അഭിമാനം, അവനുണ്ടായിരുന്നെങ്കില്‍ സന്തോഷമായേനേ; പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ച ഡാനിഷ് സിദ്ദിഖിയുടെ പിതാവ്
national news
അഭിമാനം, അവനുണ്ടായിരുന്നെങ്കില്‍ സന്തോഷമായേനേ; പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ച ഡാനിഷ് സിദ്ദിഖിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 7:30 pm

ന്യൂദല്‍ഹി: മകന് വീണ്ടും പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് അക്തര്‍ സിദ്ദിഖി. അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ സമയത്ത് കുടുംബം ഡാനിഷ് സിദ്ദിഖിയെ മിസ് ചെയ്യുന്നുണ്ടെന്നും അക്തര്‍ സിദ്ദിഖി പറഞ്ഞു. രാവിലെ മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ ബഹുമാനപൂര്‍വം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു സമ്മിശ്ര വികാരമാണ്. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അവാര്‍ഡില്‍ സന്തോഷിക്കുമായിരുന്നു.
അര്‍പ്പണമനോഭാവം, കഠിനാധ്വാനം, മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയും അവന്‍ ഞങ്ങളുടെ കുടുംബത്തിനും പത്രപ്രവര്‍ത്തക സമൂഹത്തിന് അഭിമാനമായി,’ അക്തര്‍ സിദ്ദിഖി പി.ടി.ഐയോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ദുരിത ചിത്രം ലോകത്തിന് കാണിച്ചുകൊടുത്തതിനാണ് ഡാനിഷിന് പുരസ്‌കാരം ലഭിച്ചത്. രണ്ടാം കൊവിഡ് തരംഗത്തില്‍ മരണമടഞ്ഞവരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ഡാനിഷിന്റെ ചിത്രം ലോക മനഃസാക്ഷിയെ മുഴുവന്‍ വേദനിപ്പിച്ച ചിത്രമായിരുന്നു. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്‌കാരം.

ഡാനിഷ് സിദ്ദിഖിക്കി പുറമെ കശ്മീരില്‍ നിന്നുള്ള സന്ന ഇര്‍ഷാദ് മട്ടു, അദ്നാന്‍ ആബിദി, അമിത് ദവൈ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡാനിഷിന് മരണാനന്തര ബഹുമതിയായാണ് പുലിറ്റ്സര്‍ പുരസ്‌കാരം നല്‍കുന്നത്. ഇത് രണ്ടാംതവണയാണ് ഡാനിഷിന് പുലിറ്റ്സര്‍ ലഭിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം ലോകത്തിന് മുന്നിലെത്തിച്ചതിന് 2018ലാണ് ഡാനിഷിന് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഫ്ഗാനിസ്ഥാനിലെ താബിബാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.