Sports News
മതപരമായ കാരണങ്ങളാല്‍ അന്യസ്ത്രീകളെ സ്പര്‍ശിക്കില്ലെന്ന് വിശദീകരണം; വൈശാലിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാതെ ഉസ്‌ബെക് താരം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 27, 09:13 am
Monday, 27th January 2025, 2:43 pm

ചെസ് മാച്ചിന് മുമ്പായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ നോദിര്‍ബെക് യാക്കുബോയേവ് വിസമ്മതിച്ചതില്‍ വിവാദം. നെതര്‍ലന്‍ഡ്‌സിലെ വിക് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം.

മത്സരത്തിന് മുമ്പ് വൈശാലി ഹസ്തദാനത്തിനായി കൈ നീട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ യാക്കുബോയേവ് മത്സരത്തിനായി കസേരയില്‍ ഇരിക്കുകയായിരുന്നു.

നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായാണ്, എതിരാളിയോടുള്ള ബഹുമാനസൂചകമെന്നോണം ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍, വൈശാലിയെ അവഗണിച്ച് യാക്കുബോയേവ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതോടെ സംഭവത്തില്‍ വിശദീകരണം നല്‍കുകയാണ് യാക്കുബോയേവ്. തന്റെ മതപരമായ വിശ്വാസപ്രകാരമാണ് താന്‍ വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നത് എന്നാണ് യാക്കുബോയേവ് വിശദീകരിക്കുന്നത്.

ഒരു തരത്തിലും വൈശാലിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നതില്‍ മതപരമായ വിലക്കുള്ളതിനാലാണ് ഹസ്തദാനം നല്‍കാതെ പിന്‍വാങ്ങിയതെന്നുമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ നല്‍കുന്ന വിശദീകരണം.

നോദിര്‍ബെക് യാക്കുബോയേവ്

തന്റെ പ്രവൃത്തിയില്‍ വൈശാലിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവുകയോ അപമാനകരമായി അനുഭവപ്പെടുകയോ ചെയ്‌തെങ്കില്‍ ക്ഷമ ചോദിക്കുന്നതായും യാക്കുബോയേവ് വ്യക്തമാക്കി.

അതേസമയം, മത്സരത്തില്‍ യാക്കുബോയേവ് പരാജയപ്പെട്ടിരുന്നു. മത്സര ശേഷം അദ്ദേഹത്തിന് ഹസ്തദാനം നല്‍കാന്‍ വൈശാലി ശ്രമിച്ചതുമില്ല.

ആർ. വൈശാലി

വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹമാധ്യമമായ എക്‌സില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് യാക്കുബോയേവ് സുദീര്‍ഘമായ കുറിപ്പ് പങ്കുവെച്ചിരുന്നു.

വൈശാലിയോടും സഹോദരനും ഗ്രാന്‍ഡ്മാസ്റ്ററുമായ രമേഷ്ബാബു പ്രഗ്നാനന്ദയോടും തനിക്ക് ബഹുമാനമുണ്ടെന്നും യാക്കുബോയേവ് തികച്ചും തന്റെ വിശ്വാസപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നല്‍കാതിരുന്നതെന്നും കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

”വൈശാലിയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ആ സംഭവത്തില്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. സ്ത്രീകളോടും ഇന്ത്യന്‍ ചെസ് താരങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, മതപരമായ കാരണങ്ങളാല്‍ ഞാന്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കാറില്ല.

‘ഇന്ത്യയില്‍ നിന്നുള്ള കരുത്തുറ്റ ചെസ് താരങ്ങളെന്ന നിലയില്‍ വൈശാലിയെയും സഹോദരനെയും ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവര്‍ക്ക് അപമാനകരമായെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇതിനൊപ്പം എനിക്ക് മറ്റു ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാനുണ്ട്.

1. ചെസ് ഒരിക്കലും ഹറാമല്ല

2. ഇതിനു മുമ്പ് ഞാന്‍ ചെയ്ത കാര്യങ്ങള്‍ (2023ല്‍ ദിവ്യയുമായുള്ള മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ) എന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാന്‍ മനസിലാക്കുന്നു.’

3. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി ഹസ്തദാനം നടത്തരുതെന്ന് ഞാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല. ഹിജാബോ ബുര്‍ഖയോ ധരിക്കാന്‍ സ്ത്രീകളെ ഉപദേശിക്കാറുമില്ല. അത് അവരുടെ മാത്രം കാര്യമായാണ് ഞാന്‍ കാണുന്നത്.

ഇന്ന് (ഞായര്‍) മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയെ കുറിച്ച് ഐറിന ബുല്‍മാഗയെ (റൊമാനിയന്‍ താരം) ഞാന്‍ അറിയിച്ചിട്ടുണ്ട്. അവര്‍ അത് അംഗീകരിക്കുകയും ചെയ്തു.

എന്നിട്ടും മത്സരത്തിനായി എത്തിയപ്പോള്‍ ചുരുങ്ങിയത് ഞാന്‍ അവരെ അഭിവാദ്യ സൂചകമായ നമസ്‌തേ പറയുകയെങ്കിലും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ദിവ്യയ്ക്കും വൈശാലിക്കും എതിരായ മത്സരത്തിന് മുമ്പ് എന്റെ ഈ രീതിയെക്കുറിച്ച് അവരെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. അതുകൊണ്ടാണ് അത്തരമൊരു അനാവശ്യ സംഭവം ഉണ്ടായത്.” യാക്കുബോയേവ് വ്യക്തമാക്കി.

 

Content Highlight: Controversy over Uzbekistan Grandmaster Nodirbek Yakuboyev’s refusal to shake hands with Vaishali Pragnananda.