Kerala News
'ചില്ലറ ഉളുപ്പില്ലായ്മ പോരാ'; ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച സുരേഷ് ഗോപിക്കെതിരെയും സ്വീകരിച്ച സമരക്കാർക്കെതിരെയും വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 02, 04:21 am
Sunday, 2nd March 2025, 9:51 am
യൂണിയൻ സർക്കാർ ആശാവർക്കർമാരെ തൊഴിലാളികളായി പോലും കാണാൻ തയ്യാറല്ല. അവർക്ക് മതിയായ വേതനം നൽകാൻ തയ്യാറല്ല. വോളണ്ടറി പ്രവർത്തകർ എന്നാണ് യൂണിയന്റെ നിലപാട് പോലും. ചെയ്ത ജോലിക്ക് കൂലി കിട്ടാനും മാന്യമായ പ്രതിഫലം കിട്ടാനുമാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത്. ആ സമരപ്പന്തലിൽ സുരേഷ്ഗോപിയെപ്പോലൊരു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളികളുടെ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടുന്നത് പോലൊരു അശ്ലീലമുണ്ടോ രാഷ്ട്രീയത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ 21 ദിവസമായി എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാരെ സന്ദർശിച്ച കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെയും സ്വീകരിച്ച സമരക്കാർക്കെതിരെയും വിമർശനം.

വേതന വർധനവ് ഉളപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ കഴിഞ്ഞ 21 ദിവസങ്ങളായി ആശാ വർക്കർമാർ രാപ്പകൽ സമരത്തിലാണ്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ 2005 ൽ ആരംഭിച്ച ആശാ എന്ന സ്കീമിന് കീഴിൽ പ്രവർത്തിക്കുന്ന ഇവർക്ക് വേണ്ട പരിഗണന കേന്ദ്ര സർക്കാർ നൽകാതിരിക്കുമ്പോഴാണ് കേന്ദ്ര സഹ മന്ത്രി അവിടേക്ക് സന്ദർശനത്തിനെത്തുന്നത്.

മുദ്രാവാക്യങ്ങളോ പ്രതിഷേധമോ ഇല്ലാതെ സുരേഷ്‌ഗോപിയെ ആശമാർ സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെയാണിപ്പോൾ വിമർശനം ഉയരുന്നത്. അഭിഭാഷകൻ ഹരീഷ് വാസുദേവൻ, പരിസ്ഥിതി-ആണവ വിരുദ്ധ പ്രവർത്തകൻ കെ. സഹദേവൻ , ബിബിത്ത് കോഴിക്കളത്തിൽ തുടങ്ങിയവരാണ് വിമർശകർ. തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മൂവരും വിമർശനം ഉന്നയിച്ചത്.

രാജ്യത്തെ നൂറിലധികം തൊഴിൽ നിയമങ്ങൾ റദ്ദുചെയ്ത് നാല് ലേബർ കോഡുകളായി ചുരുക്കി, വ്യവസായികൾക്കും വൻകിട കോർപ്പറേറ്റ് കമ്പനികൾക്കും അനുകൂലമാക്കി മാറ്റി, സംഘടിക്കാനുള്ള അവകാശങ്ങൾ പോലും പരിമിതപ്പെടുത്തി തൊഴിൽ നിയമ ഭേദഗതി തയ്യാറാക്കിയ സംഘ പരിവാറിനെ സമരപ്പന്തലിൽ സ്വീകരിച്ചാനയിക്കുന്നതിനും അശ്ലീല നാടകം അരങ്ങേറ്റാൻ അനുവദിക്കുന്നതിനെയും ഒരു കാരണവശാലും പിന്തുണയ്ക്കുകയില്ലെന്ന് പ്രഖ്യാപിക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച പ്രതിമാസ അടിസ്ഥാന വേതനം 21, 000 രൂപയെന്നത് തൊഴിലെടുക്കുന്ന ഓരോ വ്യക്തിയുടെയും അവകാശമാണ്. അത് ഉറപ്പു വരുത്തുക എന്നത് ഏതൊരു സർക്കാരിൻ്റെയും നിയമപരമായ ഉത്തരവാദിത്തമാണ്. സ്വന്തം നിലയിൽ പദ്ധതി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവലിയുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ കൂടിയാണ് ആശാ വർക്കമാരുടെ സമരത്തിൻ്റെ കുന്തമുന നീളേണ്ടത്

കെ. സഹദേവൻ

സുരേഷ് ഗോപിയുടെ കാപട്യത്തെയും തുറന്നുകാട്ടാൻ സമരക്കാർക്ക് ബാധ്യതയുണ്ട്. ഇന്ത്യയാകെ ആശാവർക്കർമാർക്ക് നൽകേണ്ട സാമ്പത്തിക സഹായം കേന്ദ്രം നൽകുന്നില്ല. ബി.ജെ.പി ഭരിക്കുന്ന ഒറ്റ സംസ്ഥാനത്തും കേരളത്തിലെ ആശാവർക്കർമാർക്ക് കൊടുക്കുന്നത്രയും ഓണറേറിയം നൽകുന്നില്ലെന്ന് ബിബിത്ത് വിമർശിച്ചു.

ആശാ വർക്കർമാരുടെ സമരത്തിന് പോയ സുരേഷ് ഗോപിയെ ഹരീഷ് വാസുദേവനും രൂക്ഷമായി വിമർശിച്ചു.

