മുഴുവന്‍ വേതനം ലഭിച്ചില്ല: മുന്‍ ക്ലബ്ബിനെതിരെ പരാതിക്കൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Football
മുഴുവന്‍ വേതനം ലഭിച്ചില്ല: മുന്‍ ക്ലബ്ബിനെതിരെ പരാതിക്കൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 7:48 pm

കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ ക്ലബ്ബുമായി പിരിഞ്ഞ താരം അല്‍ നസറില്‍ സൈനിങ് നടത്തുകയായിരുന്നു.

തുടര്‍ന്ന് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അറേബ്യന്‍ മണ്ണില്‍ തന്റെ പ്രായത്തെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത് ആരാധകരുടെ പ്രീതി പിടിച്ചുപറ്റാന്‍ റോണോക്ക് സാധിച്ചു.

തന്റെ മുന്‍ ക്ലബ്ബായ യുവന്റസ് എഫ്.സിക്കെതിരെ റൊണാള്‍ഡോ നിയമനടപടിക്കൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2020-21 സീസണില്‍ കൊവിഡ് പാന്‍ഡമിക്കിന്റെ പശ്ചാത്തലത്തില്‍ റോണോയുടെ വേതനം വെട്ടിക്കുറച്ചിരുന്നെന്നും റോണോക്ക് ലഭിക്കേണ്ടിയിരുന്ന ബാക്കി തുക ഇനിയും ലഭിച്ചിട്ടില്ലെന്നും ഗസെറ്റോ ഡെല്ലോ സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് താരം ക്ലബ്ബിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റൊണാള്‍ഡോയും യുവന്റസും രഹസ്യ രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും യുവന്റസ് താരത്തിന് 20 മില്യണ്‍ വാഗ്ദാനം ചെയ്തതായും പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അര്‍ജന്റൈന്‍ സൂപ്പര്‍ താരം പൗലോ ഡിബാലക്കും യുവന്റസില്‍ സമാന അനുഭവമുണ്ടായിരുന്നെന്നും യുവന്റസ് താരത്തിന് മൂന്ന് മില്യണ്‍ യൂറോ നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നെന്നും കാല്‍ഷ്യോ ഫിനാന്‍സയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Cristiano Ronaldo to take legal action against Juventus for unpaid wages