയ്തത് അതിന്റെ ഇരട്ടിയാണ് സുഷിന്‍ തന്നോട് ചെയ്തതെന്ന് ദീപക് ദേവ് പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പറഞ്ഞത്.

നന്നാക്കാന്‍ വേണ്ടി ബോര്‍ഡിങ് സ്‌കൂളില്‍ കൊണ്ടാക്കുന്നത് പോലെയായിരുന്നു സുഷിന്റെ അമ്മ അവനെ തന്റെയടുത്ത് കൊണ്ടുവന്നതെന്നും, എന്നാല്‍ തന്നെ എല്ലാ ദുഃശീലവും പഠിപ്പിച്ചത് സുഷിനാണെന്നും ദീപക് ദേവ് പറഞ്ഞു. സുഷിന്‍ തന്നോട് കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ കര്‍മ എന്നൊരു സാധനം ഉണ്ടെന്ന് മനസിലായെന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.

‘സുഷിന്‍ എന്റെയടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ പണ്ട് വിദ്യാസാഗറിന്റെയടുത്തേക്ക് പോയപ്പോള്‍ ഉണ്ടായ കാര്യമാണ് എനിക്ക് ഒര്‍മ വന്നത്. ഞാന്‍ വിദ്യജീയുടെ അടുത്ത് എന്തൊക്കെ കുരുത്തക്കേട് കാണിച്ചിട്ടുണ്ടോ അതിന്റെ ഇരട്ടി സുഷിന്‍ എന്റെയടുത്ത് കാണിച്ചിട്ടുണ്ട്. കര്‍മയിലൊന്നും വിശ്വാസമില്ലാതിരുന്ന എനിക്ക് അതിലൊക്കെ വിശ്വാസം വന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് എനിക്ക് ആ സമയത്ത് മനസിലായി.

തലശേരിയില്‍ നിന്നാല്‍ മ്യൂസിക്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് അവന്റെ അമ്മക്ക് മനസിലായതുകൊണ്ടാണ് അവനെ നന്നാക്കാന്‍ എന്റെയടുത്തേക്ക് കൊണ്ടുവന്നത്. ഏതാണ്ട് ബോര്‍ഡിങ് സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നതുപോലെയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. അവനെ നന്നാക്കാന്‍ നോക്കിയിട്ട് അവന്റെ എല്ലാ ദുഃശീലങ്ങളും എനിക്ക് കിട്ടി എന്ന് പറയാം. ഞാന്‍ പണ്ട് കാണിച്ചതിന്റെ ഇരട്ടിയാണ് അവന്‍ എന്നോട് കാണിച്ചുകൊണ്ടിരുന്നത്,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev about the experience with Sushin Shyam