മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും
News of the day
മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2014, 1:50 am

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിലമരുന്ന ഭക്തര്‍ ഒരു തരം അഭയം അനുഭവിക്കുന്നുണ്ടാകാം. ഈ അഭയബോധം പക്ഷെ, ബാഹ്യാധികാരത്തിനെതിരായ വ്യക്തിത്വത്തിന്റെ പ്രതിരോധസന്നദ്ധതയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. അധിനിവേശങ്ങള്‍ക്കെതിരെ ആത്മജാഗ്രത പുലര്‍ത്തുന്ന ആത്മഗൗരവവും സ്വാതന്ത്ര്യബോധവുമുള്ള ഒരു വ്യക്തിക്ക്, അപരിചിതയായ ഒരു സ്ത്രീയുടെ കരവലയത്തിലേക്ക് സ്വയം എടുത്തെറിയാന്‍ സാധ്യമല്ല.

Amrithananda mayi

ഭാഗം ഒന്ന്


എസ്സേയ്‌സ് /ജെ. രഘു


[share]

 

“”നിരപരാധികളെന്നു തെളിയിക്കപ്പെടുന്നതുവരെ, “വിശുദ്ധ”രെ അപരാധികളായിത്തന്നെ കാണണം”” – ജോര്‍ജ് ഓര്‍വെല്‍.

ജ്ഞാനോദJ Raghuയത്തിന്റെയും ആധുനികതയുടെയും ഉദയം മിസ്റ്റിക്കുകളുടെ പിന്‍വാങ്ങലിന്റെ യുഗം കൂടിയായിരുന്നുവെന്ന് മീഷെല്‍ സെര്‍തോ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഉത്തരാധുനികത സാക്ഷ്യം വഹിക്കുന്നത്, ആശ്ലേഷ സന്യാസിമാരുടെയും സിദ്ധന്മാരുടെയും ധ്യാനഗുരുക്കന്മാരുടെയും യോഗ-തന്ത്രാചാര്യന്മാരുടെയും മധ്യാഹ്നത്തെയാണ്. ഉത്തരാധുനികതയുടെ ഏറ്റവും അന്ധകാരമയമായ വശം മതാത്മകതയുടെ തിരിച്ചുവരവാണെന്നാണ് സിസെക്കിന്റെ അഭിപ്രായം.

ഒരു വിഭാഗം ഉത്തരാധുനിക ചിന്തകരാകട്ടെ, “മതനിരപേക്ഷാനന്തരചിന്ത”യെക്കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. മതത്തിന്റെ ഈ പുനപ്രവേശം മിക്കപ്പോഴും പ്രത്യക്ഷമതപരതയുടെയോ മതാധികാരസ്ഥാപനങ്ങളുടെയോ രൂപം ആര്‍ജ്ജിക്കാറുമില്ല. മര്‍ദ്ദിതന്റെ തിരിച്ചുവരവിനെ, വേട്ടയാടപ്പെട്ട ഒന്നിന്റെ തിരിച്ചുവരവിനെ, അനുസ്മരിപ്പിക്കുന്ന മതത്തിന്റെ ഈ മടങ്ങിവരവ് അപ്രതീക്ഷിതവും പ്രവചനാതീതവുമായ മാര്‍ഗങ്ങളിലൂടെയാണെന്നാണ് ദെറിദ പറഞ്ഞത്.[]

ആശ്ലേഷം, “മോനെ-മോളെ” വിളികള്‍, ധ്യാന-യോഗങ്ങള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, രോഗശാന്തിശുശ്രൂഷ, തിരുമുടി ദര്‍ശനം എന്നിങ്ങനെയുള്ള ആത്മീയവിദ്യകള്‍കൊണ്ട്, ആധുനികത സൃഷ്ടിച്ചതായി പറയപ്പെടുന്ന “ആത്മീയ ശൂന്യത”യെ മറികടക്കാന്‍ ഭക്തരെ സഹായിക്കുന്ന നവയുഗ ആത്മീയ നേതാക്കള്‍ വര്‍ത്തമാന സാമൂഹ്യ ജീവിതത്തിനുമേല്‍ നടത്തുന്ന സാംസ്‌കാരികാധിനിവേശം ഭീതിതമാണ്.

സായിബാബയുടെയും രവിശങ്കറിന്റെയും അമൃതാനന്ദമയിയുടെയും ബാബാ രാംദേവിന്റെയും ആത്മീയമൂലധനം, പരമ്പരാഗത സന്യാസിമാരുടെ വ്യക്തിനിഷ്ഠമായ പരിത്യാഗമല്ല. വന്‍കിട കുത്തകകളെപ്പോലും വെല്ലുന്ന സാമ്പത്തിക-വാണിജ്യശൃംഖലയുടെ ആഗോളവ്യാപനത്തിലൂടെയാണ് ഇവര്‍ ആള്‍ദൈവങ്ങളായി സ്വയം അവരോധിക്കുന്നത്. സവിശേഷമായ ചില “ആത്മീയ പൊടിക്കൈ”കളിലൂടെയാണ് ഇവര്‍ ഓരോരുത്തരും ആത്മീയ പരിവേഷം സൃഷ്ടിക്കുന്നത്.

സായിബാബയുടെ പൊടിക്കൈ “വിഭൂതി”യായിരുന്നുവെങ്കില്‍, രവിശങ്കറിന്റേത് “സുദര്‍ശനക്രിയ”യും രാംദേവിന്റേത് “കൂട്ടയോഗ”യുമാണ്. എന്നാല്‍ തന്നെ ദര്‍ശിക്കാനെത്തുന്ന ഭക്തരെ ആശ്ലേഷിക്കുകയും അവരെ “മോനെ”- “മോളെ” എന്നുവിളിക്കുകയും ചെയ്യുന്ന ആത്മീയ ജാലവിദ്യയിലൂടെ നിരക്ഷരയായ അമൃതാനന്ദമയി മറ്റെല്ലാ ആള്‍ദൈവങ്ങളെയും പിന്നിലാക്കുകയായിരുന്നു. ഭക്തരെ ഒരേസമയം സ്‌നിദ്ധരും നിസ്സാരരും ശിശുക്കളുമാക്കുന്ന ഈ “ആശ്ലേഷസന്യാസിനി” വളരെ പെട്ടെന്നാണ്, അമൃതാനന്ദമയിയെന്ന ആള്‍ദൈവപദവിയിലേക്കുയര്‍ന്നത്.

