ഭാഷാ പ്രയോഗങ്ങളിലെ രാഷ്ട്രീയ ശരികേടിനെയും സാമൂഹ്യ വിരുദ്ധതയെയും ശരിയായി മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ സുപ്രധാനമായ ഒന്നാണ്. നിറത്തിന്റെയും ജാതിയുടെയും പദവികളുടെയും പേരില്‍ സമൂഹത്തെ തിരസ്‌കാര മനോഭാവത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലത്തെ ഭാഷാപ്രയോഗങ്ങളെ അതേരീതിയില്‍ ചുമക്കേണ്ട ആവശ്യം ഇന്നില്ല തന്നെ.
അബോധമായിപ്പോലും കടന്നുവരുന്ന അത്തരം പ്രയോഗങ്ങളെ ക്ഷമാപൂര്‍വ്വം തിരുത്തുക എന്നത് സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്. രാഷ്ട്രീയ എതിരാളികളെ ഇകഴ്ത്തിക്കാട്ടാന്‍ പ്രയോഗിക്കപ്പെടുന്ന വാക്കുകള്‍ വലിയൊരു ജനവിഭാഗത്തെ എങ്ങിനെയാണ് ബാധിക്കുക എന്നത് സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യര്‍ നരേന്ദ്ര മോദിയെ കളിയാക്കാന്‍ ചായ് വാല എന്ന പ്രയോഗം നടത്തിയതിനെ ബി.ജെ.പി എങ്ങിനെയാണ് ഉപയോഗപ്പെടുത്തിയത് എന്നത് നാം കണ്ടതാണ്. ‘ചായ്‌പേ ചര്‍ച്ച’ വരെ നടത്തിക്കൊണ്ട് അതിനെ നേരിടാന്‍ സംഘപരിവാരത്തിന് കഴിഞ്ഞു.
‘ചാണകത്തലയന്മാര്‍’ എന്നും ‘ചാണക സംഘികള്‍’ എന്നും സംഘപരിവാരത്തെ പരിഹസിക്കാനായി ഉപയോഗിക്കുമ്പോള്‍ രാജ്യത്തെ കോടിക്കണക്കായ മനുഷ്യരെ ഇതെങ്ങിനെയാണ് ബാധിക്കുകയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചാണകം വളരെ മോശപ്പെട്ടതാണെന്ന ബോധ്യത്തില്‍ നിന്നാണല്ലോ അത്തരമൊരു പരിഹാസ വാക്ക് കടന്നുവരുന്നത്.
ചാണകം തേച്ച തറയില്‍ കിടന്നുറങ്ങുന്ന, രാവും പകലും ചാണകവുമായി ഇടപെട്ട് ജീവിക്കുന്ന, ഇന്ത്യയിലെ കോടിക്കണക്കായ കുടുംബങ്ങള്‍ ഇതിലെ പരിഹാസത്തെ എങ്ങിനെയായിരിക്കും ഉള്‍ക്കൊള്ളുക എന്ന് ചിന്തിക്കാന്‍ ഒരുപക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന കേരളത്തിലെ പുതിയ തലമുറയ്ക്ക് സാധിച്ചുവെന്ന് വരില്ല. പക്ഷേ, ഇന്ന് നാല്പത് – അമ്പത് വയസ്സ് കഴിഞ്ഞ ഏതാണ്ടെല്ലാ ആളുകള്‍ക്കും അത് സാധിക്കേണ്ടതാണ്. കാരണം ചാണകം തേച്ച തറയില്‍ കിടന്നുറങ്ങിയവര്‍ തന്നെയായിരിക്കും അതില്‍ ബഹുഭൂരിഭാഗം പേരും.
പശുവും കാളകളും പോത്തുകളും ജീവിതത്തിന്റെ ഭാഗമായി കാണുന്ന കോടിക്കണക്കായ മനുഷ്യര്‍ ഈ രാജ്യത്തുണ്ട് എന്നതുകൊണ്ടുതന്നെയാണ് പശുവിനെ ഒരു രാഷ്ട്രീയ ഉപകരണമായും വൈകാരിക വിഷയമായും സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അത്തരമൊരു സ്ഥലത്ത് അതിനെ ഒരു പരിഹാസ വാക്കായി ചുരുക്കിക്കൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടുന്നതിലെ അപാകത തിരിച്ചറിയേണ്ടത് പ്രധാനമല്ലേ എന്നാണ് എന്റെ സംശയവും ആശങ്കയും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.