Kerala News
എമ്പുരാനെതിരായ സംഘപരിവാർ ആക്രമണം; എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 01, 07:00 am
Tuesday, 1st April 2025, 12:30 pm

ന്യൂദല്‍ഹി: എമ്പുരാനെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി ചോദിച്ചു. ദല്‍ഹിയില്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘എന്താണ് വിവാദം. ആരാണ് ഈ വിവാദമെല്ലാം ഉണ്ടാക്കുന്നത്. ഇതെല്ലാം ഒരു ബിസിനസാണ്, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു,’ സുരേഷ് ഗോപി പ്രതികരിച്ചു.

കൂടുതല്‍ പ്രതികരണത്തിന് മന്ത്രി തയ്യാറായില്ല. എമ്പുരാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.

എന്നാല്‍ ‘നല്ല കാര്യങ്ങള്‍ മാത്രം സംസാരിക്കൂ’ എന്നാണ് സുരേഷ് ഗോപി അന്ന് പ്രതികരിച്ചത്. എമ്പുരാനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള സുരേഷ് ഗോപിയുടെ മറുപടിയായിരുന്നു ഇത്.

നിലവില്‍ എമ്പുരാനെ പൂര്‍ണമായും തള്ളികൊണ്ടുള്ള പ്രതികരണമാണ് സുരേഷ് ഗോപിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

സിനിമയുടെ നിര്‍മാണ കാലയളവില്‍ സുരേഷ് ഗോപിയില്‍ നിന്ന് എമ്പുരാന്‍ ടീമിന് സഹായങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് എമ്പുരാന്‍ ടീമുമായുള്ള സഹകരണത്തില്‍ നിന്ന് സുരേഷ് ഗോപി പിന്മാറിയെന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എമ്പുരാനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നിലവിലെ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് പറഞ്ഞത്.

അതേസമയം എമ്പുരാന്റെ സെന്‍സറിങ്ങില്‍ സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സംഘടനാതലത്തില്‍ നടപടിയുണ്ടാകുമെന്ന് രാജീവ് സൂചന നല്‍കിയിരുന്നു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡില്‍ ബി.ജെ.പി നോമിനികള്‍ ഇല്ലെന്നാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. വിവാദങ്ങള്‍ക്കിടെ സിനിമയിലെ സംഘപരിവാറിനെ ചൊടിപ്പിച്ച 17 രംഗങ്ങള്‍ റീ എഡിറ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായിരുന്നു.

റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് (ചൊവ്വ) തിയേറ്ററുകളിലെത്തും.

Content Highlight: Cyber ​​attack on Empuran; Suresh Gopi says it’s all business