‘ആശാവർക്കർമാരുടെ സമരത്തിന് പോകാൻ ഒരു ഇന്ത്യൻ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് മന്ത്രിക്ക് ചില്ലറ ഉളുപ്പില്ലായ്മ പോരാ. യൂണിയൻ സർക്കാർ ആശാവർക്കർമാരെ തൊഴിലാളികളായി പോലും കാണാൻ തയ്യാറല്ല. അവർക്ക് മതിയായ വേതനം നൽകാൻ തയ്യാറല്ല. വോളണ്ടറി പ്രവർത്തകർ എന്നാണ് യൂണിയന്റെ നിലപാട് പോലും. ചെയ്ത ജോലിക്ക് കൂലി കിട്ടാനും മാന്യമായ പ്രതിഫലം കിട്ടാനുമാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത്. ആ സമരപ്പന്തലിൽ സുരേഷ്ഗോപിയെപ്പോലൊരു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളികളുടെ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടുന്നത് പോലൊരു അശ്ലീലമുണ്ടോ രാഷ്ട്രീയത്തിൽ? ഇന്നത്തെ യൂണിയൻ സർക്കാരിനോട് ചോദ്യങ്ങളില്ലാത്ത പ്രതിഷേധമില്ലാത്ത തൊഴിലാളി സമരം എന്തൊരു മോശം രാഷ്ട്രീയ സീനാണ്? ഇത് SUCI യുടെ ഇരട്ടത്താപ്പ് ആണെന്ന് വേണ്ടേ മനസ്സിലാക്കാൻ?,’ ഹരീഷ് വാസുദേവൻ ചോദിച്ചു.

ആശാ വർക്കേർസ് മാത്രമല്ല മിനിമം വേതനം ലഭിക്കാത്ത ഏതൊരു തൊഴിൽ വിഭാഗങ്ങളുടെ സമരത്തിനൊപ്പമായിരിക്കും എന്നും എന്നാലത് സമര സംഘടനകളുടെ തെറ്റായ തീരുമാനങ്ങൾക്കുള്ള ഉപാധിരഹിത പിന്തുണ അല്ലെന്നും കെ. സഹദേവൻ പറഞ്ഞു.

‘രാജ്യത്തെ നൂറിലധികം തൊഴിൽ നിയമങ്ങൾ റദ്ദുചെയ്ത് നാല് ലേബർ കോഡുകളായി ചുരുക്കി, വ്യവസായികൾക്കും വൻകിട കോർപ്പറേറ്റ് കമ്പനികൾക്കും അനുകൂലമാക്കി മാറ്റി, സംഘടിക്കാനുള്ള അവകാശങ്ങൾ പോലും പരിമിതപ്പെടുത്തി തൊഴിൽ നിയമ ഭേദഗതി തയ്യാറാക്കിയ സംഘ പരിവാറിനെ സമരപ്പന്തലിൽ സ്വീകരിച്ചാനയിക്കുന്നതിനും അശ്ലീല നാടകം അരങ്ങേറ്റാൻ അനുവദിക്കുന്നതിനെയും ഒരു കാരണവശാലും പിന്തുണയ്ക്കുകയില്ലെന്ന് പ്രഖ്യാപിക്കുന്നു.

ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച പ്രതിമാസ അടിസ്ഥാന വേതനം 21, 000 രൂപയെന്നത് തൊഴിലെടുക്കുന്ന ഓരോ വ്യക്തിയുടെയും അവകാശമാണ്. അത് ഉറപ്പു വരുത്തുക എന്നത് ഏതൊരു സർക്കാരിൻ്റെയും നിയമപരമായ ഉത്തരവാദിത്തമാണ്. സ്വന്തം നിലയിൽ പദ്ധതി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവലിയുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ കൂടിയാണ് ആശാ വർക്കമാരുടെ സമരത്തിൻ്റെ കുന്തമുന നീളേണ്ടത്,’ സഹദേവൻ വിമർശിച്ചു.

മൂവരുടെയും ഫേസ്ബുക് പോസ്റ്റിന് കീഴിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ‘അവർ സമരമുഖത്താണ് പിന്തുണയായി വരുന്ന ഒരാളെ എങ്ങനെ ആട്ടിപ്പായ്ക്കും’ എന്നാണ് ഒരു വ്യക്തിയുടെ ചോദ്യം. ആശമാർക്ക്
മധ്യപ്രദേശും പശ്ചിമ ബംഗാളും 6000 രൂപ വീതവും, മഹാരാഷ്ട്രയും കർണ്ണാടകയും 5000 രൂപ വീതവും കൊടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന തുകയായ 13200 രൂപയാണ് കേരളം കൊടുക്കുന്നതെന്ന് മറ്റൊരു വ്യക്തി ചൂണ്ടിക്കാണിച്ചു.

ആശ എന്ന സ്കീം കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ 2005ലാണ് ആരംഭിച്ചത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണനിരക്ക് കുറയ്ക്കാനും ഗർഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലം വരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടില്ല. സന്നദ്ധപ്രവർത്തകരായാണ് ഇവരെ കണക്കാക്കേണ്ടതെന്നാണ് എൻ.എച്ച്.എം വ്യവസ്ഥ. ഈ കാരണങ്ങളാൽ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം തന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

2016ൽ വന്ന പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ. കെ. ശൈലജ മുൻകൈയെടുത്ത് ആശമാർക്ക് അനുകൂലനിലപാടുകൾ സ്വീകരിച്ചുവെന്ന് എളമരം കരീം തന്റെ ലേഖനത്തിൽ പറഞ്ഞു. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഫിക്സഡ് ഇൻസെൻ്റീവായി 2000 രൂപയും പിന്നീട് ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കിയതും കേരള സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ ഘട്ടം ഘട്ടമായി ഓണറേറിയം 6000 രൂപയാക്കിയിരുന്നെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

 

Content Highlight: Criticism against Suresh Gopi who visited the Asha worker’s protest camp and the protestors who received it