rss-cpim clash
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 28, 04:21 am
Thursday, 28th December 2017, 9:51 am

കണ്ണൂര്‍: പുനൂര്‍ കുറ്റേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് അക്രമം. പൂനൂര്‍ കൂറ്റേരിയില്‍ വെച്ച് മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ കാട്ടിന്റെവിട ചന്ദ്രനെയാണ് അക്രമികള്‍ വെട്ടിയത്. കഴിഞ്ഞദിവസവും കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായിരുന്നു.

പാല്‍ വിതരണത്തിനിടെയായിരുന്നു ചന്ദ്രനെതിരായ ആക്രമണം. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്‍ പൊലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നീട് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ന് അക്രമം ഉണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബി.ജെ.പി അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ വീട്ടിലെത്തിയാല്‍ സര്‍വ്വകക്ഷി സംഘം അവരെപ്പോയി കാണാനും യോഗത്തില്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടാകുന്നത്.