'അമലയെ മുക്കിക്കൊല്ലുന്ന സീന്‍ എടുക്കുമ്പോഴൊക്കെ വാട്ടര്‍ടാങ്ക് പൊട്ടും, നാല് തവണ ഇതാവര്‍ത്തിച്ചതോടെ എല്ലാവര്‍ക്കും ഭയമായി': അനുഭവം പങ്കുവെച്ച് ക്രൈം ഫയല്‍ തിരക്കഥാകൃത്ത്
സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ക്രൈം ഫയല്‍. സുരേഷ് ഗോപിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എ.കെ സാജനും എ.കെ സന്തോഷുമായിരുന്നു.
എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കി പുറത്തിറക്കുന്നതുവരെ വലിയ വെല്ലുവിളികളായിരുന്നു താനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും നേരിട്ടതെന്ന് തിരക്കഥാകൃത്തായ എ.കെ സാജന്‍ പറയുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് തങ്ങളെ ആശങ്കപ്പെടുത്തിയ ചില ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. പലപ്പോഴും പല അപകടങ്ങളും ഷൂട്ടിങ്ങിനിടെ ഉണ്ടായെന്നും ബാധയാണെന്നും ശാപമാണെന്നുമായിരുന്നു അന്ന് പലരും പറഞ്ഞിരുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
അമലയെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊല്ലുന്ന സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ പല വെല്ലുവിളികളും നേരിടേണ്ടി വന്നെന്നും നിരവധി തവണത്തെ ശ്രമത്തിന് ശേഷമാണ് സീന്‍ എടുക്കാനായതെന്നും സാജന്‍ പറയുന്നു.
‘ഒരു മുള്‍മുനയില്‍ നിന്നുകൊണ്ടാണ് ഈ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. സിനിമയില്‍ അമലയെ കിണറ്റിന്‍ കരയിലുള്ള വാട്ടര്‍ടാങ്കില്‍ മുക്കിക്കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. കിണറിന്റെ കരയില്‍ ഒരു ടാങ്ക് കെട്ടിയിരിക്കുകയാണ്. അതില്‍ ഒരു 500 ലിറ്റര്‍ വെള്ളം ഒഴിച്ച് നിറച്ച ശേഷമാണ് ആ സീന്‍ എടുക്കുന്നത്. എന്നാല്‍ സീന്‍ എടുക്കാന്‍ തുടങ്ങുമ്പോഴൊക്കെ വാട്ടര്‍ ടാങ്ക് പൊട്ടും.
വെള്ളം നിറച്ചുകഴിഞ്ഞ് സീന്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ ടാങ്ക് ഒരൊറ്റ പൊട്ടലാണ്. മൂന്നോ നാലോ പ്രാവശ്യം ആയപ്പോള്‍ എല്ലാവരും പറഞ്ഞു ഇതെന്തോ ബാധയാണെന്ന്. എന്തോ പ്രശ്‌നമുണ്ടെന്നും ഈ സീന്‍ വേണ്ടെന്നും പലരും പറഞ്ഞു. പിന്നെ എങ്ങനെയാണ് അഭയയെ കൊല്ലേണ്ടത് എന്ന ചോദ്യമായിരുന്നു എന്റെ മനസില്‍. ഈ സീന്‍ ഒഴിവാക്കാമെന്നും നമുക്ക് വേറെ എന്തെങ്കിലും ആലോചിക്കാമെന്നും ചിലര്‍ പറഞ്ഞു. സെറ്റില്‍ എല്ലാവര്‍ക്കും ഭയമായി തുടങ്ങി.
അങ്ങനെ അഞ്ചാമത്തെ തവണ ഇതും കൂടി നമുക്ക് നോക്കാമെന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് തയ്യാറെടുത്തു. നാല് ദിവസത്തിന് ശേഷമാണ് ഈ സീന്‍ വീണ്ടും ഷൂട്ട് ചെയ്യുന്നത്. ഇത്തവണ കൂടി നടന്നില്ലെങ്കില്‍ നമുക്കിത് മാറ്റിവെക്കാം എന്ന് ഞാനും പറഞ്ഞു.
അങ്ങനെ ഇഷ്ടികയും സിമന്റും ഒക്കെ വെച്ച് വീണ്ടും ഒരു ടാങ്ക് കെട്ടിപ്പൊക്കി ടേക്ക് എടുത്തു. അങ്ങനെ അഞ്ചാമത്തെ ദിവസം
ടേക് ഓക്കെയായി.
ഓരോ സ്വീകന്‍സ് എടുക്കുമ്പോഴും ഒരോ പരീക്ഷണങ്ങള്‍ ഉണ്ടായി. ഇന്നിപ്പോള്‍ അതാലോചിക്കുമ്പോള്‍ ഒരു കൗതുകമായിട്ടാണ് തോന്നുന്നത്’, അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക