ആഴ്ചയില്‍ ഒന്നെന്ന കണക്കിന് ഫഹദ് സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ എന്തിനാണിയാള്‍ ഇങ്ങനെ വാരിവലിച്ച് അഭിനയിക്കുന്നത് എന്ന് തോന്നിപ്പോകും. കുറച്ചുകൂടി സെലക്ടീവ് ആയിക്കൂടേ എന്നും സന്ദേഹിക്കും. അതിനെല്ലാമുള്ള മറുപടിയാണ് ഓരോ ഫഹദ് സിനിമകളും.
മാറ്റിനി / കെ.കെ രാഗിണി
[]ഓണത്തിന്റെ അവധിക്ക് നാട്ടിലേക്ക് കയറിയ വണ്ടി വൈറ്റില ബ്‌ളോക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വലതുവശത്തെ കെട്ടിടത്തിന് മുകളിലെ കൂറ്റന്‍ ഹോര്‍ഡിംഗില്‍ അനൂപ് മേനോനെയും സംഘത്തെയും കണ്ടു. ഡി കമ്പനി എന്ന സിനിമയുടെ വമ്പന്‍ പരസ്യത്തില്‍ വലിയൊരു താരനിര.
ഫഹദ് ഫാസില്‍, ജയസൂര്യ, ആസിഫലി, ഉണ്ണി മുകുന്ദന്‍, സമുദ്രക്കനി, അനന്യ, ഭാമ, തനുശ്രീ ഘോഷ് തുടങ്ങിയവര്‍ സിഗ്‌നല്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ പോലെ ഫ്‌ളക്‌സില്‍ നീണ്ടു കിടക്കുന്നു.
മൊബൈലിന് റേഞ്ച്‌പോലുമില്ലാത്ത എന്റെ സ്വന്തം നാട്ടില്‍ മുമ്പൊരു ടാക്കീസ് ഉണ്ടായിരുന്നു. എല്ലാ ഓണത്തിനും അവിടെ “പുത്തന്‍പടം” (റിലീസ് ചെയ്ത് ആറ് മാസമൊക്കെ പഴകിയ പുതിയപടം) റിലീസ് ആവും. ആ തിയറ്റര്‍ ഇന്നില്ല. അവശിഷ്ടം പോലൂം ബാക്കിയാവാതെ മറയുന്ന നൂറുകണക്കിന് തിയറ്ററുകളുടെ ചരമക്കോളത്തില്‍ ആ തിയറ്ററും പെട്ടുപോയി.
ഓണക്കാലങ്ങളില്‍ ഞങ്ങള്‍ ഉടുത്തൊരുങ്ങി പോയിരുന്നപ്പോഴത്തെ അനുഭൂതി ഒബ്‌റോണ്‍ മാളിലെയു ലുലു മാളിലെയും മള്‍ട്ടിപ്‌ളക്‌സിന് തരാന്‍ കഴിയുന്നില്ല. തിരുവോണം കഴിഞ്ഞ് മടങ്ങിവന്ന ഉടനെ “ഡി കമ്പനി” കാണാനുള്ള തീരുമാനത്തിന് പിന്നില്‍ “ക്‌ളീറ്റസ്” ഏല്‍പ്പിച്ച ആഘാതവും വായനക്കാര്‍ തന്ന തെറിയഭിഷേകവും ഉണ്ടായിരുന്നു.
ത്രീ ഇന്‍ വണ്‍ ഓഫര്‍
ഓണക്കാലം സത്യത്തില്‍ ഓഫര്‍ കാലമാണ്. എന്തെങ്കിലും ഒന്നു വാങ്ങിയാല്‍ എന്തെങ്കിലും ഒന്ന് ഫ്രീയില്ലാതെ മടങ്ങാന്‍ കഴിയില്ല. സിനിമയുടെ കാര്യത്തിലും ഇക്കുറി അതാണ് സംഭവിച്ചത്. ഒരു സിനിമയുടെ കാശിന് മൂന്ന് സിനിമ കാണാന്‍ കഴിയുന്ന ഓഫറാണ് “ഡി കമ്പനി” പ്രേക്ഷകര്‍ക്ക് തരുന്നത്.
ഉള്ള വിലയെക്കാള്‍ 25 ശതമാനം കൂട്ടി, അതില്‍ നിന്ന് 10 ശതമാനം കുറച്ചുവില്‍ക്കുന്നതാണല്ലോ ഉത്സവ കാലങ്ങളിലെ ഈ ഓഫര്‍ വ്യാപാരം. നമ്മള്‍ മണ്ടന്മാര്‍ 10 ശതമാനത്തിന്റെ കുറവ് മോഹിച്ച് അഞ്ച് ശതമാനം അധികം കൊടുത്ത് സാധനം വാങ്ങി പോകും.
