ഹൈദരാബാദ് വെടിവെപ്പ്; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് കോടതി
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റനററി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍.
കൊല്ലപ്പെട്ട നാലു പ്രതികളുടെ മൃതദേഹം ഡിസംബര്‍ ഒമ്പത് രാത്രി എട്ടു മണി വരെ സംസ്‌കരിക്കരുതെന്നാണ് തെലുങ്കാന ഹൈക്കോടതി ഉത്തരവ്.
വെറ്റനററി ഡോക്ടറെ ലൈംഗികാക്രമണത്തിനരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തില്‍ അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെയായിരുന്നു പ്രതികള്‍ വെടിയേറ്റു മരിച്ചത്.
സംഭവത്തില്‍ വിശദീകരണവുമായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ രംഗത്തെത്തിയിരുന്നു. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വനിതാ ഡോക്ടറെ അക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ അനുസരിച്ചില്ല. വെടിയുതിര്‍ക്കുന്നത് തുടര്‍ന്നു. അപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നത്. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തതെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതികളുടെ കൈയ്യില്‍ നിന്നും 2 തോക്കുകള്‍ പിടിച്ചെടുത്തു. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലും സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. അതില്‍ അന്വേഷണം നടക്കുകയാണെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.