ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം മാത്രം തൂക്കിലേറ്റിയത് 901 പേരെ
World News
ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം മാത്രം തൂക്കിലേറ്റിയത് 901 പേരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2025, 9:14 am

ജനീവ: ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിച്ച് വരുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 31 സ്ത്രീകള്‍ ഉള്‍പ്പെടെ 901 പേരെ ഇറാന്‍ തൂക്കിലേറ്റി. 2024 ഡിസംബറിലെ ആദ്യ ആഴ്ച്ചയില്‍ മാത്രം 40 പേരെ ഇറാന്‍ തൂക്കിലേറ്റിയതായി യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരി മരുന്ന് കടത്തല്‍, കൊലപാതകം, ലൈംഗിക പീഡനം എന്നീ കേസുകളിലെ പ്രതികളെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയവരില്‍ 2022ല്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ചവരും വിമത നേതാക്കളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.

ഇറാനില്‍ ഓരോ വര്‍ഷവും വധശിക്ഷയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് യു.എന്‍ റൈറ്റ്‌സ് അധ്യക്ഷന്‍ വോള്‍കര്‍ തുര്‍ക്ക് പറഞ്ഞു.

2022ന് മുമ്പ് 2015ലാണ് ഇറാനില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്, 972 പേരെ. 2023ല്‍ 853 പേരും തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തൂക്കിലേറ്റപ്പെട്ടത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്.

ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരാവുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തേണ്ടി വന്ന സ്ത്രീയും വധശിക്ഷയ്ക്ക് വിധേയമായാതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ മിക്കവരും ഗാര്‍ഹിക പീഡനം, ബലാത്സംഗം എന്നിവ പ്രതിരോധിക്കുമ്പോഴുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷയ്ക്ക് വിധേയരായത്.

ചൈന കഴിഞ്ഞാല്‍ ലോകത്ത് പ്രതിവര്‍ഷം ഏറ്റവുമധികം ആളുകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍ ചൈനയില്‍ നിന്നുള്ള യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല.

Content Highlight: Death penalty increased in Iran; 901 were hanged last year