കുട്ടികളുടെ ആത്മഹത്യ ഗുരുതരമായ സാമൂഹിക പ്രശ്നം: പൊതുതാത്പര്യ ഹരജിയിൽ കേന്ദ്രത്തോട് മറുപടി തേടി സുപ്രീം കോടതി
NATIONALNEWS
കുട്ടികളുടെ ആത്മഹത്യ ഗുരുതരമായ സാമൂഹിക പ്രശ്നം: പൊതുതാത്പര്യ ഹരജിയിൽ കേന്ദ്രത്തോട് മറുപടി തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 9:23 am

ന്യൂദൽഹി: കൗമാരക്കാരിൽ വർധിച്ച് വരുന്ന ആത്മഹത്യകൾ വളരെ ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് തടയുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും ഭാവിയിൽ സ്വീകരിക്കാനിരിക്കുന്ന നടപടികളെക്കുറിച്ചും അറിയിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

‘കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് വളരെ ഗുരുതരമായ സാമൂഹിക പ്രശ്നമാണ്. കേന്ദ്രവും ബന്ധപ്പെട്ട അധികാരികളും അതിനെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണ് ,’ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ. ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പറഞ്ഞു.

 

തലസ്ഥാനത്ത് കൗമാരക്കാർ ആത്മഹത്യ ചെയ്യുന്ന വിഷയം ഉയർത്തിക്കാട്ടി അഭിഭാഷകനായ ഗൗരവ് കുമാർ ബൻസാൽ സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ദൽഹി പോലീസ് നൽകിയ വിവരാവകാശ നിയമപ്രകാരം 2014നും 2018നും ഇടയിൽ 18 വയസ്സിന് താഴെയുള്ള 400-ലധികം വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്ന് ബൻസാൽ തൻ്റെ ഹരജിയിൽ പറഞ്ഞു.

 

ആത്മഹത്യ ചിന്തകളുള്ള വ്യക്തികൾക്ക് അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോൾ സെൻ്ററുകൾ അല്ലെങ്കിൽ ഹെൽപ്‌ ലൈനുകൾ വഴി സഹായവും പിന്തുണയും ഉപദേശവും നൽകുന്നതിനുള്ള ഒരു പദ്ധതി ആരംഭിക്കണമെന്ന് ബൻസാൽ പറഞ്ഞു.

‘ദേശീയ തലത്തിലുള്ള കോൾ സെൻ്ററുകൾ അല്ലെങ്കിൽ ഹെൽപ്‌ലൈനുകൾ വഴി ആത്മഹത്യാ ചിന്തകളുള്ള ആളുകൾക്ക് കേന്ദ്രം സഹായവും പിന്തുണയും ഉപദേശവും നൽകണം,’ ബൻസാൽ തന്റെ ഹരജിയിൽ പറഞ്ഞു.

 

ബോധവൽക്കരണത്തിൻ്റെയും കൗൺസിലിങ്ങിന്റെയും  ആവശ്യകത അദ്ദേഹം ഹരജിയിൽ എടുത്ത് പറഞ്ഞു. ഒപ്പം സ്‌കൂളുകളിലും കോളേജുകളിലും മികച്ച കൺസൾട്ടേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും ഗുരുതരമായ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന അധികാരികളും സ്‌കൂളുകളും തമ്മിൽ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ സെക്ഷൻ 29, സെക്ഷൻ 115 എന്നിവ പ്രകാരം, കൗൺസിലിങും ചികിത്സയും ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരോഗ്യം ഒരു സംസ്ഥാന വിഷയമായതിനാൽ, അതത് മേഖലയിലെ ആത്മഹത്യകൾ കുറയ്ക്കാനും തടയാനും കഴിയുന്ന പൊതുജനാരോഗ്യ പരിപാടികൾ ആസൂത്രണം ചെയ്യുകയും രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കടമയാണ്, ഹരജിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും ഹരജിക്കാരൻ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിൽ സംസ്ഥാനങ്ങളും കേന്ദ്രവും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

 

Content Highlight: death of children very serious social issue’: SC seeks Centre’s reply on PLI