38കാരനായ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷമാദ്യമാണ് സൗദി ക്ലബ്ബ് അല്‍ നസറിലെത്തിയത്. റൊണാള്‍ഡോയുടെ വരവ് തീര്‍ച്ചയായും ആ രാജ്യത്തിന് മാത്രമല്ല ഏഷ്യയിലെ കായികരംഗത്തിനാകെ വലിയ തോതില്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍-ഇത്തിഹാദിനേക്കാള്‍ വെറും മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് അല്‍ നസര്‍.
അതിനാല്‍ അവരുടെ കപ്പിത്താന്‍ റോണോയേയും മഞ്ഞക്കുപ്പായക്കാരേയും ഇനിയും എഴുതിത്തള്ളാനായിട്ടില്ല. വരും ദിവസങ്ങളില്‍ സൗദി പ്രോ ലീഗ് കിരീടപ്പോരാട്ടം കൂടുതല്‍ കടുപ്പമേറിയാതാകുമെന്ന് ഉറപ്പാണ്. അതോടൊപ്പം തന്നെ ക്രിസ്റ്റിയാനോയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷമേകുന്ന ഒരു വാര്‍ത്തയായിരുന്നു സൗദി ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ അല്‍ നസര്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയെന്നത്. ഐ.എസ്.എല്‍ ഷീല്‍ഡ് കപ്പ് ചാമ്പ്യന്മാരായി മുംബൈ സിറ്റിയും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിലെത്തിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലും പന്ത് തട്ടാനെത്തുമെന്ന കാര്യം നേരത്തെ തന്നെ പ്രവചിച്ചിരുന്നതാണ്. ഇപ്പോള്‍ കാറ്റ് ആ ഗതിയിലാണ് വീശുന്നതും. അങ്ങനെയെങ്കില്‍ ഗോട്ട് മുംബൈയുടെ ഹോം ഗ്രൗണ്ടിലും തന്റെ ഗോള്‍ സ്‌കോറിങ് മികവ് പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോ ഫാന്‍സുകാരെല്ലാം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രശസ്തി ഇനിയും വര്‍ധിക്കാനും അത് വഴിയൊരുക്കും. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും വലിയ ഫാന്‍ ബേസ് സ്വന്തമായുള്ള താരമാണ് റൊണാള്‍ഡോ എന്നതിനാല്‍ ഇന്ത്യന്‍ ലീഗുകളിലും കാണികളുടെ വര്‍ധനയ്ക്ക് അത് വഴിയൊരുക്കും.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലെത്താന്‍ വഴിയൊരുങ്ങിയാല്‍ മുംബൈ സിറ്റിയുടെ ജാതകവും അത് തിരുത്തിയെഴുതും. അതിലുപരിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ മുഖത്ത് വലിയ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാകുമത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മുംബൈ സിറ്റിയുടെ ആധിപത്യം വ്യക്തമാണ്.
അവര്‍ ഇതിനകം ഒരു തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഉയര്‍ത്തുന്നത് നമ്മള്‍ കണ്ടു. മുംബൈ ആസ്ഥാനമായുള്ള സംഘം പ്ലേ ഓഫില്‍ സ്ഥിരമായി ഇടംനേടിയെങ്കിലും കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കടക്കാനായില്ല. എന്നിരുന്നാലും, തുടര്‍ച്ചയായി രണ്ട് തവണ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി അവര്‍ മാറിയിട്ടുണ്ട്.