Advertisement
Daily News
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Feb 19, 03:39 am
Thursday, 19th February 2015, 9:09 am

CPIMആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും ഇ.എം.എസ് സ്റ്റേഡിയത്തിലെ പി.കെ ചന്ദ്രാനന്ദന്‍ നഗറിലാണ് ഇന്ന് പതാക ഉയരുക. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ജി. സുധാകരന്‍ പതാകയുയര്‍ത്തും. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച്ച എസ്‌കെ കണ്‍വന്‍ഷന്‍ സെന്ററിലെ പി. കൃഷ്ണപിള്ള നഗറില്‍ നടക്കും.

ബുധനാഴ്ച തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പതാക ജാഥ ഇന്നലെ വൈകീട്ട് വൈറ്റിലയില്‍ സമാപിച്ചു. വ്യാഴ്ച്ച രാവിലെ ഒമ്പതിന് പതാക ജാഥ ആലപ്പുഴ ജില്ലയിലേക്ക് കടക്കും. വൈകിട്ട് പതാക, കൊടിമരജാഥകള്‍ ആലപ്പുഴ നഗരത്തില്‍ നിന്ന് പൊതുസമ്മേളന നഗറിലേക്ക് നീങ്ങും. തുടര്‍ന്ന് ജി സുധാകരന്‍ എം.എല്‍.എ പതാക ഉയര്‍ത്തും.

വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന പ്രതിനിധിസമ്മേളനത്തിന് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിക്കും. 10.15ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് പിണറായി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഈ സമ്മേളനത്തോടെ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. പുതിയ സെക്രട്ടറി പ്രഖ്യാപനവും ഈ സമ്മേളനത്തിലുണ്ടാവും.