കൊൽക്കത്ത: പശ്ചിമ ബംഗാൾ തീരത്ത് വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റ് കൊവിഡിനേക്കാൾ ഭീകരമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനോടകം പന്ത്രണ്ട് പേരാണ് ഉംപൂണിൽ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മമത കൂട്ടിച്ചേർത്തു. മണിക്കൂറിൽ160 മുതൽ 170 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വിശുന്നത്. പശ്ചിമ ബംഗാളിൽ നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റിൽ നിലംപൊത്തി. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂർണമായും നിലച്ച അവസ്ഥയിലാണ് ഉള്ളത്.
“ഒരു ലക്ഷം കോടിരൂപയുടെ നാശനഷ്ടമെങ്കിലും സംസ്ഥാനത്ത് ഇതിനോടകം ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും എത്തിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഞങ്ങൾക്ക് എല്ലാം പുനർനിർമ്മിക്കേണ്ടി വരും. ഈ സമയം ഞാൻ കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെടുകയാണ്. ദയവ് ചെയ്ത് ഇപ്പോൾ രാഷ്ട്രീയം കളിക്കരുത്. ഞങ്ങൾക്ക് മാനുഷിക പരിഗണന ആവശ്യമാണ്”. മമത പറഞ്ഞു.
ശക്തമായി മഴ തുടരുന്നതിനാൽ പശ്ചിമബംഗാളിൽ പല ഇടങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വ്യാഴാഴ്ച്ചയോടെ മാത്രമേ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പറയാൻ സാധിക്കുകയുള്ളൂ എന്നും മമത കൂട്ടിച്ചേർത്തു. ഒഡീഷ തീരത്തും അയൽ രാജ്യമായ ബംഗ്ലാാദേശിലും കനത്ത നാശനഷ്ടമാണ് ഉംപൂൺ വിതച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക