കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിമത നീക്കത്തില്‍ കുറ്റ്യാടി എം.എല്‍.എയ്‌ക്കെതിരെയുണ്ടായ നടപടിക്ക് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും നടപടിയുമായി സി.പി.ഐ.എം. മൂന്ന് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടി.
ഞായറാഴ്ച ചേര്‍ന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടി. കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ. മോഹന്‍ദാസ്, കെ.പി. ചന്ദ്രന്‍, കുന്നുമ്മല്‍ കണാരന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. പ്രതിഷേധം തടയാത്തതിലാണ് പാര്‍ട്ടി നടപടി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ചായിരുന്നു എം.എല്‍.എയായ കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് ശേഷമായിരുന്നു നടപടി.
തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വെച്ചു അന്വേഷണം നടത്തിയ ശേഷമാണ് സി.പി.ഐ.എം. നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്.