അമ്മയുടെ ശരീരസാന്നിധ്യത്തില്‍ നിന്നു മുക്തനാകുന്ന ശിശു, യഥാര്‍ഥത്തില്‍, കൂടുതല്‍ ഉത്തരവാദിത്വമുള്ള വ്യക്തിയാവുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ഭയയ്ക്കുകയും അമ്മയുടെ പ്രത്യക്ഷശരീരസാന്നിധ്യത്തില്‍ അഭയം കണ്ടെത്തുകയും ചെയ്യുകയെന്നത് ഒരു “വളര്‍ച്ചാദോഷ”മാണ്.

“മോനെ” – “മോളെ” എന്ന് സംബോധന ചെയ്യപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രായ-ലിംഗ-ജാതി-വര്‍ഗഭേദമെന്യേ, ഭക്തര്‍ ശിശുക്കളെപ്പോലെയാവുന്നു. അമ്മയുടെ വാത്സല്യപൂര്‍വമുള്ള സ്പര്‍ശവും ലാളനയും ശിശുക്കളെ ആനന്ദിപ്പിക്കുക സ്വാഭാവികമാണ്. എന്നാല്‍ കൗമാരത്തിലേക്കും യൗവനത്തിലേക്കും വളരുന്നതോടെ അമ്മയുമായുള്ള ശിശുവിന്റെ ബന്ധം ശരീരസ്പര്‍ശപരമല്ലാതാകുന്നു എന്നതും സ്വാഭാവികമാണ്.

ലോകത്തെവിടെയുമുള്ള മനുഷ്യവളര്‍ച്ചയുടെ സ്വാഭാവിക ജൈവനിയമമാണിത്. അമ്മയുടെ പ്രത്യക്ഷ ശരീരസാന്നിധ്യത്തില്‍ നിന്ന് വിച്ഛേദിച്ചുമാറേണ്ടത്, ശിശുവിന്റെ മനോവികാസത്തിനും സ്വയംപര്യാപ്തതയ്ക്കും സ്വാതന്ത്ര്യത്തിനും ആവശ്യമാണ്. മനുഷ്യവ്യക്തികളുടെ ആരോഗ്യകരമായ വികാസത്തിന്റെ പരിണാമപ്രക്രിയയും ഇതുതന്നെയാണ്. എന്നാല്‍, അമ്മയുടെ പ്രത്യക്ഷശരീരസാന്നിധ്യത്തിന്റെ “അഭയ”ത്തില്‍ നിന്ന് സ്വയം പര്യാപ്തതയുടെ “ഭയ”ത്തിലേക്ക് വളരാന്‍ അത്യപൂര്‍വമാളുകള്‍ക്ക് കഴിയാതെ വരുന്നുണ്ട്.

apj abdul kalam with amrithananda mayiസ്വാച്ഛന്ദ്യത്തിന്റെ “അരക്ഷിത”ലോകം വ്യക്തികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരാക്കുന്നു. തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും അവനവന്റേതാകുന്നു. തന്റെ ജീവിതത്തിന്റെ ഉത്തരാവാദിത്വം തന്റേതാകുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അരക്ഷിതത്വം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അമ്മയുടെ ശരീരസാന്നിധ്യത്തില്‍ നിന്നു മുക്തനാകുന്ന ശിശു, യഥാര്‍ഥത്തില്‍, കൂടുതല്‍ ഉത്തരവാദിത്വമുള്ള വ്യക്തിയാവുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ഭയയ്ക്കുകയും അമ്മയുടെ പ്രത്യക്ഷശരീരസാന്നിധ്യത്തില്‍ അഭയം കണ്ടെത്തുകയും ചെയ്യുകയെന്നത് ഒരു “വളര്‍ച്ചാദോഷ”മാണ്.

അമൃതാനന്ദമയിയുടെ ആത്മീയപ്രഭാവം തെളിയിക്കുന്നത്, ഈ വളര്‍ച്ചാദോഷത്തിന് പകര്‍ച്ചവ്യാധിപോലെ പടരാനുള്ള മാരകശേഷിയുണ്ടെന്നാണ്. വളര്‍ച്ചാദോഷത്തിന്റെ വൈറസ് ബാധയേറ്റ സാധാരണക്കാരെയും സമ്പന്നരെയും പ്രൊഫഷണലുകളെയും രാഷ്ട്രീയനേതാക്കളെയും ജഡ്ജിമാരെയും പോലീസുകാരെയും മന്ത്രിമാരെയും നടീനടന്മാരെയും ഗവര്‍ണര്‍മാരെയുമൊക്കെ തന്റെ പ്രത്യക്ഷ ശരീരസ്പര്‍ശത്തിന്റെ മാന്ത്രികതകൊണ്ട് വശീകരിക്കാന്‍ അമൃതാനന്ദമയിക്കു കഴിയുന്നു.

ആശ്ലേഷത്തിന്റെ അഭയബോധത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ശാശ്വതമായ ശിശുത്വമാണ്. ഈ മനുഷ്യരുടെ വളര്‍ച്ചാദോഷത്തെ ശാശ്വതവത്കരിക്കുകയും സ്ഥാപനവത്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അമൃതാനന്ദമയി ഫലത്തില്‍ ലക്ഷക്കണക്കിനു ഭക്തരുടെ വലിയൊരു “ആത്മീയ മനോരോഗ സാമ്രാജ്യം” പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു തീരദേശസ്ത്രീയ്ക്ക് ഇത്ര വലിയൊരു ആത്മീയ സാമ്രാജ്യത്തിന്റെ അധിപയാകാന്‍ കഴിഞ്ഞു എന്നത് വിസ്മയകരമാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഭൗതികതയെ സ്വീകരിക്കുമ്പോള്‍ തന്നെ അതിന്റെ മൂല്യങ്ങളെയും ആശയങ്ങളെയും സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ജനവിഭാഗങ്ങളുടെ ഇരട്ടജീവിതമാണ് ഇത്തരം ആത്മീയ സാമ്രാജ്യങ്ങളെ സാധ്യമാകുന്നത്. സ്വന്തം അറിവുകൊണ്ടും  പാണ്ഡിത്യം കൊണ്ടും പാരമ്പര്യംകൊണ്ടും പരിത്യാഗം കൊണ്ടും വലിയ ശിഷ്യലോകത്തെ സമ്പാദിക്കുകയും ആത്മീയസാമ്രാജ്യം സൃഷ്ടിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍, അമൃതാനന്ദമയിയ്ക്ക് അത്തരം പാരമ്പര്യയോഗ്യതകളൊന്നും അവകാശപ്പെടാനില്ല.

പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പഠിപ്പില്ലായ്മയും മാത്രം കൈമുതലായുണ്ടായിരുന്ന അമൃതാനന്ദമയിക്ക് വലിയ ഭക്തജനക്കൂട്ടത്തെ വശീകരിക്കാനുള്ള വാഗ്വിലാസമോ അറിവോ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. പിന്നോക്ക പ്രദേശങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ഉപയോഗിക്കുന്ന ഭജനപ്പാട്ടുകളായിരുന്നു, ഭക്തരുമായി സംവദിക്കാനുള്ള ഏകസമ്പാദ്യം. ഭജനാലാപനത്തിനിടയില്‍ ഭൂതാവിഷ്ടയായ ഒരു ഉന്‍മാദിനിയെപ്പോലെ സ്വന്തം ശരീരത്തെ എടുത്തെറിയുന്നതിലൂടെ ആയായിരിക്കാം ഇവര്‍ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഒരു “സിദ്ധ”യുടെ പരിവേഷമാര്‍ജിച്ചത്.

ആശ്ലേഷവും അഭയബോധവും

അമൃതാനന്ദയിയെന്ന പ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ കാന്റിയന്‍ സങ്കല്പങ്ങളായ “ഭയ(dread)വും അഭയ(refuge)വും പ്രസക്തമാകുന്നു. ഭയം രണ്ടുതരമുണ്ട്. ഒന്ന്, താത്കാലികവും ഭൗതികവും. ഇതിന് ഭൗതികമായി അഭയം കണ്ടെത്താവുന്നതാണ്. എന്നാല്‍ അസ്തിത്വസംബന്ധിയായ ഭയത്തില്‍നിന്ന് ഭൗതികപരിശ്രമങ്ങളിലൂടെ അഭയം കണ്ടെത്താനാവില്ല.

അസ്തിത്വപരമായ അരക്ഷിതത്വം ആവശ്യപ്പെടുന്നത് സമൂഹത്തില്‍നിന്നുള്ള രക്ഷയാണ്. സ്വന്തം അസ്തിത്വത്തോടുള്ള ഭയം ഗ്രസിക്കുന്ന ആളുകള്‍ക്കാവശ്യം അസ്തിത്വത്തിനെതിരായ കവചങ്ങള്‍ തന്നെയാണ്. ഇത്തരമൊരു പരിതോവസ്ഥ അത്യന്തം സംഘര്‍ഷഭരിതമായ വൈപരീത്യമാണ് സൃഷ്ടിക്കുന്നത്. ആകസ്മികതകളും അവ്യവസ്ഥകളും ആകാംക്ഷകളും ഇത്തരക്കാരെ വേട്ടയാടുന്നു. അതേസമയം, സാമൂഹ്യജീവിതത്തില്‍ നിന്നു ശാശ്വതമായി ഒളിച്ചോടാനും കഴിയില്ല.

അസ്തിത്വം അടിസ്ഥാനപരമായി പ്രവചനാതീതമാകയാല്‍ ശാശ്വതമായ അഭയം അസാധ്യവുമാണ്. ഇത്തരമാളുകളെ ശാശ്വതമായ അരക്ഷിതബോധത്തിന്റെ ഇരകളാക്കുന്ന അവസ്ഥയാണിത്. ഭീതി (fear), സംത്രാസം  (anguish) എന്നീ സങ്കല്പങ്ങളിലൂടെയാണ് ഹൈഡഗ്ഗര്‍ ഈ സമസ്യയെ വിശകലനം ചെയ്യുന്നത്. ഭീതിയുടെ ഉറവിടം കണ്ടെത്തുക സാധ്യമാണ്. അതിനെ നാമകരണം ചെയ്യാനും സാധ്യമാണ്. എന്നാല്‍ അസ്തിത്വപരമായ സംത്രാസത്തിന്റെ ഉറവിടം അവ്യക്തവും അജ്ഞാതവും അനാനിമകവുമാണ്. ഇത് വ്യക്തിയെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ബഹിഷ്‌കൃത ബോധത്തിനുടമയാക്കുകയും ചെയ്യുന്നു.

അടുത്ത പേജില്‍ തുടരുന്നു

ആത്മീയാന്വേഷണത്തിന്റെ രോഗാതുരമായ അശാന്തിയില്‍ അമൃതാനന്ദമയിമഠത്തിലെത്തിയ സത്‌നാംസിങ് എന്ന 23വയസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ അമൃതാനന്ദമയിയ്ക്കു ചുറ്റും ചാവേറുകളായി അണിനിരന്നത് സംഘപരിവാറായിരുന്നു. അമൃതാനന്ദമയിയുടെ ആത്മീയ സാമ്രാജ്യത്തിന്റെ അതിരുകള്‍ സംഘപരിവാറിലവസാനിക്കുന്നില്ല എന്നതും വിസ്മരിക്കരുത്.

Sathnam Singh
അസ്തിത്വപരമായ സംത്രാസത്തെ സാമൂഹ്യവത്കരിക്കുക എളുപ്പമല്ലെന്നര്‍ഥം. സംത്രാസത്തിന്റെ ഈ സാമൂഹ്യനിരപേക്ഷതയിലാണ് മതാത്മകത ആവിഷ്‌കരിക്കപ്പെടുന്നത്. ശാശ്വതമായ അഭയത്തിന്റെ മിഥ്യാ സംതൃപ്തി സൃഷ്ടിക്കാന്‍ മതാത്മകതയ്ക്ക് കഴിയുന്നത് സംത്രാസത്തിന്റെ ഇരകളായ ആളുകള്‍ സാമൂഹ്യനിരപേക്ഷമായ അഭയകേന്ദ്രങ്ങള്‍ക്കും ആശ്വാസവചനങ്ങള്‍ക്കും രക്ഷാമൂര്‍ത്തികള്‍ക്കും വേണ്ടി ദാഹിക്കുന്നതുകൊണ്ടാണ്. മനുഷ്യരുടെ അസ്തിത്വഭീതികള്‍ക്കു മേല്‍ മതവും ആത്മീയതയും അധിനിവേശം നടത്തുന്നതെങ്ങനെയെന്ന്, “ദ് അണ്‍കാനി” എന്ന പ്രബന്ധത്തില്‍ ഫ്രോയ്ഡ് ചര്‍ച്ച ചെയ്യുന്നുണ്ട്.

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിലമരുന്ന ഭക്തര്‍ ഒരു തരം അഭയം അനുഭവിക്കുന്നുണ്ടാകാം. ഈ അഭയബോധം പക്ഷെ, ബാഹ്യാധികാരത്തിനെതിരായ വ്യക്തിത്വത്തിന്റെ പ്രതിരോധസന്നദ്ധതയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. കാരണം ബാഹ്യാധികാരശക്തികളുടെ സൂക്ഷ്മവും അദൃശവുമായ അധിനിവേശങ്ങള്‍ക്കെതിരെ ആത്മജാഗ്രത പുലര്‍ത്തുന്ന ആത്മഗൗരവവും സ്വാതന്ത്ര്യബോധവുമുള്ള ഒരു വ്യക്തിക്ക്, അപരിചിതയായ ഒരു സ്ത്രീയുടെ കരവലയത്തിലേക്ക് സ്വയം എടുത്തെറിയാന്‍ സാധ്യമല്ല.[]

അമൃതാനന്ദമയിയുടെ മുമ്പിലെത്തുന്ന ഭക്തര്‍ മനശാസ്ത്രപരമായ ശിശുവത്കരണത്തിനുവിധേയമാകാന്‍ സ്വയം അനുശീലിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശിശുവത്കരണത്തിനിരയാവുന്നത് ഇച്ഛാപൂര്‍വമാകണമെന്നില്ല. ആശ്രമം സൃഷ്ടിക്കുന്ന അഭയപരിവേഷവും അമൃതാനന്ദമയിയുടെ പെരുപ്പിച്ച മാതൃപ്രതിച്ഛായയും ഭജനപ്പാട്ടുകളും എല്ലാം കൂടിച്ചേരുമ്പോള്‍ ഓരോ ഭക്തനും ഭക്തയും കാല്പനികമായ ഒരു ശിശുബോധത്തിലേക്കു ചുരുങ്ങുന്നു. ശിശുവിന്റെ നിരാലംബതയെ അമ്മ, വാത്സല്യപൂര്‍വം കരവലയത്തിലാക്കുന്നു. അമൃതാനന്ദമയിയുടെ ഭക്തര്‍ സാമൂഹ്യജീവിതരംഗങ്ങളിലും തൊഴിലിടങ്ങളിലും മുതിര്‍ന്നവരായി ജീവിക്കുകയും എന്നാല്‍ ആശ്രയം ആവശ്യപ്പെടുന്ന ശിശുബോധത്തെ ആന്തരികമായി പേറുകയും ചെയ്യുന്നവരാണ്.

ആധുനികത സൃഷ്ടിച്ച മോഹഭംഗങ്ങളെയും വിപ്ലവസ്വപ്നങ്ങളുടെ ദുരന്തപര്യവസാനത്തെയുമൊക്കെ ചൂഷണം ചെയ്യുന്ന നവയുഗ ആത്മീയതാ വ്യവഹാരം യഥാര്‍ഥത്തില്‍ ചിരപുരാതനവും അപരിഷ്‌കൃതവുമായ മതപ്രമേയങ്ങളെ ആധുനിക മനശാസ്ത്രപദാവലിയിലൂടെ പുനര്‍വിന്യസിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യമായ ആത്മീയതയെ സാധ്യമാക്കിയതുതന്നെ കേവലവും ചരിത്രനിരപേക്ഷവുമായ സ്വത്വത്തെയും ആന്തരികതയേയും കുറിച്ചുള്ള മനശാസ്ത്രവ്യവഹാരമാണ്.

മനുഷ്യജീവിതത്തില്‍ നിന്ന് അതിന്റെ സാമൂഹ്യ രാഷ്ട്രീയമാനങ്ങളെ അടര്‍ത്തിമാറ്റുകയും മനശാസ്ത്രവല്‍കൃതമായ ഒരു കേവല-ശുദ്ധസ്വത്വത്തെ നിര്‍മിക്കുകയും ചെയ്യുന്ന മനശാസ്ത്രവ്യവഹാരം പുതിയ ആത്മീയതാ പ്രസ്ഥാനത്തിന്റെ പ്രധാന സഖ്യശക്തിയാണ്. സാമൂഹ്യ-രാഷ്ട്രീയനിരപേക്ഷമായ വ്യക്തിജീവിതമാണ് അമൃതാനന്ദമയിയുടെ അസംസ്‌കൃതവസ്തു. ചരിത്രനിരപേക്ഷവും അരാഷ്ട്രീയവുമായ വ്യക്തിസ്വത്വങ്ങള്‍ക്കുമേല്‍ ഏതുതരം അധികാരത്തെയും സ്ഥാപിക്കാനെളുപ്പമാണ്. അതുകൊണ്ടാണ് അമൃതാനന്ദമയിയുടെ ആശ്രമശൃംഖലയ്ക്കു പിന്നില്‍ ഒരു അദൃശ്യശക്തിയായി പ്രവര്‍ത്തിക്കാന്‍ സവര്‍ണഫാസിസ്റ്റുകള്‍ക്കു കഴിയുന്നത്.

നാനാ ജാതിമതസ്ഥരുടെ “അമ്മ”യെന്ന പരസ്യപ്രതിച്ഛായയെ, പക്ഷെ, തങ്ങളുടെ സവര്‍ണഫാസിസ്റ്റു അജണ്ടയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ സംഘപരിവാറിനു കഴിയുന്നുണ്ട്. ആത്മീയാന്വേഷണത്തിന്റെ രോഗാതുരമായ അശാന്തിയില്‍ അമൃതാനന്ദമയിമഠത്തിലെത്തിയ സത്‌നാംസിങ് എന്ന 23വയസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ അമൃതാനന്ദമയിയ്ക്കു ചുറ്റും ചാവേറുകളായി അണിനിരന്നത് സംഘപരിവാറായിരുന്നു. അമൃതാനന്ദമയിയുടെ ആത്മീയ സാമ്രാജ്യത്തിന്റെ അതിരുകള്‍ സംഘപരിവാറിലവസാനിക്കുന്നില്ല എന്നതും വിസ്മരിക്കരുത്.

കൊല്ലപ്പെട്ട സത്‌നാംസിങിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിലായിരുന്നില്ല സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ താത്പര്യം സത്‌നാംസിങിന്റെ ദാരുണമായ കൊലപാതകത്തിലേക്കു നയിച്ച കുറ്റകൃത്യ പരമ്പരയിലെ ആദ്യകണ്ണിയായ ആശ്രമം സന്ദര്‍ശിക്കുകയും ചോദ്യം ചെയ്യപ്പെടേണ്ട കുറ്റാരോപിതരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തരമന്ത്രി മതേതരത്വത്തിന് അപമാനമാണ്.

കൊലപാതകത്തിനിടയാക്കിയ കുറ്റകൃത്യപരമ്പരയില്‍ അമൃതാനന്ദമയിമഠത്തിനു പങ്കുണ്ടെങ്കില്‍ അതന്വേഷിക്കണമെന്ന് പരസ്യമായി പറയാനുള്ള മതേതരനിര്‍ഭയത്വം ഇവിടുത്തെ സ്വപ്രഖ്യാപിത ഇടതുപക്ഷപാര്‍ട്ടികള്‍ക്കും ഉണ്ടായില്ല. ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുത്താല്‍ എത്ര വോട്ട് നഷ്ടപ്പെടുമെന്ന അതിക്ഷുദ്രമായ ചിന്തയാണ് ഇടതുപക്ഷത്തെ നയിക്കുന്നത്.

മതേതരമായ മൂല്യപ്രതിബദ്ധതയേക്കാള്‍ തിരഞ്ഞെടുപ്പു വിജയത്തിനു വിലകല്പിക്കുന്ന കേരളത്തിലെ ഇടതുപക്ഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തം സാധ്യതയുടെ അടിവാരമാണ് തോണ്ടുന്നത്. കാരണം ആകാശംമുട്ടെ വളരുന്ന ആള്‍ദൈവങ്ങളും അവര്‍ക്കു സ്വയം പണയപ്പെടുത്തുന്ന ശിഷ്യകൂട്ടങ്ങളും പെരുകുന്തോറും ഇടതുപക്ഷോന്മുഖമായ രാഷ്ട്രീയ ഭൂമികയുടെ വലിപ്പവും കുറയും. അത് ക്രമേണ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിത്തുമുളയ്ക്കാത്ത രാഷ്ട്രീയമരുഭൂമിയാക്കി കേരളത്തെ മാറ്റുകയും ചെയ്യും. ദീര്‍ഘവീക്ഷണവും മൂല്യബോധവും ധിഷണാശക്തിയുമില്ലാത്ത ഒരുപറ്റം ശരാശരി സംഘാടകര്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നതിന്റെ ദുരന്തമാണിത്.

19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും മനശാസ്ത്രജ്ഞനായ വില്യം ജെയിംസ്, മതത്തെ സാമൂഹ്യനിരപേക്ഷമായ വ്യക്തിസ്വത്വത്തിന്റെ ആന്തരിക-നിഗൂഢാനുഭവമായി സിദ്ധാന്തീകരിച്ചു. “വ്യക്തികളുടെ ഏകാന്തവും സ്വകാര്യവുമായ വികാരങ്ങള്‍, അനുഭവങ്ങള്‍, ബോധാവസ്ഥകള്‍” എന്ന് ജെയിംസ് മതത്തെ നിര്‍വചിച്ചു.

ആന്തരികമായ ബോധാവസ്ഥകളിലേക്കു മതത്തെ ന്യൂനീകരിച്ച ജെയിംസിന്റെ സിദ്ധാന്തീകരണം ഫലത്തില്‍ ആധുനിക മിസ്റ്റിക്കുകളെ സാധൂകരിക്കുകയായിരുന്നു. ആത്മീയതെക്കുറിച്ചുള്ള ജെയിംസിയന്‍ സിദ്ധാന്തങ്ങളെ പിന്‍പറ്റിയ എബ്രഹാം മാസ്‌ലോവും കാള്‍ യുങ്ങും ആധുനികമിസ്റ്റിസിസത്തിന്റെ പ്രചാരത്തിനു നല്‍കിയ സംഭാവന പ്രധാനമാണ്. എബ്രഹാം മാസ്‌ലോവിന്റെ മനശാസ്ത്രവ്യവഹാരത്തില്‍, ബോധാവസ്ഥകളെമാറ്റിമറിക്കുന്ന സ്വകീയാനന്ദദായിനിയായ ഔഷധവും ഉപകരണവുമായി ആത്മീയത രൂപാന്തരപ്പെടുന്നു. സ്ഥാപനവത്കൃതവും പരമ്പരാഗതവുമായ മതത്തില്‍നിന്നു ആത്മീയതയെ സ്വതന്ത്രമാക്കിയ മാസ്‌ലോവ് അതിനെ മതേതരവിപണിയിലേക്കു പറിച്ചുനടുകയായിരുന്നു.

മരണാനന്തരം മാസ്‌ലോവ്  കൂടുതല്‍ പ്രസക്തനാവുന്നതിനുകാരണം സിലിക്കണ്‍ വാലി പോലുള്ള സ്ഥലങ്ങളാണെന്ന് ഡിബോറ സ്റ്റീഫന്‍സ് നിരീക്ഷിക്കുന്നു. വിപണിസൗഹൃദപരമായ ഒരു ആത്മീയതയെ നിര്‍മിച്ചെടുക്കുന്നതില്‍ “ട്രാന്‍സ്‌പേഴ്‌സണല്‍ മനശാസ്ത്രവ്യവഹാര”വും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.  മനശാസ്ത്രവത്കരിക്കപ്പെട്ട വ്യക്തി ഏകാകിയും അനാഥനും അന്തര്‍മുഖനും പരാശ്രിതനുമാണ്. അധികാരം, അനീതി, പാരതന്ത്ര്യം, ചൂഷണം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഹിംസ, ഫാസിസം, അസമത്വം എന്നിങ്ങനെ സമസ്ത സാമൂഹ്യപ്രശ്‌നങ്ങളും വ്യക്തിയുടെ അസ്തിത്വദുഃഖങ്ങളും സംത്രാസങ്ങളുമായി രൂപാന്തരപ്പെടുന്നു.

തന്റെ 50-ാം പിറന്നാള്‍ ആഘോഷത്തിന് അനവധി രാഷ്ട്രത്തലവന്മാരെയാണ് അമൃതാനന്ദമയി അവരുടെ കാല്‍ക്കല്‍ ഇരുത്തി പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും അധികാരവും സമ്പത്തുമുള്ള വ്യക്തികള്‍പോലും അമൃതാനന്ദമയിയുടെ കരവലയത്തിലമരാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച, ഏതു ശരാശരി മലയാളിയെയാണ് പ്രലോഭിക്കാത്തത്?

സാമൂഹ്യജീവിതത്തില്‍ നിന്ന് സ്വയം പ്രവാസികളാകുന്ന ഇത്തരം എകാന്തവ്യക്തിത്വങ്ങളുടെ “സ്വകാര്യദുഃഖ”ങ്ങള്‍ക്ക് സ്വകാര്യമായ ഉത്തരങ്ങളും അഭയകേന്ദ്രങ്ങളും ആവശ്യമായിത്തീരുന്നു. ഏകാന്തവ്യക്തികള്‍ക്കാവശ്യമായ സ്വകാര്യ സാന്ത്വനത്തിന്റെയും അഭയത്തിന്റെയും നിര്‍മാണ-വിതരണക്കാര്‍ എന്ന നിലയ്ക്കാണ് നവയുഗ ആത്മീയതയും ആള്‍ദൈവങ്ങളും രൂപംകൊള്ളുന്നത്.

ആധുനിക മുതലാളിത്തം വ്യക്തിയെ നിര്‍വചിക്കുന്നത്, കമ്പോളത്തില്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള ഉപഭോക്താവായിട്ടാണ്. ആധുനികോത്തര മുതലാളിത്ത സൃഷ്ടിയായ നവയുഗ ആത്മീയതയുടെ വിപണിയില്‍ വില്പനയ്ക്കുവച്ചിരിക്കുന്ന “സ്‌നേഹം”, “കാരുണ്യം”, “ആനന്ദം”, “ആത്മ-സാക്ഷാത്കാരം”, “പൂര്‍ണത”, “ജീവനകല”, “ധ്യാനം”, “ഭക്തി” തുടങ്ങിയ ആത്മീയ ചരക്കുകളെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള ആത്മീയോപഭേക്താക്കളാണ് അമൃതാനന്ദമയിയെപോലുള്ള “അമ്മ”മാരെ സാധ്യമാക്കുന്നത്.

ചരക്കിനെ വിപണനം ചെയ്യാന്‍ മുതലാളിത്തം ഉപയോഗിക്കുന്ന വിപണനതന്ത്രങ്ങള്‍ തന്നെയാണ് ഇവരും ആശ്രയിക്കുന്നത്. സിനിമാ-സ്‌പോര്‍ട്‌സ് രംഗങ്ങളിലും ഭരണകൂടത്തിന്റെ ഉന്നതങ്ങളിലുമുള്ള “സെലിബ്രിറ്റി”കളെ സ്വന്തം ബ്രാന്‍ഡ് അംബാസിഡറാക്കുകയെന്നാണ് പുതിയ വിപണനതന്ത്രം. സിനിമാതാരങ്ങള്‍ ചരക്കുകളുടെ പ്രചാരകരും ഉപഭോക്താക്കളുമായി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ അവരുടെ ആരാധകലക്ഷങ്ങളെ ഈ ചരക്കുകളുടെ ഉപഭോക്താക്കളാക്കാന്‍ പ്രേരിപ്പിക്കും.

മുതലാളിത്ത പരസ്യവിപണിയെപ്പോലും അതിശയിപ്പിക്കുന്ന പരസ്യ-വിപണന തന്ത്രങ്ങളിലൂടെയാണ് അമൃതാനന്ദമയി എന്ന ആത്മീയോത്പന്നം സ്വയം വില്‍ക്കുന്നത്. ഇന്ത്യയുടെ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ജഡ്ജിമാര്‍, രാഷ്ട്രീയനേതാക്കള്‍, പത്രഉടമകള്‍, സിനിമാ-സ്‌പോര്‍ട് താരങ്ങള്‍, ഗായകര്‍, എഴുത്തുകാര്‍ എന്നിങ്ങനെ സാധാരണക്കാരുടെ അഭിരുചികളെയും ഉന്‍മുഖതകളെയും സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളെ തന്റെ ശിഷ്യരും അഭ്യുദയകാംക്ഷികളുമായി പ്രദര്‍ശിപ്പിക്കുന്ന അമൃതാനന്ദമയി, “സെലിബ്രിറ്റികളുടെ സെലിബ്രിറ്റി”യായി മാറുകയും വിപണിമൂല്യം പലമടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തന്റെ 50-ാം പിറന്നാള്‍ ആഘോഷത്തിന് അനവധി രാഷ്ട്രത്തലവന്മാരെയാണ് അമൃതാനന്ദമയി അവരുടെ കാല്‍ക്കല്‍ ഇരുത്തി പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും അധികാരവും സമ്പത്തുമുള്ള വ്യക്തികള്‍പോലും അമൃതാനന്ദമയിയുടെ കരവലയത്തിലമരാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച, ഏതു ശരാശരി മലയാളിയെയാണ് പ്രലോഭിക്കാത്തത്?

എല്ലാത്തരം അധികാരശക്തികളോടും ഏകാന്തവ്യക്തികള്‍ക്കുള്ള വികാരം ഭയത്തിന്റേതാണ്. അമൃതാനന്ദമയി എന്ന ആത്മീയാധികാരശക്തിക്ക് മുന്നില്‍ നില്‍ക്കുന്ന ഭക്തന്‍ നിരാലംബനും ഭയചകിതനുമാണ്. കോഴിക്കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനുള്ളില്‍ ഒളിക്കുന്നതുപോലെ ഈ ഭക്തര്‍ “അമ്മ”യുടെ കരവലയത്തിലഭയം കണ്ടെത്തുന്നവരായിമാറുന്നു. “നവയുഗ ആത്മീയതയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കുന്ന ആത്മീയശാന്തി, വാസ്തവത്തില്‍, തങ്ങളെ വേട്ടയാടുന്നതായി ഭക്തര്‍ കരുതുന്നതും പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഭൗതികസംസ്‌കാരത്തിന്റെ വിപണിവിജയത്തിനാ് ആവശ്യമായ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജെറിമി കാരറ്റും റിച്ചാര്‍ഡ് കിംഗും വിമര്‍ശിക്കുന്നു.

അമൃതാനന്ദമയി എന്ന പ്രതിഭാസം പരമ്പരാഗത ഹിന്ദുസന്യാസവ്യക്തിത്വങ്ങളില്‍നിന്നും വ്യത്യസ്തമാണ്. പരമ്പരാഗത ഇന്ത്യ രണ്ടുതരം സന്യാസ വ്യക്തിത്വങ്ങള്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. ഒന്നാമത്തേത്, ജാതി-ധര്‍മ ശാസ്ത്രത്തിന്റെ സമ്പൂര്‍ണ സാധൂകരണമുള്ള ബ്രാഹ്മണ സന്യാസിമാരാണ്. രണ്ടാമത്തേത്, താഴ്ന്ന-ഇടത്തരം ജാതികളില്‍നിന്ന് പലതരം പ്രതിരോധ പ്രതിഷേധങ്ങളുടെ ഭാഗമായി സന്യാസം സ്വീകരിച്ചവര്‍.

