തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന വാദം തള്ളി സി.പി.ഐ. പൗരത്വ സമരങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയതായി വിവരമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അത്തരത്തില്‍ ഒരു സംശയമുണ്ടെങ്കില്‍ അത് പറഞ്ഞവരോടും ആവര്‍ത്തിച്ചവരോടും തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു. തീവ്രവാദ സംഘടനകളുമായി സി.പി.ഐക്ക് ബന്ധമൊന്നും ഇല്ലെന്നും കാനം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ വിവരമുണ്ടാകാം. പക്ഷെ സി.പി.ഐക്ക് പാവപ്പെട്ട സഖാക്കള്‍ തരുന്ന വിവരമേയുള്ളുവെന്നും കാനം പറഞ്ഞു.
നേരത്തെ കേരളത്തിലെ മഹല്ല് കമ്മിറ്റികള്‍ നടത്തിയ പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ആ പരാമര്‍ശം വലിയ തോതില്‍ പ്രതിഷേധത്തിന് വകവെച്ചിരുന്നു. പ്രധാനമന്ത്രി പൗരത്വ നിയമത്തിനെതിരായ ഡല്‍ഹി സമരത്തെ എതിര്‍ക്കാന്‍ ലോക്‌സഭയില്‍ പിണറായിയുടെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.
ഫെബ്രുവരി 3 ന് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിണറായി വിജയന്‍ പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി ആക്രമണുണ്ടാക്കുന്നു എന്ന് പറഞ്ഞത്. ഒപ്പം എസ്.ഡി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവും മുഖ്യമന്ത്രി നടത്തിയിരുന്നു.