Kerala
പിണറായി എം.വി.ആറിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 08, 09:00 am
Wednesday, 8th May 2013, 2:30 pm

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എം.വി. രാഘവനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. []

രാഘവന്റെ വീട്ടിലേക്കുള്ള പിണറായിയുടെ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സമ്മേളനം വിലയിരുത്തി. കൂത്തുപറമ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിക്കുകയും പുഷ്പന്‍ എന്ന പ്രവര്‍ത്തകന്‍ ജീവഛവമാക്കി മാറുകയും ചെയ്തതിന്റെ കാരണക്കാരനായ എം.വി.ആറിനെ പിണറായി യാതൊരു കാരണവശാലും സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നു.

രാഘവനോടുള്ള ഡി.വൈ.എഫ്.ഐയുടെ നിലപാടില്‍ ഒരിക്കലും മാറ്റമുണ്ടാകരുതെന്നും സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിനോട് ഭിന്നത പ്രകടിപ്പിച്ചു കഴിയുന്ന സി.എം.പിയോടു സി.പി.ഐ.എം കാട്ടുന്ന മുദുസമീപനം ശരിയല്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഒരു കാലത്ത് സി.പി.ഐ.എം മുഖ്യശത്രുവായി മുദ്രകുത്തിയ എം.വി. രാഘവനെ എന്തിനാണ് മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമായ മറുപടി പറയണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ജനകീയ പ്രശനങ്ങളില്‍ ഇടപെടാതെ നില്‍ക്കുന്നത് സംഘടനയുടെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്നും ഇതു പരിഹരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.