Kerala News
അമേരിക്കയിലെ ചാരിറ്റി ഭക്ഷ്യ കേന്ദ്രം സർക്കാർ റേഷൻ കടയെന്ന് മലയാളി വ്ലോഗർ; വിമർശനം
ചിക്കാഗോ: അമേരിക്കയിൽ പട്ടിണി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഭക്ഷ്യ ചാരിറ്റി കേന്ദ്രങ്ങളെ കേരളത്തിലെ റേഷൻ കടകളോട് ഉപമിച്ചു വ്ലോഗ് ചെയ്ത മലയാളി ഫുഡ് വ്ലോഗർക്കെതിരെ വ്യാപക വിമർശനം.
ട്രാവൽ ഫോർ ഫുഡ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ടിറ്റു ജോണിനെതിരെയാണ് വിമർശനം. ‘അമേരിക്കയിലെ റേഷൻ കടയിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ കണ്ടോ, കേരളത്തിൽ ഇങ്ങനെ കിട്ടുമോ എന്നെങ്കിലും’ എന്ന ടൈറ്റിലിൽ ആണ് വ്ലോഗിന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ അവസാനം കേരളത്തിലെ പോലെ കിറ്റ് തന്നിട്ട് കഴിച്ചു കഴിഞ്ഞിട്ട് പപ്പടം പിൻവലിക്കുന്ന പോലുള്ള പരിപാടിയൊന്നും ഇവിടെ ഇല്ല എന്ന ഇയാളുടെ പരാമർശം പ്രതിഷേധത്തിനിടയാക്കി.
ജനങ്ങൾ ദാനം ചെയ്യുന്ന ആഹാര സാധനങ്ങൾ പാവപ്പെട്ട ആളുകൾക്ക് വിതരണം ചെയ്യുന്ന ഗ്രേറ്റർ ചിക്കാഗോ ഫുഡ് ഡിപ്പോസിറ്ററി എന്ന സർക്കാരിതര ചാരിറ്റി സംഘടനയെ കേരളത്തിലെ റേഷൻ വിതരണത്തോട് ഉപമിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അമേരിക്കൻ സർക്കാരിന്റെ പദ്ധതിയാണെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
ആളുകൾ ദാനം ചെയ്യുന്ന ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്ന സംവിധാനമായതിനാൽ എല്ലാ ആഴ്ചയും എല്ലാ സാധനങ്ങളും ഉണ്ടാകണമെന്നില്ല. അതിനാൽ കഴിഞ്ഞ ആഴ്ച ലഭിച്ച സാധനങ്ങൾ ഈ ആഴ്ച ലഭിക്കണമെന്നില്ല. പാൻട്രിയിലെ വളന്റിയർമാരാണ് സാധനങ്ങൾ തെരഞ്ഞെടുത്ത് തരുന്നത് എന്നതിനാൽ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ തന്നെ ലഭിക്കണമെന്നുമില്ല.
എൻ.ജി.ഒയുടെ ഫുഡ് പാൻട്രിയിൽ പോയി അവിടെ നിന്ന് സാധനങ്ങൾ വാങ്ങുകയും എന്തൊക്കെ ലഭിച്ചുവെന്ന് വീഡിയോയിൽ എണ്ണിപ്പറയുകയും കാണിക്കുകയും ചെയ്യുന്നുണ്ട്.
700ഓളം ഫുഡ് പാൻട്രികളുടെ ഒരു വലിയ നെറ്റ്‌വർക്ക് ആണ് ചിക്കാഗോ ഫുഡ് ഡിപ്പോസിറ്ററി. സമൂഹത്തിലെ പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകുന്ന ഫുഡ് പാൻട്രികളാണ് ഇതിന് കീഴിലുള്ളത്. സുമനസ്കർ സംഭാവന ചെയ്യുന്ന ആഹാര സാധനങ്ങൾ വളന്റിയർമാർ കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി നൽകുകയാണ് ചെയ്യുക.
സാധാരണ രജിസ്ട്രേഷൻ ഒന്നുമില്ലാതെ നേരിട്ട് പോയി ഭക്ഷ്യ സാമഗ്രികൾ വാങ്ങാമെങ്കിലും ചില വലിയ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ കാർഡുകൾ ഉണ്ടാകും. ഇതിനെ ടിറ്റു റേഷൻ കാർഡ് എന്നാണ് വിഡിയോയിൽ വിശേഷിപ്പിക്കുന്നത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും കേരളത്തിലെ റേഷൻ സംവിധാനത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെ നിരവധി പേർ ടിറ്റുവിനെതിരെ രംഗത്ത് വന്നു.
Content Highlight: Criticism against Malayali vlogger for calling NGO charity center in America a ration shop