ഏതാണ്ട് അതുപോലെ ഒരേര്‍പ്പാടാണ് “ഡി കമ്പനി” ഈ ഓണക്കാലത്ത് പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നത്. മള്‍ട്ടിഫ്‌ളക്‌സിലെ ഒടുക്കത്തെ ടിക്കറ്റ് ചാര്‍ജ് കൊടുക്കേണ്ടിവരുമ്പോള്‍ ഒന്ന് വെച്ചാല്‍ മൂന്ന് കിട്ടുമെന്നത് കേള്‍ക്കാന്‍ ഒരു പൊടി സുഖമുള്ള ഏര്‍പ്പാടാണ്.
ഒന്നിലേറെ സംവിധായകര്‍ ചേര്‍ന്ന് സിനിമ എടുക്കുന്നത് മലയാളത്തില്‍ ഇപ്പോള്‍ ഒരു പുതുമ അല്ല. “കേരള കഫേ” ആണ് ഈ പ്രസ്ഥാനത്തിലെ പ്രഥമ സംരംഭം എന്നു വേണമെങ്കില്‍ പറയാം.
സത്യത്തില്‍, ഒളിവര്‍ അസായസ്, ഗുരീന്ദര്‍ ഛദ്ദ, അലക്‌സാണ്ടര്‍ പൈന്‍, വാള്‍ട്ടള്‍ സാലസ്, ടോം ടൈക്വെര്‍ തുടങ്ങിയ 22 സംവിധായകര്‍ ചേര്‍ന്ന് 2006ല്‍ ഒരുക്കിയ “പാരീസ് ഐ ലൗ” എന്ന സിനിമയുടെ ഡി.വി.ഡി 2009ല്‍ കണ്ട രഞ്ജിത്തിന്റെ ഉത്സാഹത്തിലാണ് മലയാളത്തില്‍ സിനിമകളുടെ കൂട്ട് കൃഷി ആരംഭിക്കുന്നത്.
കേരള കഫേയില്‍ 10 സംവിധായകര്‍ ആയിരുന്നു അണിനിരന്നത്. പത്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഷാജി കൈലാസ്, ഉദയ് അനന്തന്‍, അഞ്ജലി മേനോന്‍, ബി. ഉണ്ണികൃഷ്ണന്‍, ശ്യമാപ്രസാദ്, അന്‍വര്‍ റഷീദ്, രേവതി, ലാല്‍ ജോസ് എന്നിവരായിരുന്നു ആ കൂട്ടുകെട്ടില്‍.
മലയാള സിനിമയുടെ പുഞ്ചപ്പാടത്ത് കഴിഞ്ഞ ജൂണിലെ തോരാമഴയില്‍ മറ്റൊരു കൂട്ടുകൃഷി കൂടി വിതയിറക്കി. അഞ്ച് സംവിധായകര്‍ ചേര്‍ന്നിറക്കിയ “അഞ്ചു സുന്ദരികള്‍”. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആശിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നീ മഹാരാജാസ് സുഹൃത്തുക്കളുടെ സംരംഭം.
ഇതാ അഞ്ച് മൂന്നായി ചുരുങ്ങിയിരിക്കുന്നു. പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് ഡി കമ്പനിയിലെ കൂട്ടുകെട്ട്.
ആദ്യ കൂട്ടുകെട്ട്
ഒന്നിലേറെ സംവിധായകര്‍ ചേര്‍ന്ന് സിനിമ ഒരുക്കുന്നതിന്റെ ചരിത്രം മലയാളത്തില്‍ 1954ല്‍ ആരംഭിക്കുന്നു. രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ ആദ്യമായി മലയാളത്തിന് ലഭിച്ച “നീലക്കുയില്‍” അത്തരമൊരു സംരംഭമായിരുന്നു. രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്ന കൂട്ടുകെട്ടിലാണ് ഈ സിനിമ ജനിക്കുന്നത്.
പിന്നീട് നിരവധി പേര്‍ ചേര്‍ന്ന് സിനിമ ഒരുക്കിയിട്ടുണ്ട്്. റാംജി റാവു സ്പീക്കിംഗില്‍ തുടങ്ങി കാബൂളിവാല വരെ സിദ്ദീഖ്‌ലാല്‍ മലയാള സിനിമയിലെ ഒറ്റ പേരായിരുന്നൂ. ഒട്ടേറെ സംവിധായകര്‍ വേര്‍തിരിച്ചുപറയാനാവാത്ത വിധം ഇങ്ങനെ കൂട്ടുസിനിമക്കാരായി.
