മാസ് വേണമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് അത്തരം പാട്ടുകള്‍: ദീപക് ദേവ്
Entertainment
മാസ് വേണമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് അത്തരം പാട്ടുകള്‍: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 5:55 pm

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2019ല്‍ റിലീസായ ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഒരുപാട് ലെയറുകളുള്ള തിരക്കഥയും മോഹന്‍ലാല്‍ എന്ന നടന്റെ അതിഗംഭീരപ്രകടനവും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അന്നേ അറിയിച്ചിരുന്നു. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്.

ലൂസിഫറില്‍ സംഗീതം ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ദീപക് ദേവ്. കരിയറില്‍ മാസ് എലമെന്റുകളുള്ള സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട് ആന്‍ഡ് ഔട്ട് മാസ് ആയിട്ടുള്ള സിനിമക്ക് സംഗീതം ചെയ്തത് ലൂസിഫറിലായിരുന്നെന്നും ദീപക് ദേവ് പറഞ്ഞു. കടവുളെ പോലെ എന്ന തമിഴ് പാട്ടും, റഫ്താരാ പോലുള്ള ഐറ്റം ഡാന്‍സ് പാട്ടും അതിന് മുമ്പ് താന്‍ ചെയ്തിട്ടില്ലായിരുന്നുവെന്ന് ദീപക് കൂട്ടിച്ചേര്‍ത്തു.

മാസ് പടമാണ് എന്ന് പൃഥ്വി പറഞ്ഞപ്പോള്‍ രജിനിയുടെയും വിജയ്‌യുടെയും പോലുള്ള സിനിമയാണെന്ന് താന്‍ ആദ്യം കരുതിയെന്നും എന്നാല്‍ പൃഥ്വിയുടെ വിഷന്‍ കുറച്ച് ഇന്റര്‍നാഷണല്‍ അപ്പീലുള്ള സംഗീതമായിരുന്നെന്നും ദീപക് ദേവ് പറഞ്ഞു. മാസ് സിനിമയിലെ പാട്ടുകള്‍ എപ്പോഴും ഡെപ്പാംകൂത്ത് ടൈപ്പാണെന്നുള്ള തന്റെ ധാരണ കടവുളെ പോലെ എന്ന പാട്ടിന്റെ ഡിസ്‌കഷന്‍ സമയത്ത് പൃഥ്വി മാറ്റിത്തന്നെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘പൃഥ്വി എന്നെ ലൂസിഫറിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞത്, ‘ചേട്ടാ ഇതൊരു മാസ് പടമാണ്, അങ്ങനെയുള്ള മ്യൂസിക്കാണ് വേണ്ടത്’ എന്നാണ് പറഞ്ഞത്. അതിന് മുമ്പ് മാസ് എലമെന്റുള്ള പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്ന രീതിയില്‍ ചെയ്തത് ലൂസിഫറിലൂടെയാണ്.

‘കടവുളെ പോലെ’ പോലുള്ള തമിഴ് പാട്ടും, റഫ്താരാ പോലുള്ള ഐറ്റം ഡാന്‍സുമൊന്നും ഞാന്‍ മുമ്പ് ചെയ്തിട്ടേയില്ലായിരുന്നു. ‘ഇതൊരു മാസ് സിനിമയാണ്, പക്ഷേ സ്ഥിരം മാസ് എലമെന്റുകളെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യുന്ന സിനിമയാണ്’ എന്നാണ് പൃഥ്വി പറഞ്ഞത്.

രജിനി, വിജയ് എന്നിവരുടെ മാസ് പടങ്ങള്‍ കണ്ട പരിചയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. കടവുളെ പോലെ എന്ന പാട്ടിന്റെ ഡിസ്‌കഷന്‍ സമയത്ത് മാസ് പാട്ട് വേണമെന്ന് പൃഥ്വി പറഞ്ഞു. മാസ് പാട്ട് എന്ന് പറഞ്ഞാല്‍ ഡെപ്പാംകൂത്ത് പാട്ട് എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ, പൃഥ്വിക്ക് എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതൊക്കെ കൊണ്ട് ആ സമയത്ത് എല്ലാം വളരെ എളുപ്പമായി,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev about Prithviraj Sukumaran and Lucifer movie