12 വർഷത്തിന് ശേഷം ഇതാദ്യം; മലിംഗക്ക് ശേഷം മോശം റെക്കോഡിൽ ചെന്നൈ സൂപ്പർ താരം
Cricket
12 വർഷത്തിന് ശേഷം ഇതാദ്യം; മലിംഗക്ക് ശേഷം മോശം റെക്കോഡിൽ ചെന്നൈ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd March 2024, 12:27 pm

2024 ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ജയത്തോടൊപ്പം ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ പേസര്‍ ദീപക് ചാഹര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഉദ്ഘാടന മത്സരത്തിലെ ആദ്യ പന്തില്‍ വൈഡ് എറിയുന്ന രണ്ടാമത്തെ ബൗളര്‍ ആയി മാറിയിരിക്കുകയാണ് ദീപക് ചാഹര്‍.

ഇതിനുമുമ്പ് ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ വൈഡ് ബോള്‍ എറിഞ്ഞത് ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ ആയിരുന്നു. 2012 ഐ.പി.എല്ലിലെ ഉല്‍ഘാടന മത്സരമായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ആയിരുന്നു ശ്രീലങ്കന്‍ ഇതിഹാസം വൈഡ് ബോള്‍ എറിഞ്ഞത്. റോയല്‍ ചലഞ്ചേഴ്സ് താരം ഫാഫ് ഡുപ്ലസിക്കെതിരെയാണ് മലിംഗ വൈഡ് എറിഞ്ഞത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

ബെംഗളൂരു ബാറ്റിങ്ങില്‍ അനുജ് റാവത്ത് 25 പന്തില്‍ 48 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 26 പന്തില്‍ 38 റണ്‍സും നേടി നിര്‍ണായകമാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

സൂപ്പര്‍ കിങ്സിനായി രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം ദൂബെ 28 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Deepak Chahar create a unwanted record in IPL