വരാനിരിക്കുന്ന യുവേഫ യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് വേണ്ടി പോര്‍ച്ചുഗലില്‍ എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സെപ്റ്റംബര്‍ ഒമ്പതിന് സ്ലോവാക്യയ്‌ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ശേഷം പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗിനെയും നേരിടും.
സ്വന്തം നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താരം. അടുത്ത രണ്ട് യോഗ്യതാ മത്സരങ്ങളില്‍ തന്റെ ടീമിനെ വിജയിപ്പിക്കാന്‍ താന്‍ പൂര്‍ണ്ണമായി പ്രചോദിതനാണെന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
View this post on Instagram
വരാനിരിക്കുന്ന യുവേഫ യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ 200 മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുള്ള റൊണാള്‍ഡോയെ ഉള്‍പ്പെടുത്തുന്നത് തനിക്ക് എളുപ്പമുള്ള തീരുമാനമാണെന്നാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞത്.
പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനം കളിച്ച നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് നേടിയത്.
രാജ്യത്തിനായി 123 ഗോളുകളുമായി മുന്നില്‍ നില്‍ക്കുന്നതും രാജ്യത്തിനായി കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും നാല് അസിസ്റ്റുകളുമായി മിന്നും ഫോമിലാണ് താരം.
അല്‍ ഹസമിനെതിരായ മത്സരത്തില്‍ നേടിയ രണ്ട് അസിസ്റ്റുകളോടെ റൊണാള്‍ഡോ തന്റെ കരിയറില്‍ ആദ്യമായി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ അസിസ്റ്റ് ചെയ്തുവെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ അല്‍ നസര്‍ അറബ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.
Content Highlight: Cristiano Ronaldo to play Euro Cup Qualifiers