ന്യൂനപക്ഷങ്ങളോട് കൂടുതല്‍ അടുക്കണം, മുസ്‌ലിം-ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണം; സി.പി.ഐ.എം
Kerala News
ന്യൂനപക്ഷങ്ങളോട് കൂടുതല്‍ അടുക്കണം, മുസ്‌ലിം-ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണം; സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th August 2021, 9:30 am

ന്യൂദല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊരുങ്ങി സി.പി.ഐ.എം. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈസ്തവരില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എടുക്കാനും തീരുമാനമുണ്ട്.

ബി.ജെ.പി സീറ്റുകളൊന്നും നേടിയില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ലെന്നും ബി.ജെ.പിക്ക് ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കിട്ടിയിട്ടുണ്ടെന്ന കാര്യം സൂക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി വലിയ പണമാണ് തെരഞ്ഞെടുപ്പിനായി ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്.

സാധാരണ ജനങ്ങളെ കൂടുതലായി സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കണം. ഇത്തവണ പലയിടത്തും ബി.ജെ.പിയോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയിട്ടുണ്ട്. അത്തരം വോട്ടുകള്‍ പിടിക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ലെ പാര്‍ട്ടിയുടെ വിജയം നോക്കുമ്പോള്‍ 2021 ആയപ്പോഴേക്കും വോട്ട് വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഇക്കാര്യം ഗൗരവതരമായി പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. പാര്‍ട്ടിപ്രവര്‍ത്തകരില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളില്‍ പാര്‍ട്ടി അണികള്‍ നടത്തിയ പരസ്യപ്രകടനം. ഇത് തിരുത്തി തന്നെ പോകണം.

തുടര്‍ഭരണം വന്നതെങ്ങനെയെന്ന വിശകലനവും കേന്ദ്രകമ്മിറ്റി നടത്തി.

ബി.ജെ.പി-ആര്‍.എസ്.എസ് ഭീഷണിക്കെതിരായ പോരാട്ടം ഉയര്‍ത്തിക്കാട്ടി വ്യക്തമായ രാഷ്ട്രീയലൈന്‍ സ്വീകരിച്ചതും യു.ഡി.എഫിന്റെ അവസരവാദവും ബി.ജെ.പിയുമായുള്ള സഹകരണവും തുറന്നുകാട്ടാനായതും ഗുണകരമായി.

കേരള കോണ്‍ഗ്രസ്-എമ്മിനും എല്‍.ജെ.ഡിക്കും പ്രവേശനം നല്‍കി ഇടതുമുന്നണി വികസിപ്പിച്ചു. കൂടാതെ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാക്കിയ സര്‍ക്കാരായി.

സാമൂഹിക സുരക്ഷാ പരിപാടികളുടെ മികച്ച നിര്‍വഹണവും വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കിയ സുരക്ഷയും വോട്ടിനെ സ്വാധീനിച്ചു. ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നും പിന്തുടരണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

പശ്ചിമബംഗാളിലെ കാര്യം എടുത്തുനോക്കുമ്പോള്‍ പാര്‍ട്ടി ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും തുല്യത, സ്വത്വം എന്നീ വിഷയങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മെച്ചപ്പെട്ട ജീവനോപാധി, തൊഴില്‍ എന്നീ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CPIM trying to increase influence among minorities