അഞ്ച് സംവിധാകയര്‍ ചേര്‍ന്ന സിനിമ എന്ന പുതുമയ്ക്ക് മലയാളത്തില്‍ തുടക്കമിട്ടത് ഫാസിലാണ്. മണിച്ചിത്രത്താഴില്‍ പ്രിയദര്‍ശനും സിബി മലയിലും സിദ്ദീഖ് ലാലും കൂട്ടുചേര്‍ന്നിരുന്നു.
“”ഒരു നഗരത്തില്‍ ഒരു അനീതിയുണ്ടായാല്‍ വൈകുന്നതിനുള്ളില്‍ ആ നഗരത്തില്‍ ഒരു കലാപം ഉണ്ടാകണം. ഇല്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവട്ടെ…”” എന്ന ബെര്‍തോള്‍ഡ് ബ്രഹ്തിന്റെ വിഖ്യാതമായ വാചകത്തോടെ ആരംഭിക്കുന്ന ഈ സിനിമയിലൂടെ ആദിവാസിക്കൊപ്പം നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോള്‍ തന്നെ പോലീസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡബിള്‍ ഏജന്റിന്റെ റോള്‍ ഭംഗിയായി പത്മകുമാറും തിരക്കഥ തയാറാക്കിയ ജി.എസ്. അനിലും നിര്‍വഹിച്ചിട്ടുണ്ട്.
മുംബൈ ആകുന്നതിന് മുമ്പുള്ള ബോംബേ അധോലോകത്തെ രാജാവായിരുന്ന ദാവൂദ് ഇബ്രാഹിമിനെയും സംഘത്തെയുമാണ് ഡി കമ്പനി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇതിനെ ആധാരമാക്കി ഹിന്ദിയില്‍ പല പല സിനിമകള്‍ ഇറങ്ങിയിട്ടുമുണ്ട്.
ഡി കമ്പനി എന്ന് സിനിമയ്ക്ക് പേരിടുമ്പോള്‍ അത്തരം എന്തോ കാര്യമായിരിക്കുമെന്ന് നമ്മളും വെറുതേ അങ്ങ് കരുതും.
ഡി എന്ന ഒറ്റ അക്ഷരത്തില്‍ ബന്ധിപ്പിക്കുന്നത് മൂന്ന് സംവിധായകരുടെ പേരില്‍ അവിടവിടെയായി ചിതറി കിടക്കുന്ന “ഡി” കള്‍ ആണ്. paDmakumar, Diphan, vinoD vijayan എന്നീ പേരുകളിലെ D. ദീപനില്‍ മാത്രമേ പ്രത്യക്ഷത്തില്‍ ഡി കാണാന്‍ പറ്റൂ.
പ്രിഥ്വിരാജിനെ നായകനാക്കിയ “പുതിയമുഖം” എന്ന സിനിമയുടെ ആവറേജ് വിജയത്തില്‍ മതി മറന്ന് രണ്ടാമത്തെ ചിത്രമായ “ഹീറോ”യുടെ പോസ്റ്ററില്‍ ലെജന്‍ഡറി ഡയറക്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ച വിദ്വാനാണ് ദീപന്‍. മാത്രമല്ല, സ്വന്തം പേരിന്റെ ന്യൂമറോളജി ശരിയാക്കി തലവിധി മാറ്റിയ (Deepan എന്നതിനെ Diphan എന്നാക്കി) കക്ഷിയുമാണ്.
ഈ കാര്യത്തില്‍ ജോഷിയാണ് ഗുരു. (Joshy എന്നതിനെ ന്യുമറോളജി പ്രകാരം രാശി ശരിയാക്കാന്‍ Joshey എന്നാക്കി ചരിത്രം തിരുത്തിക്കുറിച്ചു).
ഒരു ബൊളീവിയന്‍ ഡയറി 1995, ഗ്യാംഗ്‌സ് ഓഫ് വടക്കും നാഥന്‍, ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്നിങ്ങനെ മൂന്ന് സിനിമകളാണ് ഈ കമ്പനിയുടെ പാക്കിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാക്രമം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധായകര്‍.
ഒരു ബൊളീവിയന്‍ ഭീകര വാഴ്ച
സിനിമ: ഒരു ബൊളീവിയന്‍ ഡയറി 1995
സംവിധാനം: എം. പത്മകുമാര്‍
നിര്‍മാണം: സെവന്‍ ആര്‍ട്‌സ് മോഹന്‍
തിരക്കഥ: ജി.എസ് അനില്‍
വിതരണം: ഹാപ്പി റൂബി റിലീസ്, ഡി കട്ട്‌സ് ഫിലിം കമ്പനി
സംഗീതം: രതീഷ് വേഗ
അഭിനേതാക്കള്‍: സമുദ്രക്കനി, ആസിഫ് അലി, അനന്യ
കുറച്ചുകാലമായി സിനിമയില്‍ ഭീകരവാഴ്ചയാണ്. സിനിമ കണ്ടിറങ്ങുമ്പോഴുള്ള അനുഭവത്തെക്കുറിച്ചല്ല; സിനിമയുടെ പ്രമേയംതന്നെ നല്ല ലക്ഷണമൊത്ത ഭീകരന്മാരെക്കുറിച്ചാണ്. ഏതാണ്ട് ട്രൂ ലൈസിന്റെ കാലം മുതല്‍ ഹോളിവുഡ് തുടങ്ങിവെച്ച ഈ ഭീകരവേട്ട ഇങ്ങ് മലയാളത്തിലും പല കോലത്തില്‍ അരങ്ങേറിയിട്ടുണ്ട്. സത്യമേവ ജയതേയും ബാബാകല്ല്യാണിയും അന്‍വറുമൊക്കെ ഭീകരന്മാരെ കുറിച്ചായിരുന്നുവല്ലോ പറഞ്ഞത്.
വില്ലന്‍ കഥാപാത്രങ്ങള്‍ മുസ്‌ലിങ്ങളാണെങ്കില്‍ സംശയിക്കേണ്ട അവരെ ഭീകരന്മാര്‍ എന്നുതന്നെ വിളിക്കാം. കോടാനുകോടി രൂപ മുടിച്ച് ഉലകനായകന്‍ കമലാഹാസന്‍ നേരിട്ട് ഹാജരായി സംവിധാനം ചെയ്ത “വിശ്വരൂപം” പോലും നേരത്തേ പറഞ്ഞ ഫോര്‍മുലയുടെ നേര്‍രൂപമായിരുന്നു.
ഇനി മുസ്‌ലിം അല്ലാത്ത വില്ലന്മാരെ എപ്രകാരം പരിചയപ്പെടുത്താം എന്നതിന്റെ ഒറ്റമുലിയാണ് മാവോയിസ്റ്റ്. 1994ല്‍ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ “ദ്രോഹ്കാല്‍” എന്ന സിനിമയുടെ തമിഴ് പതിപ്പായ “കുരുതിപ്പുനലില്‍” അപ്പടി നക്‌സലുകളാണ്.
ഒരു കാലത്ത് മലയാള സിനിമയിലെ സമാന്തര സിനിമക്കാര്‍ ഇതിവൃത്തങ്ങള്‍ കണ്ടത്തെിയ അക്ഷയഖനിയായിരുന്നു നക്‌സല്‍ കഥകള്‍. പി.എ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ മുതല്‍ തലപ്പാവില്‍ വരെ ഈ നൊസ്റ്റാള്‍ജിയ ആഘോഷിച്ചിട്ടുണ്ട്. അതിനിടയില്‍ എത്രയോ നക്‌സല്‍ സിനിമകള്‍.
ഡി കമ്പനിയിലെ പത്മകുമാറും മുമ്പൊരു നക്‌സല്‍ സിനിമ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍. ആ ചിത്രത്തില്‍ സമുദ്രക്കനി അവതരിപ്പിച്ച നക്‌സല്‍ നേതാവ് അബ്ദുള്ളയില്‍ ഒരേ സമയം ഉള്ളടക്കം ചെയ്തിരുന്നത് നക്‌സല്‍ വര്‍ഗീസിനെയും ഡോ. ബിനായക് സെന്നിനെയുമായിരുന്നു.
ബിനായക് നക്‌സല്‍ ആണെന്ന് ഭരണകൂടത്തിന് പോലും തെളിയിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. എന്നിട്ടും ശങ്കയില്ലാതെ അബ്ദുള്ളയെ നക്‌സല്‍ ആക്കുമ്പോള്‍ എതിര്‍ശബ്ദങ്ങളെ നിര്‍വികാരമാക്കുന്ന ഭരണകൂട യുക്തിയാണ് പത്മകുമാര്‍ എന്ന അരാഷ്ട്രീയ സിനിമക്കാരന്‍ ശിക്കാറില്‍ ചെയ്തത്. അയാളുടെ പേര് അബ്ദുള്ള എന്നുകൂടി ആകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും അത് പൂര്‍ണമാകുന്നു.