ഈ രണ്ടു വിഭാഗം സന്യാസിമാര്‍ക്കും പാരമ്പര്യം ആവശ്യപ്പെടുന്ന പാണ്ഡിത്യവും ശിക്ഷണവും ലഭിച്ചിരുന്നു. താഴ്ന്ന ജാതികളില്‍ നിന്ന് വന്നവരും ക്രമേണ സന്യാസാശ്രമത്തിന്റെ പാരമ്പര്യത്തെ സ്വാംശീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുകയാണുണ്ടായത്. ഏതെങ്കിലും പാരമ്പര്യത്തിന്റെയോ ജാതിയുടെയോ സാധൂകരണമില്ലാതെ സന്യാസിമാരായ ഒറ്റപ്പെട്ട മിസ്റ്റിക്കുകള്‍ ഇന്ത്യയുടെ പല ദേശങ്ങളിലും ആവിര്‍ഭവിച്ചിട്ടുണ്ട്. പക്ഷെ, “പാരമ്പര്യധ്വംസനം” തന്നെ ക്രമേണ പാരമ്പര്യവത്കരിക്കപ്പെടുന്ന പ്രവണതയാണ് ഇന്ത്യയില്‍ സംഭവിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

ആശ്ലേഷിക്കപ്പെടുന്ന ഓരോ ഭക്തനും ഭക്തയും പ്രായ-ലിംഗഭേദമെന്യേ വിശുദ്ധമായൊരു സ്പര്‍ശനസായൂജ്യവും അഭയവും സ്വയം അനുഭവിക്കുന്നു. ക്ഷേത്രങ്ങളിലെ പൂജാവിഗ്രഹങ്ങള്‍ മനുഷ്യരൂപം പൂണ്ട് ഭക്തരിലേക്ക് ഇറങ്ങിവരാറില്ലല്ലോ. ദൂരെനിന്നുള്ള ദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും അദൃശ്യതയുടെ, പരോക്ഷതയുടെ, അകലമുണ്ട്. ഭക്തിയാല്‍ ഭ്രാന്താവേശിതമായവര്‍ ആരാധനാമൂര്‍ത്തിയുമായി സ്ഥാപിക്കുന്ന ബന്ധം മാനസികമാണ്. എന്നാല്‍ ഭക്തിയെ ദൃശ്യപരവും പ്രത്യക്ഷവുമാക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് അമൃതാനന്ദമയി ആവിഷ്‌കരിച്ചത്.

Amrithananda Mayiശരീരപരിപാലാളനവാസനയും ആശ്ലേഷവും

പാരമ്പര്യത്തിന്റെയോ പാരമ്പര്യ ധ്വംസനത്തിന്റെയോ ക്ലാസിക് ലക്ഷണങ്ങളൊന്നുമില്ലാത്ത സുധാമണി എന്ന തീരദേശ നിരക്ഷരയുവതി 1980-കളില്‍ അമൃതാനന്ദമയിയിലേക്കു വളരുകയാണുണ്ടായത്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മമെടുത്ത് ആരാധകര്‍ക്ക് നല്കുന്ന ചെപ്പടിവിദ്യ, സായിബാബയ്ക്ക് ഒരു അത്ഭുതപരിവേഷം നല്കിയെങ്കിലും ആരാധകരുമായുള്ള ബന്ധത്തില്‍ ഹൃദയംഗമമായ അടുപ്പത്തിന്റെ അഭാവമുണ്ടായിരുന്നു. ഇവിടെയാണ് അമൃതാനന്ദമയിയുടെ “ആശ്ലേഷ”വും “മോനെ-മോളെ” വിളിയും സവിശേഷമാകുന്നത്. തന്റെ ഭക്തരെ ആശ്ലേഷിക്കുന്ന അമൃതാനന്ദമയി അവരുമായി “ഹൃദയംഗമമായ അടുപ്പം” (intimacy) സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ആശ്ലേഷിക്കപ്പെടുന്ന ഓരോ ഭക്തനും ഭക്തയും പ്രായ-ലിംഗഭേദമെന്യേ വിശുദ്ധമായൊരു സ്പര്‍ശനസായൂജ്യവും അഭയവും സ്വയം അനുഭവിക്കുന്നു. ക്ഷേത്രങ്ങളിലെ പൂജാവിഗ്രഹങ്ങള്‍ മനുഷ്യരൂപം പൂണ്ട് ഭക്തരിലേക്ക് ഇറങ്ങിവരാറില്ലല്ലോ. ദൂരെനിന്നുള്ള ദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും അദൃശ്യതയുടെ, പരോക്ഷതയുടെ, അകലമുണ്ട്. ഭക്തിയാല്‍ ഭ്രാന്താവേശിതമായവര്‍ ആരാധനാമൂര്‍ത്തിയുമായി സ്ഥാപിക്കുന്ന ബന്ധം മാനസികമാണ്. എന്നാല്‍ ഭക്തിയെ ദൃശ്യപരവും പ്രത്യക്ഷവുമാക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് അമൃതാനന്ദമയി ആവിഷ്‌കരിച്ചത്.

ഭക്തരെ ശാരീരികമായി തന്നിലേക്കടുപ്പിക്കാനും അവരുമായി പ്രത്യക്ഷവും ഹൃദയംഗവുമായ അടുപ്പത്തിന്റെ പ്രതീതി സൃഷ്ടിക്കുവാനും ആശ്ലേഷമെന്ന ആത്മീയ ജാലവിദ്യയ്ക്കു കഴിയുന്നു എന്നതാണ് പ്രധാനം. അമൃതാനന്ദമയിയുടെ ആശ്ലേഷത്തിനായി സ്വന്തം ശരീരത്തെ വിട്ടുകൊടുക്കുന്നവര്‍, അവരുടെ മോനെ-മോളെ വിളിക്കായി കാതു നല്‍കുന്നവര്‍, ഫലത്തില്‍ ശൈശവത്തെ സ്വയം ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. തന്റെ മുന്നിലെത്തുന്ന ഭക്തരെ താത്കാലികമായിട്ടെങ്കിലും ശിശുവത്കരിക്കാന്‍ കഴിയുന്ന അമൃതാനന്ദമയിയാകട്ടെ, “അമ്മ”യുടെ പദവിയിലേക്കു സ്വയം അവരോധിക്കുകയും ചെയ്യുന്നു. ഭക്തരുടെ ഈ “ബാലാരിഷ്ടത”യുടെ സ്വാഭാവികമായ ഉല്പന്നമാണ് “അമ്മ”.

