പുല്‍വാമയില്‍ തീവ്രവാദി ആക്രമണം; ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു
National
പുല്‍വാമയില്‍ തീവ്രവാദി ആക്രമണം; ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 7:54 am

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കേന്ദ്ര റിസര്‍വ് പൊലീസിലെ ഒരു ജവാന്‍ മരിച്ചു. ഞായറാഴ്ചയാണ് അക്രമം നടന്നത്. സി.ആര്‍.പി.എഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അതെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു.


Read  Also : ശ്രീധരന്‍പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ട്


 

നേരത്തെ ജമ്മുകശ്മീരില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയിരുന്നു. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പോലീസ് വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന മുദാസിര്‍ അഹമ്മദിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. തീവ്രവാദികളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ കശ്മീരില്‍ ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. സ്വദേശത്തേക്ക് പോകാനായി പുല്‍വാമയിലെത്തിയ ഔറംഗസേബിനെ അവിടെ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.