ന്യൂദല്‍ഹി: ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തുകൊണ്ട് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി രാജ്യസഭയില്‍ സംസാരിച്ചു.
ഏകീകൃത സിവില്‍ കോഡിനായും 1991ലെ ആരാധനാലയ നിയമം പിന്‍വലിക്കാനുമുള്ള സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് സി.പി.ഐ.എം എം.പിമാര്‍ നേരത്തെ തന്നെ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
‘നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാണ്. രാജ്യത്തെ എല്ലാ മനുഷ്യരേയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഏക സിവില്‍ കോഡ് ഇതിനെ നിരാകരിക്കുന്ന ഒന്നാണ്. അതൊരു വിവാദ ബില്ലാണ്,’ എന്ന് എളമരം കരിം പറഞ്ഞപ്പോള്‍, രാജ്യത്തെ ഒരുമിപ്പിക്കാന്‍ വേണ്ടിയാണിതെന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്ന ഭരണകക്ഷി എം.പി പറഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്.
‘ഒരുമിപ്പിക്കാനാണെങ്കില്‍ വെറേ ഒരുപാട് മാര്‍ഗങ്ങളുണ്ട്. തൊഴിലാളികള്‍ക്ക് ഒരേ വേതനം നല്‍കുന്ന കാര്യത്തില്‍ എന്താണ് ഈ തത്വം നിങ്ങള്‍ നടപ്പാക്കാത്തത്. അത് നിങ്ങളുടെ അജണ്ട ആയതുകൊണ്ടാണ്,’ എന്നാണ് എളമരം കരീം മറുപടി നല്‍കിയത്.
രാജ്യത്തിന്റെ വൈവിദ്യങ്ങളെ തകര്‍ക്കുന്ന ഈ ബില്ല് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എളമരം കരീമിനെ കൂടാതെ രാജ്യസഭാ കക്ഷി ഉപനേതാവ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരാണ് ചട്ടം 67 പ്രകാരം ഈ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനോട് ആവശ്യപ്പെട്ടത്.
ഇതിനു മുന്‍പും ഇതേ ബില്ലുകള്‍ സഭാ നടപടികളുടെ ഭാഗമാക്കിയപ്പോള്‍ പ്രതിഷേധം ഉയര്‍ത്തിയതിന്റെ ഫലമായി സ്വകാര്യബില്‍ അവതരണത്തില്‍ നിന്ന് ബി.ജെ.പി എം.പിമാര്‍ പിന്മാറിയിരുന്നു.
വിഷയത്തില്‍ എളമരം കരീം എം.പിയുടെ പ്രതികരണം
ഏക സിവില്‍ കോഡിനായുള്ള സ്വകാര്യബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡോ. കിറോഡി ലാല്‍ മീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിര്‍മാണം നടത്താന്‍ ബില്ല് കൊണ്ടുവന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ അവതരണത്തില്‍ നിന്ന് ബി.ജെ.പി എം.പി പിന്മാറിയിരുന്നു. ഇന്നും രാജ്യസഭയിലെ സി.പി.ഐ.എമ്മിന്റെ മുഴുവന്‍ അംഗങ്ങളും മുസ്‌ലിം ലീഗ് നേതാവ് അബ്ദുള്‍ വഹാബ്, എം.ഡി.എം.കെ നേതാവ് വൈക്കോ എന്നീ എം.പിമാരും ഈ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് സഭാ ചട്ടം 67 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നിരയിലെ കക്ഷി നേതാക്കളും എംപിമാരും ഈ ബില്ലിനോടുള്ള അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങളും മറ്റെല്ലാ സാമൂഹ്യ ഘടകങ്ങളും പരിശോധിച്ച് വിശാലമായ ചര്‍ച്ചകളും മറ്റും നടക്കേണ്ട വിഷയത്തില്‍ ഇതൊന്നുമില്ലാതെ നിയമനിര്‍മാണം നടത്തണം എന്നാവശ്യപ്പെടുന്ന ഈ ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗം തന്നെയാണ്. ബില്ലിനെ എതിര്‍ത്തുകൊണ്ട് ശക്തമായ ഭാഷയിലാണ് ഓരോ പ്രതിപക്ഷ എം.പിയും സംസാരിച്ചത്.
രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യവച്ചുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് മാത്രമല്ല നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതുമാണ്.
സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനെ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഒന്നടങ്കം നിലപാടെടുത്തു. തുടര്‍ന്നാണ് ബില്ലിന്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടയെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഊര്‍ജം നല്‍കുന്ന സംവാദമായി ഇന്നത്തെ ചര്‍ച്ച മാറി.
Content Highlight: CPIM MP Elamaram Karim spoke in the Rajya Sabha opposing the introduction of a private bill for a single civil code