കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം; കേന്ദ്രനയത്തിനെതിരെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കി നിയമസഭ
Covid Vaccine
കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം; കേന്ദ്രനയത്തിനെതിരെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കി നിയമസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2021, 12:01 pm

തിരുവനന്തപുരം: കൊവിഡ് വാക്‌സീന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം പാസാക്കി. ഐകകണ്‌ഠേനയാണ് പ്രമേയം നിയമസഭയില്‍ പാസാക്കിയത്.

ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ചട്ടം 118 അനുസരിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു.കെ എം.എച്ച.ആര്‍.എ, ജപ്പാന്‍ പി.എം.ഡി.എ, യു.എസ് എഫ്.ഡി.എ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറഞ്ഞു.

പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്.

അതേസമയം കൊവിഡ് രണ്ടാം തരംഗത്തെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് സഭ പ്രക്ഷുബ്ദമായെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചില്ല.

ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയതോടെയായിരുന്നു സഭ പ്രക്ഷുബ്ധ

സംസ്ഥാനത്തെ മരണനിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമമുണ്ടെന്ന് എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞിരുന്നു. കൂടാതെ വാക്സിനേഷനില്‍ പത്തനംതിട്ടയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പിന്നാലെ പ്രതിപക്ഷത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇതുവരെ 25,26,579 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും 9009 കോവിഡ് മരണങ്ങള്‍ കേരളത്തില്‍ ഉണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മെഡിക്കല്‍ കപ്പാസിറ്റി വര്‍ധിപ്പിച്ചത് മരണനിരക്ക് കുറച്ചു. കേരളം ഒറ്റക്കെട്ടായിയാണ് കൊവിഡിനെ നേരിട്ടതെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Covid vaccine should be given freely and in a timely manner; Kerala Assembly unanimously passed a resolution against the central policy