സ്‌ക്രീനില്‍ കാണുന്നവരല്ല, ക്യാമറയ്ക്ക് പുറകിലുള്ളവരാണ് യഥാര്‍ത്ഥ സൂപ്പര്‍ ഹീറോസ്; സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
എന്നാല്‍ ഛായം തേച്ചു മുഖം മിനുക്കിയ ഇത്തരം കമ്പനികളിലെ കാണാകാഴ്ചകളെ കുറിച്ചറിയുമ്പോള്‍ ഏതൊരു സാധാരണക്കാരനും നെറ്റി ചുളിഞ്ഞേക്കാം. സിനിമയുടെ അണിയറപ്രവര്‍ത്തകരെ ഇത്തരം കമ്പനികള്‍ ചൂഷണം ചെയ്യുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ ശുചിമുറി ഉപയോഗിക്കാന്‍ സമ്മതിക്കാതെ 16ഉം 18ഉം മണിക്കൂറുകളാണ് തങ്ങളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നതെന്നും തുച്ഛമായ ശമ്പളത്തില്‍ അടിസ്ഥാന സൗകര്യം പോലും നല്‍കാതെയാണ് ആമസോണ്‍, നെറ്റഫ്‌ളിക്‌സ് തുടങ്ങിയ തങ്ങളെ ചൂഷണം ചെയ്യുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
‘മോര്‍ പെര്‍ഫെക്ട് യൂണിയന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ ദുരവസ്ഥ തുറന്ന് പറയുന്നത്.
‘ഒരു എപ്പിസോഡിന് 12 മില്യണ്‍ ഡോളര്‍ ചെലവു വരുന്ന ഒരു ഷോ ഞങ്ങള്‍ ചെയ്തിരുന്നു. 16 മണിക്കൂറാണ് ഒരു ദിവസം ഞങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വന്നത്. എന്നാല്‍ ഈ 16 മണിക്കൂറിനിടെ ഭക്ഷണം കഴിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ 6 മാസമാണ് ആ ഷോയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തത്,’ നെറ്റ്ഫ്‌ളിക്‌സിലെ ക്യാമറ ടെക്‌നീഷ്യനായ കാര്‍മന്‍ സ്‌പോട്ടോ പറയുന്നു.
ഹോളിവുഡില്‍ ‘ദി ലൈന്‍’ എന്നൊരു സമ്പ്രദായമുണ്ട്. ക്യാമറാമാന്‍, കോസ്റ്റിയൂമര്‍, ഹെയര്‍ ഡ്രെസ്സര്‍, മേക്ക് അപ് ആര്‍ട്ടിസ്റ്റുകള്‍, മൈക്ക് ഓപ്പറേറ്റര്‍, ബൂമര്‍, ലൈറ്റ് ആന്റ് സൗണ്ട് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ലൈനിന് താഴെയാണ് വരിക. നടന്‍മാര്‍, സംവിധായകര്‍ തുടങ്ങിയവര്‍ ലൈനിന് മുകളിലും.
ലൈനിന് താഴെയുള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള ജോലിഭാരവും ചൂഷണവും അനുഭവിക്കേണ്ടി വരുന്നതെന്ന് സൗണ്ട് പ്രൊഡക്ഷന്‍ വിഭാഗത്തിലെ തോമസ് പെയ്‌സ്‌കൊളോണ്‍ പറയുന്നു. അധിക ജോലിഭാരവും വേണ്ടത്ര ഉറക്കമോ വിശ്രമമോ ഇല്ലാത്തതിനാല്‍ ജോലി കഴിഞ്ഞ് തിരികെ പോവുന്ന പലര്‍ക്കും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ക്കുന്നു.
താന്‍ ഒരുപാട് സൂപ്പര്‍ ഹീറോ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ സൂപ്പര്‍ ഹീറോകളെന്നും കോസ്റ്റിയൂം ഡിസൈനറായ ജാക്കി മാര്‍ട്ടീനസ് പറയുന്നു.
‘ഇന്റര്‍നാഷണല്‍ അലയന്‍സ് ഓഫ് തിയേറ്ററിക്കല്‍ സ്റ്റേജ് എംപ്ലോയീസ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇവര്‍ കമ്പനികളുടെ ഇത്തരം നയങ്ങള്‍ക്കെതിരെ സമരത്തിനൊരുങ്ങുകയും എന്നാല്‍ അവസാന നിമിഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം അവസാനിപ്പിക്കുകയുമായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ജോലിസ്ഥലത്ത് നിന്നും ലഭിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.