അതേ യുക്തി ഉപയോഗിച്ചാണ് ഝാര്‍ഖണ്ടില്‍നിന്ന് ആന്ധ്ര വഴി വയനാട്ടിലെ കണ്ണവം കാട്ടില്‍ (റെഡ് കോറിഡോര്‍) എത്തിച്ചേര്‍ന്ന മാവോയിസ്റ്റ് ആദിഗിരി എന്ന ചൗക്കീദാറിലൂടെ സമുദ്രക്കനിയെ പത്മകുമാര്‍ ആനയിക്കുന്നത്.
ആദിവാസി മൂപ്പന്റെ മകന്‍ ചിന്നന്‍ (ആസിഫലി) സ്വന്തം ജീവന്‍ ബലി കൊടുത്തും ചൗക്കീദാറിനെ രക്ഷപ്പെടുത്തുന്നതും ആ കൊലപാതകത്തിന് നേതൃത്വം കൊടുത്ത പോലീസ് ഓഫീസര്‍ നൃപന്‍ ചക്രവര്‍ത്തിയെ (ആടുകളം നരേന്‍ എന്ന തമിഴ് നടന്‍) പഴയ സംഭവങ്ങള്‍ ടി.വി വനിതാ റിപ്പോര്‍ട്ടറോട് (അനന്യ) തുറന്നു പറയുന്നതുമാണ് ആദ്യപകുതിയുടെ പാതിഭാഗത്ത് അവസാനിക്കുന്ന ഈ സിനിമയുടെ പ്രമേയം.
ആദിവാസികളുടെ ജീവിതാവസ്ഥകളെയും പ്രതിസന്ധികളെയും തെല്ലും തൊടാതെ അവരെല്ലാം സര്‍ക്കാര്‍ ആരോപിക്കുന്ന തരത്തിലുള്ള മാവോയിസ്റ്റുകളാണെന്ന് വരുത്തിതീര്‍ക്കുന്ന അപകടകരമായ സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്.
“”ഒരു നഗരത്തില്‍ ഒരു അനീതിയുണ്ടായാല്‍ വൈകുന്നതിനുള്ളില്‍ ആ നഗരത്തില്‍ ഒരു കലാപം ഉണ്ടാകണം. ഇല്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവട്ടെ…”” എന്ന ബെര്‍തോള്‍ഡ് ബ്രഹ്തിന്റെ വിഖ്യാതമായ വാചകത്തോടെ ആരംഭിക്കുന്ന ഈ സിനിമയിലൂടെ ആദിവാസിക്കൊപ്പം നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോള്‍ തന്നെ പോലീസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡബിള്‍ ഏജന്റിന്റെ റോള്‍ ഭംഗിയായി പത്മകുമാറും തിരക്കഥ തയാറാക്കിയ ജി.എസ്. അനിലും നിര്‍വഹിച്ചിട്ടുണ്ട്.
വിശ്വരൂപം എന്ന സിനിമയിലെ ഏറ്റവും ത്രസിപ്പിക്കുന്ന രംഗം കമലഹാസന്‍ താനൊരു മുസ്‌ലിം ആണെന്ന് വെളിപ്പെടുന്ന നിമിഷമാണ്. “”റബ്ബനാ ആത്തിനാ…”” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ വാചകങ്ങളാണ് ഈ രംഗത്തില്‍ പശ്ചാത്തലമായി ഉയരുന്നത്. ( ആ വാക്കുകളുടെ അര്‍ത്ഥം, “ഈ ഭൂമിയിലെയും പരലോകത്തെയും ജീവിതത്തില്‍ ദൈവമേ നീ തുണയായിരിക്കണേ” എന്നാണെന്ന് ഹോസ്റ്റല്‍മേറ്റായ ബിന്‍ഷയാണ് പറഞ്ഞുതന്നത്).
ഡി കമ്പനി എന്ന സിനിമയുടെ ടൈറ്റിലില്‍ മുഴങ്ങി കേള്‍ക്കുന്നത് ഈ പ്രാര്‍ത്ഥനാ വാചകമാണ്. എന്തിനാണ് അറബി ഭാഷയിലുള്ള ഈ പ്രാര്‍ത്ഥനയോടെ സിനിമ തുടങ്ങിയതെന്നറിയാന്‍ രണ്ടാമത്തെ ചിത്രമായ “ഗ്യാംഗ്‌സ് ഓഫ് വടക്കുംനാഥന്‍” വരെ കാത്തിരിക്കണം.
അവസാനം തൂത്തുവാരിയിട്ട് എല്ലാറ്റിനെയും കൊന്ന് തീരുമ്പോള്‍ ആണ് അറിയുന്നത് ഇന്റലിജന്‍സ് ഓഫീസര്‍ അക്ബര്‍ തന്നെയാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന്. അങ്ങനെ നാട്ടില്‍ നടക്കുന്ന സകല കൊള്ളരുതായ്മയുടെയും പിതൃത്വം ഹാഫ് മുസ്‌ലിമായ അക്ബറില്‍ വെച്ചുകെട്ടുമ്പോള്‍ തുടക്കത്തിലെ അറബി മന്ത്രോച്ചാരണം സാധൂകരിക്കപ്പെടുന്നു.
സിനിമ: ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍
സംവിധാനം: ദീപന്‍
തിരക്കഥ: അനൂപ് മേനോന്‍
വിതരണം: ഹാപ്പി റൂബി റിലീസ്,
ഡി കട്ട്‌സ് ഫിലിം കമ്പനി
സംഗീതം: ഗോപീ സുന്ദര്‍
അഭിനേതാക്കള്‍: അനൂപ് മേനോന്‍,
ഉണ്ണി മുകുന്ദന്‍,
ജയസൂര്യ
ഒറ്റ നോട്ടത്തില്‍ വിജയ് മല്ല്യയെന്ന മദ്യരാജാവിനെ പോലെ ഇരിക്കുന്ന മറ്റൊരു മല്ല്യ ബാംഗ്‌ളൂര്‍ കേരള ദേശീയ പാതയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നിടത്തുനിന്ന് തുടങ്ങുന്നു ഈ സിനിമ. രാംഗോപാല്‍ വര്‍മയുടെ ഫാക്ടറി മെയ്ഡ് സിനിമകളുടെ പറ്റേണ്‍ അനുകരിക്കാനാണ് വടക്കുംനാഥന്‍ ശ്രമിക്കുന്നത്. ശശികുമാറിന്റെ സുബ്രഹ്മണ്യപുരത്തെ പലയിടത്തും ഓര്‍മിപ്പിക്കുന്നുമുണ്ട്.
കേസന്വേഷണത്തിന്റെ ചുമതല അക്ബര്‍ എന്ന ഇന്റലിജന്‍സ് ഓഫീസര്‍ക്ക് (അനൂപ് മേനോന്‍) വന്നുചേരുന്നു. മദ്യരാജാവ് കൊല്ലപ്പെടുമ്പോള്‍ കൈവശമുണ്ടായിരുന്ന കോടികളാണ് അന്വേഷണത്തിലെ പ്രധാന ഇനം. അതും മദ്യരാജാവിന്റെ മകന്‍ മല്ല്യയുടെ (രാജീവ് പിള്ള) ഓഫര്‍ സ്വീകരിച്ച്.
ഈ അക്ബര്‍ ആള് പുലിയാ. ആറ്റിങ്ങല്‍ മുസ്‌ലിമിന് തിരുവനന്തപുരത്തുകാരിയില്‍ ഉണ്ടായതാണെങ്കിലും ആള് അക്ബറാണ് (വലിയവനാണ്). എല്ലാറ്റിലും.
അന്വേഷണവുമായി നേരേ തൃശ്ശൂരില്‍ വന്നിറങ്ങുന്ന അക്ബറിന് തുണയാകുന്നത് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍. (ഉണ്ണി മുകുന്ദും ഇര്‍ഷാദും) അമ്മ തിയ്യത്തിയാണ് എന്ന് പറയുമ്പോള്‍ നരേന്ദ്രന്‍ നായര്‍ എന്ന പോലീസുകാരനില്‍ (ഇര്‍ഷാദ്) ഉണ്ടായ ഭാവവ്യത്യാസം പോലും തിരിച്ചറിയാന്‍ കഴിയുന്നയാള്‍.
തൃശ്ശുര്‍ നഗരത്തിലെ ക്വട്ടേഷന്‍ ടീമുകളിലേക്കും ജ്വല്ലറി ഇടപാടുകളിലെ കള്ളക്കളികളിലേക്കും സിനിമ മാറുമ്പോള്‍ നഗരത്തിലെ വമ്പന്‍ ക്വട്ടേഷന്‍ ടീമുകളായ വരാല്‍ ജെയ്‌സണ്‍ (ജയസൂര്യ), കുപ്പി സൈമണ്‍, ജ്വല്ലറി കള്ളക്കടത്തുകാരന്‍ റാഫേല്‍ പൗലോസ് ആളൂക്കാരന്‍ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.
ഹോ! ആശ്വാസമായി കൊച്ചി വിട്ട് ഇക്കുറി ക്വട്ടേഷന്‍ നഗരമായി തൃശ്ശൂര്‍ തെരഞ്ഞെടുത്തല്ലോയ.
