national news
പ്രതിഷേധം ഉണ്ടാവുമ്പോഴേക്കും 144 പ്രഖ്യാപിക്കുന്നത് തെറ്റായ നടപടി: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 02:41 am
Tuesday, 28th January 2025, 8:11 am

റാഞ്ചി: പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം സെക്ഷന് 144 പുറപ്പെടുവിക്കുന്ന നടപടി തെറ്റാണെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങളും പ്രകടനങ്ങളും തടയാനുള്ള കര്‍ഫ്യൂ പുറപ്പെടുവിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ സെക്ഷന്‍ 144 ദുരുപയോഗം ചെയ്യുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അഭയ് എസ്.ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജാര്‍ഖണ്ഡിലെ പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയതിന് നിഷികാന്ത് ദുബെ, അര്‍ജുന് മുണ്ട്, ബാബുലാല്‍ മാറാണ്ഡി അടക്കമുള്ള 28 ബി.ജെ.പി നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള സംസ്ഥാനത്തിന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പ്രതിഷേധം ഉണ്ടാകുമ്പോഴേക്കും 144 പുറപ്പെടുവിക്കുന്ന പ്രവണതയുണ്ടെന്നും ഇത് തെറ്റായ സൂചന നല്‍കുമെന്നും കോടതി വ്യക്തമാക്കി. ആരെങ്കിലും ഒരു പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അപ്പോഴേക്കും 144 പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യത എന്താണെന്നും ഇത് 144 ദുരുപയോഗം ചെയ്യലാണെന്നും കോടതി വാക്കാല്‍ പറഞ്ഞു.

പ്രതികള്‍ 144 ലംഘിച്ചുവെന്നും അക്രമമുണ്ടാക്കിയെന്നും കാണിച്ചാണ് സംസ്ഥാനം ഇവര്‍ക്കെതിരെ കേസെടുത്തത്. 144 പ്രഖ്യാപിച്ചിട്ടും ഇത് ലംഘിച്ചുവെന്നും പൊതു പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുന്ന തരത്തില്‍ അക്രമം അഴിച്ചുവിട്ടുവെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ തക്ക കാരണങ്ങളൊന്നും ഈ വിഷയത്തില്‍ ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടതിനും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതിനും നേരിട്ട് തെളിവുകളോ മറ്റ് ആരോപണങ്ങളോ ഇല്ലെന്ന് കാണിച്ചായിരുന്നു ഹൈക്കോടതി നേതാക്കള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നത്.

Content Highlight: Declaring 144 by the time there is a protest is a wrongful act: Supreme Court