സംസ്ഥാനത്തെ കൊവിഡ് കേന്ദ്രമായി കണ്ണൂര്‍, പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
COVID-19
സംസ്ഥാനത്തെ കൊവിഡ് കേന്ദ്രമായി കണ്ണൂര്‍, പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd April 2020, 5:14 pm

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കാസര്‍കോടിലാണ്. ഇതുവരെ ജില്ലയില്‍ 172 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വെറും 26 പേര്‍ മാത്രമാണ് കാസര്‍കോട് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കാസര്‍കോട് സ്ഥിതി ഭേദപ്പെട്ടെങ്കിലും നിലവില്‍ കണ്ണൂരില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

സംസ്ഥാനത്തിന്റെ കൊവിഡ് ആശങ്കകള്‍ മുഴുവനും ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലാണ് ചുറ്റിപ്പറ്റിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ജില്ല, രോഗലക്ഷണമില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നു, വിദേശത്ത് നിന്നെത്തിയവര്‍ക്ക് ക്വാറന്റീന്‍ കാലാവധി കഴിഞ്ഞും കൊവിഡ് സ്ഥിരീകരിക്കുന്നു, പരിശോധന നടത്തിയവരില്‍ 200 ലേറെ പേരുടെ ഫലം വരാനുണ്ട് തുടങ്ങിയ ആശങ്കകളാണ് നിലവില്‍ കണ്ണൂരിലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 437 പേരില്‍ 111 പേരും കണ്ണൂരില്‍ നിന്നാണ്. 62 പേര്‍ നിലവില്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍. 2 പേര്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച 28 ദിവസം ക്വാറന്റീന്‍ കാലാവധിക്ക് ശേഷവും ജില്ലയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ കാലവധി കഴിഞ്ഞ ശേഷം പാപ്പിനിശ്ശേരി വേളാപുരം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിന് മുടി മുറിച്ച ബാര്‍ബര്‍ പ്രദേശത്തെ മറ്റു വീടുകളില്‍ പോയി മുറിച്ചിരുന്നു. ഇതോടെ പ്രദേശത്തെ 98 പേരെയാണ് ഒറ്റ ദിവസത്തിനുള്ളില്‍ നിരീക്ഷണത്തിലാക്കിയത്. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ശേഷം ആളുകള്‍ പുറത്തിറങ്ങുന്നത് രോഗ വ്യാപനത്തിനിടയാക്കാനുള്ള സാധ്യതയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതിനൊപ്പം തന്നെ ന്യൂ മാഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മെഹറൂഫിന് രോഗബാധയുണ്ടാതെങ്ങനെയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദേശ യാത്ര നടത്തിയിട്ടില്ലാത്ത ഇദ്ദേഹവുമായി ഇടപഴകിയ ആളുകളില്‍ നടത്തിയ പരിശോധനയില്‍ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്നത്  രോഗവ്യാപനത്തില്‍ ആശങ്ക കൂട്ടുന്നുണ്ട്.

അതേ സമയം കണ്ണൂരില്‍ കൊവിഡ് ബാധിതരെ കണ്ടെത്തുന്നതില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച കൃത്യവും സുതാര്യവുമായ നടപടി ക്രമങ്ങള്‍ പരിശോധിക്കേണ്ടതാണ്.

മറ്റു ജില്ലകളേക്കാള്‍ ദ്രുതഗതിയില്‍ കൊവിഡ് രോഗനിര്‍ണയം കൃത്യമായി നടത്താന്‍ കണ്ണൂരിന് കഴിഞ്ഞിട്ടുണ്ട്. സാധാരണയായി വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലിരിക്കാറാണ് പതിവ്. ഇവരില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൊവിഡ് പരിശോധന നടത്തും. എന്നാല്‍ കണ്ണൂര്‍ ഇത്തരമൊരു മാര്‍ഗമല്ല സ്വീകരിച്ചത്.

മാര്‍ച്ച് 12 ന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ എല്ലാവരിലും കണ്ണൂര്‍ ആരോഗ്യവകുപ്പ് സ്രവ പരിശോധന നടത്തി. രോഗലക്ഷണമില്ലാത്ത 600 ഓളം പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു പക്ഷെ ഇത്തരമൊരു പരിശോധന നടത്തിയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും രൂക്ഷമാവേണ്ട സാഹചര്യമായിരുന്നു ഉണ്ടാവുക. ഇത്തരത്തില്‍ പരിശോധിച്ചവരില്‍ ഇനിയും 200 ലേറെ പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.

ഇത്തരമൊരു നീക്കത്തിന് കണ്ണൂരിനെ പ്രേരിപ്പിച്ച സംഭവങ്ങളിലൊന്നിതാണ്,

ചെറുവാഞ്ചേരി സ്വദേശിയായ 82 കാരന് കൊവിഡ് സ്ഥിരീകരിക്കുന്നു. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നതില്‍ ആരോഗ്യവകുപ്പില്‍ വ്യക്തത വന്നില്ല. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ വീട്ടിലെ 11 കാരനും അമ്മയും ദുബായില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് വ്യക്തമായത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു രോഗലക്ഷണവുണ്ടായിരുന്നില്ല. ഇവര്‍ക്ക് നടത്തിയ പരിശോധനയില്‍ 11 കാരന് കൊവിഡുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ വീട്ടിലെ മുഴുവന്‍ പേര്‍ക്കും കൊവിഡ് പരിശോധന നടത്തുകയും വീട്ടിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

” പ്രത്യേകിച്ച് രോഗവ്യാപന സാധ്യതകളില്ലാത്ത ഒന്നു രണ്ടു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. വിദേശ യാത്രകള്‍ നടത്തിയിട്ടില്ലാത്ത ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഇവരുടെ വീട്ടിലുള്ള മറ്റുള്ളവര്‍ക്കും, സാധ്യതാ പട്ടികയിലുള്ളവര്‍ക്കും ടെസ്റ്റ് നടത്തുകയും ഇതില്‍ ക്വാറന്റീന്‍ സമയം കഴിഞ്ഞ വിദേശത്ത് നിന്നെത്തിയ ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞാലും ചിലര്‍ക്ക് രോഗം പിടിപെടുന്നതായി വ്യക്തമായത്. ഇതേ തുടര്‍ന്നാണ് രോഗ്യവ്യാപന സാധ്യതയുള്ള കൂടുതല്‍ പേരില്‍ കൊവിഡ് പരിശോധന നടത്തിയത്,” കണ്ണൂര്‍ ജില്ലയിലെ കൊറോണ കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസറായ ഡോ. സച്ചിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇതേ തുടര്‍ന്നാണ് രോഗലക്ഷണമില്ലെങ്കിലും വിദേശത്ത് നിന്നെത്തിയവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ ജില്ലാഭരണ കൂടം തീരുമാനിച്ചത്. ജില്ലാ അതിര്‍ത്തികളടച്ചും ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിലേക്കുള്ള യാത്ര നിയന്ത്രണവും ജില്ലാ ഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ജി വിജയ് സാഖറുടെയും ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെയും നേതൃത്വത്തിലാണ് നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ കാസര്‍കോട് മാതൃക കണ്ണൂരില്‍ നടപ്പാക്കുമെന്ന് ഐ.ജി വിജയ് സാഖറെ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ 11 ഹോട്‌സ്‌പോട്ടുകളും പൂര്‍ണമായും അടയ്ക്കും. കൊവിഡ് സേഫ്റ്റി ആപ്പ് ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.