രാജ്യത്തെ ഭരണ സംവിധാനം ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കൈകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ല; ജസ്റ്റിസ് ബി.ആര്‍ ഗവായ്
India
രാജ്യത്തെ ഭരണ സംവിധാനം ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കൈകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ല; ജസ്റ്റിസ് ബി.ആര്‍ ഗവായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 9:48 pm

ന്യൂദല്‍ഹി: രാജ്യത്തെ ഭരണ സംവിധാനം അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കൈകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആര്‍ ഗവായ്. ഇത് ഇന്ത്യന്‍ ജുഡീഷ്യറി പലവട്ടം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ ഭരണഘടനാ കോടതികള്‍ ഇക്കാര്യത്തില്‍ പുതിയ ഭരണഘടനാ സംവിധാനങ്ങളും നിയമ തത്വങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. നയരൂപീകരണത്തിലെ പൊരുത്തക്കേട് കാരണം കോടതി ഇടപെടലിനുള്ള ആവശ്യം പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

‘നയരൂപീകരണത്തിലെ നിരന്തരമായ പൊരുത്തക്കേടും നയം നടപ്പാക്കുന്നത് ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും കോടതിയുടെ ഇടപെടലുകള്‍ക്കായുള്ള ആവശ്യം ഒരുപാട് തെളിയിച്ചിട്ടുണ്ട്. ഭരണ സംവിധാനം അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നമ്മുടെ ഭരണഘടനാ കോടതികള്‍ക്ക് കൈകെട്ടി നോക്കി നില്‍ക്കാന്‍ സാധിക്കില്ല,’ ഗവായ് പറഞ്ഞു.

നിയമവാഴ്ച പരമപ്രധാനമായ ഇന്ത്യയില്‍, ജുഡീഷ്യല്‍ അവലോകനം നിയമനിര്‍മ്മാണ സഭയുടെ ഏത് അധികാര ദുര്‍വിനിയോഗത്തിനും തടസ്സമായി തുടരുന്നുവെന്നും ഗവായ് പറഞ്ഞു.

‘ജുഡീഷ്യല്‍ അവലോകനത്തിന്റെ സിദ്ധാന്തം രാജ്യത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നു. ജുഡീഷ്യല്‍ അവലോകനം എന്ന ആശയം നിയമപരമായ നീതിശാസ്ത്രത്തിലൂടെ നയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. വര്‍ഷങ്ങളായി കോടതി അതിന്റെ വ്യാഖ്യാനങ്ങളിലൂടെ നിയമനിര്‍മ്മാണ സഭയുടെ അധികാരത്തിനും പൗരന്മാരുടെ താത്പര്യങ്ങള്‍ക്കും ഇടയിലുള്ള ഒരു പാലമായി പ്രവര്‍ത്തിച്ചു,’ ഗവായ് പറഞ്ഞു .

ജുഡീഷ്യല്‍ റിവ്യൂവിന് കീഴില്‍ ഇന്ത്യയിലെ കോടതികള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് പതിവാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. പൊതുതാത്പര്യ പ്രകാരം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനും അതിന് കീഴിലുള്ള സംവിധാനങ്ങള്‍ക്കും കോടതികള്‍ ഇടപെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കോവിഡ് മഹാമാരി കാലത്ത് ഓക്‌സിജന്‍ വിതരണവും ആശുപത്രി ഫീസ് പരിധി ഉറപ്പാക്കുകയും ചെയ്ത കോടതി ഉത്തരവുകളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ഇത് സര്‍ക്കാരും കോടതിയും തമ്മിലുള്ള സംവാദാത്മക ജുഡീഷ്യല്‍ അവലോകനത്തിനുള്ള ഉദാഹരണമാണെന്നും ഗവായ് വ്യക്തമാക്കി.

Content Highlight: Courts cannot sit with folded hands when executive fails to perform its duties: Justice BR Gavai