ഫസല്‍ ഗഫൂറിന് വധഭീഷണി: സന്ദേശമെത്തിയത് ഗള്‍ഫില്‍ നിന്ന്
niqabban
ഫസല്‍ ഗഫൂറിന് വധഭീഷണി: സന്ദേശമെത്തിയത് ഗള്‍ഫില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 11:47 am

കോഴിക്കോട്: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഫസല്‍ ഗഫൂര്‍ ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഗള്‍ഫില്‍ നിന്ന് ഒരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ജീവന്‍ അപായത്തിലാകുമെന്നാണ് മുന്നറിയിപ്പ്. സന്ദേശം വന്ന നമ്പറും കോള്‍ റെക്കോര്‍ഡ് വിശദാംശങ്ങളും ഉള്‍പ്പെടെയാണ് ഫസല്‍ ഗഫൂര്‍ പരാതി നല്‍കിയത്.

പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടി മറ്റൊരു പരാതിയും ഫസല്‍ ഗഫൂര്‍ നല്‍കിയിട്ടുണ്ട്.

മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലര്‍ വന്നതിനു പിന്നാലെ ഫസല്‍ ഗഫൂറിനുനേരെ വിവിധ കോണുകളില്‍ നിന്ന് ഭീഷണിയുയര്‍ന്നിരുന്നു. കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്‌ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്‌ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സര്‍ക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇ.കെ സമസ്ത പറഞ്ഞത്. ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞിരുന്നു.

അതേസമയം, സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സ്വീകരിച്ചത്. കേരള നദ് വത്തുല്‍ മുജാഹിദും സര്‍ക്കുലറിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.