ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ അംഗങ്ങളുടെ തമ്മിലടി; വീഡിയോ പുറത്തുവിട്ട് ഗംഭീര്‍; കൈയേറ്റം ചെയ്യപ്പെട്ടവരില്‍ എം.എല്‍.എയും- വീഡിയോ
Cricket
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ അംഗങ്ങളുടെ തമ്മിലടി; വീഡിയോ പുറത്തുവിട്ട് ഗംഭീര്‍; കൈയേറ്റം ചെയ്യപ്പെട്ടവരില്‍ എം.എല്‍.എയും- വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th December 2019, 8:10 am

ന്യൂദല്‍ഹി: ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) യോഗത്തിനിടെ ഭാരവാഹികള്‍ തമ്മിലടിക്കുന്ന വീഡിയോ പുറത്ത്. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിലാണു ഭാരവാഹികള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ പുറത്തുവിട്ടത്.

അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടും സെക്രട്ടറി ജയ് ഷായോടും ഗംഭീര്‍ ആവശ്യപ്പെട്ടു. തമ്മിലടിച്ചവരെ എല്ലാം ആജീവനാന്തകാലം വിലക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ഡി.ഡി.സി.എ അംഗം കൂടിയായ ബി.ജെ.പി എം.എല്‍.എ ഓം പ്രകാശ് ശര്‍മയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിനു നേര്‍ക്കും കൈയേറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടെയുണ്ടായിരുന്ന ഹാജര്‍ പുസ്തകവും നശിപ്പിക്കപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

43 സെക്കന്റുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആദ്യം ഒരാള്‍ മറ്റൊരാളെ കൈചുരുട്ടി ഇടിക്കുന്നതും പിന്നീട് കൂടുതലാളുകള്‍ അതില്‍ ഇടപെടുന്നതും അന്തരീക്ഷം സംഘര്‍ഭരിതമാകുന്നതുമാണ് വീഡിയോയിലുള്ളത്.

അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രാജന്‍ മാഞ്ചന്തയാണ് ഇതിനു തുടക്കമിട്ടതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തത്. യോഗത്തിലെ പ്രമേയം പാസ്സാക്കാന്‍ അംഗങ്ങള്‍ വിസ്സമതിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വേദി വിട്ടിറങ്ങി വന്ന അദ്ദേഹത്തെ മറുപക്ഷത്തെ മഖ്‌സൂദ് അലം തല്ലിയതാണു സ്ഥിതി വഷളാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനറല്‍ സെക്രട്ടറി വിനോദ് തിഹാരയുടെ അനുയായികളാണു സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം യോഗത്തിനു ശേഷം അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഡി.ഡി.സി.എ ട്വീറ്റും ചെയ്തിട്ടുണ്ട്. അംഗങ്ങള്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയതായും ട്വീറ്റില്‍ പറയുന്നു.