national news
കശ്മീര്‍ സന്ദര്‍ശനം: ലീഗിന്റെയും മായാവതിയുടെയും വിമര്‍ശനം അര്‍ഥശൂന്യം; അംബേദ്കര്‍ 370ആം വകുപ്പിനെ എതിര്‍ത്തെന്ന് പറയുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും ഡി.രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 29, 01:18 pm
Thursday, 29th August 2019, 6:48 pm

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള മുസ്‌ലിം ലീഗിന്റെയും മായാവതിയുടെയും വിമര്‍ശനം അര്‍ഥശൂന്യമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ജനാധിപത്യപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ സംഘടനകള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയതെന്നും രാജ പറഞ്ഞു.

പ്രതിപക്ഷ സംഘടനകളുടെ കശ്മീര്‍ സന്ദര്‍ശനത്തെ കുറിച്ച് മായാവതിയും മുസ്ലിം ലീഗും നടത്തുന്ന കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ദല്‍ഹിയിലും പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഡി.രാജ വ്യക്തമാക്കി.

ഡി.എം.കെയാണ് ഈ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അതില്‍ പങ്കെടുക്കാതിരുന്നവര്‍ അവരുടെ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടതെന്നും രാജ പറഞ്ഞു.

അംബേദ്കര്‍ 370ആം വകുപ്പിനെ എതിര്‍ത്തുവെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജരാക്കണമെന്നും രാജ പറഞ്ഞു.

‘കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ഇനിയും തുറന്നുകാട്ടും. ജനങ്ങളെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കാതെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇന്ത്യക്കും പാക്കിസ്താനുമിടയിലെ തര്‍ക്കമാണ് ഇതെന്ന് പറയുന്ന മോദി തന്നെയാണ് മാധ്യസ്ഥത്തിന് അമേരിക്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുകയും പ്രശ്നത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്തതെന്നും’ ഡി. രാജ കുറ്റപ്പെടുത്തി.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡി. രാജ ഉള്‍പ്പെടെ 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. എന്നാല്‍, ഇവരെ കശ്മീരില്‍ പ്രവേശിക്കാന്‍ സമ്മതിക്കാതെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് ദല്‍ഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ പ്രതികരിച്ചിരുന്നു. നേതാക്കളെ തടയുമെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.