ഇടുക്കി: ഉദ്യോഗസ്ഥര്‍ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നുവെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കാട്ടാന ശല്യത്തിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും സി.വി. വര്‍ഗീസ് ആരോപിച്ചു.
പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ലെന്ന് പറഞ്ഞ സി.പി.ഐ.എം ജില്ലാ സെക്രട്ടറി, ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ?, ഡി.എഫ്.ഒയുടെ അളിയനാണോ അരിക്കൊമ്പനെന്നും ചോദിച്ചു.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ.എം ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം.
പ്രദേശത്ത് ആറ് കാട്ടാനകളാണ് ജനങ്ങള്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഇതില്‍ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ആനകളെയെങ്കിലും മാറ്റണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
എന്നാല്‍, നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാന്‍ ശിപാര്‍ശ നല്‍കുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് വനം വകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചി- ധനുഷ്‌കോടി ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചത്.
ഇടുക്കി ചിന്നക്കനാലിലും ശാന്തന്‍പാറയിലും കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടുകൊമ്പന്‍മാരെ പിടിച്ചു മാറ്റുകയോ ഉള്‍ക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം.
ദേവികുളം എം.എല്‍.എ എ. രാജ അടക്കമുള്ള ജനപ്രതിനിധികളും സമരത്തില്‍ അണി ചേര്‍ന്നിരുന്നു.