ഷാരുഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം: ആനന്ദ് മഹീന്ദ്ര
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ റിലീസായിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.
ഷാരൂഖ് ഖാന്റെ മിന്നും പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു.
സിനിമക്ക് മികച്ച അഭിപ്രായങ്ങള്‍ വരുന്നതിനിടയില്‍ ഇപ്പോഴിതാ ജവാനെ പുകഴ്ത്തി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നത്.
‘എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാന്‍ കയറ്റുമതി നടത്തുകയും ചെയ്യുന്നു. ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു,’ആനന്ദ് മഹീന്ദ്ര പറയുന്നു.
ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന ജവാന്‍ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്‌സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്.
അതേ സമയം വിദേശ രാജ്യങ്ങളില്‍ അടക്കം വലിയതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ബോക്‌സോഫീസ് ബുക്കിങില്‍ ജവാന്‍ ഒന്നാം റാങ്കില്‍ എത്തി. ജര്‍മ്മനിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
129.6 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.
ഹിന്ദി സിനിമകളുടെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന ഗ്രോസ് ആണ് ഇത്. പത്താന്റെ 106 കോടി എന്ന റെക്കോഡ് ആണ് ഷാരൂഖിന്റെ തന്നെ മറ്റൊരു ചിത്രം മറികടന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിളും തമിഴ്നാട്ടിലും വിതരണത്തിനെത്തിച്ചത്.
തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളാണ് തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്തിട്ടുള്ളത്.
ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റെക്കോഡാണ്.
വലിയ താരനിരയില്‍ ഒരുങ്ങിയ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
Content Highlight: Declare Shah Rukh Khan as natural resource says Anand Mahindra