പാകിസ്ഥാനെ തകര്‍ത്തവന്‍; ധോണിയുടെ 14 കോടിയുടെ പൊന്നും വിലയുള്ള താരം
Cricket
പാകിസ്ഥാനെ തകര്‍ത്തവന്‍; ധോണിയുടെ 14 കോടിയുടെ പൊന്നും വിലയുള്ള താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th January 2024, 8:36 pm

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ കിവീസ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി ഡാറില്‍ മിച്ചല്‍ മികച്ച പ്രകടനമാണ് നടത്തിയത്. 44 പന്തില്‍ പുറത്താവാതെ 72 റണ്‍സ് നേടികൊണ്ടായിരുന്നു മിച്ചല്‍ ന്യൂസിലാന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഏഴ് ഫോറുകളുടെയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

ഈ പ്രകടനത്തിന് പിന്നാലെ താരം പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഈ പരമ്പരയില്‍ താരം സ്വന്തമാക്കുന്ന രണ്ടാം പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണിത്.

ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 63 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു തകര്‍പ്പന്‍ പ്രകടനം.

കിവീസ് ബൗളിങ് നിരയില്‍ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഡാറില്‍ മിച്ചല്‍ 72 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 70 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ കിവീസ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 4-0ത്തിന് മുന്നിലാണ് കിവീസ്. ജനുവരി 21നാണ് പരമ്പരയിലെ അവസാന മത്സരം. ഹാഗ്ലി ഓവല്‍ ആണ് വേദി.

Conntent Highlight: Daryl Mitchell great innings and New zealand won.