ആത്മീയമായ ബാലാരിഷ്ടതയ്ക്കു വിധേയരായ ഭക്തക്കൂട്ടങ്ങളുടെ നിരുത്തരവാദപരവും രോഗാതുരവും വിഭ്രാന്തവുമായ മനോനില ആവശ്യപ്പെടുന്നത് ഒരു വലിയ അമ്മയെയാണ്. ആശ്ലേഷിക്കാനുള്ള ആരോഗ്യം മാത്രമാണ് അമ്മയുടെ ആത്മീയയോഗ്യത. ആശ്ലേഷമൂര്‍ത്തിയായ അമൃതാനന്ദമയിയില്‍ നിന്ന് ആത്മീയരോഗികള്‍ അഭിലഷിക്കുന്നത് അഭയവും ആശ്രയവും മാത്രമാണ്. ബാലാരിഷ്ടതയുടെയും പരാശ്രയത്തിന്റെയും ആശ്ലേഷത്തിന്റെയും മാതൃപ്രതിച്ഛായയുടെയും രോഗാതുരമായ ഒരു ദൂഷിതവലയമാണിത്. ഈ ദൂഷിതവയത്തിലകപ്പെടുന്ന ഭക്തശിശുക്കളുടെ രോഗാതുരമായ മനോനിലയെ മൂലധനമാക്കിക്കൊണ്ടാണ് സുധാമണി അമൃതാനന്ദമയിയിലേക്കു വളര്‍ന്നത്.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും പക്വമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇന്നും നമുക്കിടയിലുണ്ട്.

ജൈവനരവംശശാസ്ത്രജ്ഞനായ റോബിന്‍ ഡന്‍ബര്‍ ഭാഷയുടെ സാമൂഹ്യഉത്പത്തിയില്‍ “ശരീരപരിലാളന” (Physical grooming) ത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യുന്നുണ്ട്. മനുഷ്യവംശപരിണാമത്തിന്റെ ആദിമഘട്ടങ്ങളില്‍, ഭാഷയുടെ അഭാവത്തില്‍ ആശയവിനിമയത്തിന് കണ്ടെത്തിയ മാര്‍ഗം ശരീരങ്ങള്‍ അന്യോന്യം പരിലാളിക്കുന്ന സമ്പ്രദായമായിരുന്നു. ശരീരങ്ങളെ പരസ്പരം ശുശ്രൂഷിക്കുകയും ചെള്ളും പേനും നീക്കം ചെയ്യുകയും ചെയ്യുന്ന ഈ പ്രവൃത്തിയിലൂടെ സാമൂഹ്യമായ വിവരങ്ങള്‍ കൈമാറുകയും സമ്പര്‍ക്കത്തിന്റെ ഊഷ്മളത സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായ ആശയ-വിവരവിനിമയോപാധി എന്ന നിലയില്‍ ഭാഷ രൂപംകൊണ്ടതോടെ ശരീരപരിലാളനം അപ്രസക്തമാകുകയാണുണ്ടായത്.

സംസാരിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് കുഞ്ഞിന് അമ്മയുമായുള്ള ബന്ധം മുഖ്യമായും ശരീരപരിലാളനയും നോട്ടവുമാണ്. അമ്മയുടെ നോട്ടം, സ്പര്‍ശം, തലോടല്‍, ചുംബനം എന്നീ ശാരീരിക ലാളനകളില്‍ കുഞ്ഞ് അമ്മയുമായി വിനിമയം നടത്തുക മാത്രമല്ല ആനന്ദവും അഭയവും അനുഭവിക്കുന്നുണ്ട്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും യൗവനത്തിലേക്കു വളര്‍ന്നിട്ടില്ലാത്ത മനുഷ്യരില്‍ ചിലപ്പോഴൊക്കെ പ്രാചീനതമവും ഭാഷാപൂര്‍വവുമായ ഈ ശരീരപരിലാളന വാസന മടങ്ങിയെത്താറുണ്ടെന്ന് റോബിന്‍ ഡന്‍ബര്‍ നിരീക്ഷിക്കുന്നു. ഇത്തരം ശരീരപരിലാളന വാഞ്ചയുടെ ലക്ഷ്യം ആശയവിനിമയമോ ചെള്ളും പേനും നീക്കം ചെയ്യലോ അല്ല. കാരണം, ഇന്ന് വിനിമയത്തിന് ഭാഷയുണ്ട്. ശരീരശുചിത്വത്തിന് ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പക്ഷെ, ശരീരപരിലാളനയിലേര്‍പ്പെടുന്നവര്‍ ഒരുതരം വികാരവിനിമയം നടത്തുകയാണ് ചെയ്യുന്നതെന്ന് ഡന്‍ബര്‍ പറയുന്നു.

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിന്റെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ “ശരീരപരിലാളന വാസന”യാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പക്വമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇന്നും നമുക്കിടയിലുണ്ട്. ഇത് പ്രത്യക്ഷരോഗാതുരതയുടെ ലക്ഷണങ്ങള്‍ ആര്‍ജിച്ചിട്ടില്ലെങ്കിലും പരിണാമപരമായി നോക്കുമ്പോള്‍ ഒരു വളര്‍ച്ചാദോഷം തന്നെയാണ്.

ആശയവിനിമയത്തിനും സമ്പര്‍ക്കത്തിനും ഭാഷയെ ഉപയോഗിക്കുമ്പോള്‍ തന്നെ, വളര്‍ച്ചാദോഷം ബാധിച്ചവര്‍ക്ക് വൈകാരികമായ അരക്ഷിതത്വം അനുഭവപ്പെടാനിടയുണ്ട്. ഇത്തരമാളുകള്‍ക്ക് അമൃതാനന്ദമയിയുടെ ആശ്ലേഷം അഭയവും ആശ്വാസവുമായി അനുഭവപ്പെടുക സ്വാഭാവികമാണ്. അനുഷ്ഠാനപരമായ പരിലാളനത്തിന്, അതിനുവിധേയമാകുന്നവരുടെ മസ്തിഷ്‌ക-മനോനിലകളെ ഗാഢമായി സ്വാധീനിക്കാനും പരിലാളനയുടെ ആശയ-മൂല്യലോകത്തിലേക്കു വശീകരിക്കാനും കഴിയും.

തുടരും…

ഭാഗം രണ്ട്‌

ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും

റഫറന്‍സ്

1.     Michel de Certeau, Heterologies: Discourses on the Other)

2.     Zlavoj Zizek, The Fragile Absolute or Why is the Christian Legacy worth Fighting For?

3.     Hent De Vries, Philosophy and the Turn to Religion

4.     Immanuel Kant, Critique of Judgement, Book II, Part 1

5.     Heidegger, Being and Time

6.     William James, The Varieties of Religious Experience

7.     Abraham Maslow, Religious values and Peak Experiences

8.     Deborah Stephens, The Maslov Business Reader

9.     Jeremy Carrette and Richard King, 2008, Selling Spirituality: The Silent Takeover of Religion

10.   Robin Dunbar, Functional Significance of Social grooming in Primates, Folia Primatologica, 57, 1991