അവസാനം തൂത്തുവാരിയിട്ട് എല്ലാറ്റിനെയും കൊന്ന് തീരുമ്പോള്‍ ആണ് അറിയുന്നത് ഇന്റലിജന്‍സ് ഓഫീസര്‍ അക്ബര്‍ തന്നെയാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന്. അങ്ങനെ നാട്ടില്‍ നടക്കുന്ന സകല കൊള്ളരുതായ്മയുടെയും പിതൃത്വം ഹാഫ് മുസ്‌ലിമായ അക്ബറില്‍ വെച്ചുകെട്ടുമ്പോള്‍ തുടക്കത്തിലെ അറബി മന്ത്രോച്ചാരണം സാധൂകരിക്കപ്പെടുന്നു.
അനൂപ് മേനോന്‍ എന്ന നടന്‍ വികലമായി മോഹന്‍ലാലിനെ അനുകരിച്ച് കോമാളിയാകുമ്പോള്‍ വരാല്‍ ജെയ്‌സണ്‍ എന്ന ഗുണ്ടയുടെ വേഷത്തിലൂടെ സ്ഥായിയായ മന്ദബുദ്ധി ഭാവത്തെ ജയസൂര്യ സമര്‍ത്ഥമായി മറികടക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ യുക്തികളെ ന്യായീകരിക്കുമ്പോള്‍ തന്നെ ഈ സിനിമകള്‍ ഭരണകൂടത്തിന്റെ വില്ലത്തരത്തെയും തുറന്നുകാണിക്കുന്നില്ലേ എന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. പക്ഷേ, ബുദ്ധിമാനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് കീഴൊതുങ്ങാനേ ഈ നാട്ടിലെ നിയമ വ്യവസ്ഥയ്ക്ക് ശേഷിയുള്ളു എന്നുകൂടി ഈ സിനിമ പറയുന്നുണ്ട്.
സിനിമ: ഡേ ഓഫ് ജഡ്ജ്‌മെന്റ്
സംവിധാനം: വിനോദ് വിജയന്‍
നിര്‍മാണം: വിനോദ് വിജയന്‍
കഥ: രാജേഷ് രവി
തിരക്കഥ: വിനോദ് വിജയന്‍
വിതരണം: ഹാപ്പി റൂബി റിലീസ്,
ഡി കട്ട്‌സ് ഫിലിം കമ്പനി
സംഗീതം: രാഹുല്‍ രാജ്
അഭിനേതാക്കള്‍: ഫഹദ് ഫാസില്‍,
ഭാമ,
തനുശ്രീ ഘോഷ്
കേരള കഫേയിലെ 10 സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് ആയിരുന്നു. സിനിമയില്‍ തനിക്കുള്ള ക്രാഫ്റ്റ് ആ 22 മിനിറ്റ് സിനിമയിലൂടെ അന്‍വര്‍ തെളിയിച്ചു. അതുപോലെ ഈ മൂന്ന് സിനിമകളിലെ “യഥാര്‍ത്ഥ സിനിമ” വിനോദ് വിജയന്‍ സംവിധാനം ചെയ്ത “ഡേ ഓഫ് ജഡ്ജ്‌മെന്റ്” ആണ്.
ഡോ. സുനിലിന്റെ (ഫഹദ് ഫാസില്‍) വിഷാദ രോഗിയായ ഭാര്യ ജീനയുടെ (ഭാമ) മരണവും അതിന്റെ അന്വേഷണവും അത്യന്തം സങ്കീര്‍ണ്ണമായ മനശാസ്ത്ര വിശകലനത്തിലൂടെ കണ്ടത്തെുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
മനുഷ്യ മനസ്സിന്റെ നിഗൂഢതകളെ ലോക ക്‌ളാസിക് സിനിമകളില്‍ പലവട്ടം സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്. ലാസ് വോണ്‍ ട്രയറുടെ “ആന്റി െ്രെകസ്റ്റ്” ഉദാഹരണം. പക്ഷേ, നാടകത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്ന് പുറത്തുകടന്നിട്ടില്ലാത്ത മലയാള സിനിമയ്ക്ക് മനോവ്യാപാരങ്ങളെ അഭ്രവത്കരിക്കല്‍ അപ്രാപ്യമായിരുന്നു. ലോഹിതദാസിനെ പോലെ ഏതാനും പേര്‍ മാത്രമാണ് അതിന് അല്‍പമെങ്കിലും തുനിഞ്ഞത്. (തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി).
മനശാസ്ത്രത്തിന്റെ സങ്കീര്‍ണ പ്രക്രിയ ഒരാളെ എപ്രകാരം അയാളുടെ ഉള്ളില്‍നിന്ന് വലിച്ചു പുറത്തിടുന്നുവെന്ന് ഈ സിനിമ തെളിയിക്കുന്നു. ഉള്ളില്‍ ഓരോരുത്തരും ഒളിപ്പിച്ചുവെക്കുന്ന വില്ലനെ ഒരു നിമിഷം കണ്ടത്തെുമ്പോഴുള്ള ഞെട്ടലാണ് ഈ സിനിമ തരുന്ന അസുലഭമായ അനുഭവം.
ഈ ഒരൊറ്റ ചിത്രം മാത്രം കണ്ട് തിയറ്റര്‍ വിടുകയാണെങ്കില്‍ കാശ് മുതലാവും. മറ്റ് രണ്ട് സിനിമയും ഈ ഓണക്കാലത്ത് കിട്ടിയ ഓഫര്‍ ആയി കണ്ടാല്‍ മതി.
1986ലെ ഓണക്കാലത്ത് മമ്മൂട്ടിയുടെത് മാത്രമായി അഞ്ച് സിനിമകളായിരുന്നു തിയറ്ററില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാലിന് രണ്ടും. അതിന് ശേഷം ഈ താരഭാവം മലയാളത്തില്‍ നഷ്ടമാവുകയായിരുന്നു.
രണ്ട് താരങ്ങള്‍ക്കും ഓണച്ചിത്രങ്ങള്‍ ഇല്ലാതിരുന്ന വര്‍ഷങ്ങളും കടന്നുപോയി. ഇക്കുറി മോഹന്‍ലാലിന് ഓണച്ചിത്രം പോലും ഉണ്ടായിരുന്നില്ല. മമ്മൂട്ടി ക്‌ളീറ്റസിനെ കൊണ്ട് തൃപ്തിയടഞ്ഞു. അതേസമയം, ഫഹദ് ഫാസിലിന്റെ മൂന്ന് ചിത്രങ്ങളാണ് ഈ ഓണത്തിന് തിയറ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആര്‍ട്ടിസ്റ്റ്, ഡി കമ്പനി, നോര്‍ത്ത് 24 കാതം എന്നിവ.
ആഴ്ചയില്‍ ഒന്നെന്ന കണക്കിന് ഫഹദ് സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ എന്തിനാണിയാള്‍ ഇങ്ങനെ വാരിവലിച്ച് അഭിനയിക്കുന്നത് എന്ന് തോന്നിപ്പോകും. കുറച്ചുകൂടി സെലക്ടീവ് ആയിക്കൂടേ എന്നും സന്ദേഹിക്കും. അതിനെല്ലാമുള്ള മറുപടിയാണ് ഓരോ ഫഹദ് സിനിമകളും.
തന്നിലെ നടനെ പരീക്ഷണത്തിന് വിട്ടുകൊടുക്കാന്‍ തെല്ലും മടിയില്ലാതെ അയാള്‍ തന്റെ “സമയത്തെ” നന്നായി വിനിയോഗിക്കുന്നു എന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തും. അത്രയും സൂക്ഷ്മമായി ഡോ. സുനില്‍ എന്ന കഥാപാത്രത്തെ ഫഹദ് അവിസ്മരണീയമാക്കുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ തിലകനായിരുന്നു. അറിയാതെ ഞാനിപ്പോള്‍ ഫഹദ് ഫാസിലിന്റെ ഫാനായിപ്പോകുമോ എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഈ വര്‍ഷത്തെ മികച്ച നടനെ കണ്ടത്തൊന്‍ ജൂറിക്ക് (മറ്റ് കളികള്‍ ഒന്നുമില്ലെങ്കില്‍) രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.
അടിക്കുറിപ്പ്: ഭരണകൂടത്തിന്റെ യുക്തികളെ ന്യായീകരിക്കുമ്പോള്‍ തന്നെ ഈ സിനിമകള്‍ ഭരണകൂടത്തിന്റെ വില്ലത്തരത്തെയും തുറന്നുകാണിക്കുന്നില്ലേ എന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. പക്ഷേ, ബുദ്ധിമാനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് കീഴൊതുങ്ങാനേ ഈ നാട്ടിലെ നിയമ വ്യവസ്ഥയ്ക്ക് ശേഷിയുള്ളു എന്നുകൂടി ഈ സിനിമ പറയുന്നുണ്ട്.
മറ്റൊന്ന് ഈ സിനിമ ആണുങ്ങളുടേത് മാത്രമാണ്. ഞങ്ങള്‍ പെണ്ണുങ്ങള്‍ വെറും കാഴ്ചക്കാരായിരിക്കുന്ന വെറും ആണുലകം.
കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട
ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com