പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഗോസംരക്ഷകരുടെ വേഷമണിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ഇവര്‍ തടഞ്ഞു. എഴുമാറ്റൂരില്‍ നിന്ന് ചങ്ങനാശ്ശേരിക്കടുത്തുള്ള തെങ്ങണയിലേക്ക് പശുക്കളേയും കൊണ്ട് പോകുകയായിരുന്ന വാഹനമാണ് ബി.ജെ.പിക്കാര്‍ തടഞ്ഞത്.
ആറ് പേരടങ്ങുന്ന സംഘമാണ് വാഹനം തടഞ്ഞത്. പശുക്കളെ ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഇവര്‍ രണ്ട് പശുക്കളെ വാഹനത്തില്‍ നിന്ന് ഇറക്കുകയും ചെയ്തു. ആകെ മൂന്ന് പശുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
വീടുകളില്‍ നിന്ന് വാങ്ങിയ കറവ പശുക്കളാണ് ഇവയെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും ബി.ജെ.പിക്കാര്‍ ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത് കേട്ടഭാവം നടിക്കാതെ ബി.ജെ.പിക്കാര്‍ പശുക്കളെ വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു.
സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കെസെടുത്തിട്ടുണ്ട്. വാഹനം തടഞ്ഞതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം പശുക്കളെ കൊണ്ടുവന്ന വാഹനം വിട്ടയച്ചെന്ന് പോലീസ് അറിയിച്ചു.
കന്നുകാലികളുടെ വില്‍പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നാണു സൂചന. കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണ് ഇത്.