നോ നിപ സർട്ടിഫിക്കറ്റ്; വിവാദ സർക്കുലർ പിൻവലിക്കും
Kerala News
നോ നിപ സർട്ടിഫിക്കറ്റ്; വിവാദ സർക്കുലർ പിൻവലിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2023, 3:36 pm

തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ അഡ്മിഷൻ കൗൺസിലിങ്ങിന് വരുന്ന മലയാളി വിദ്യാർത്ഥികൾ നോ നിപ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിവാദ സർക്കുലർ പിൻവലിക്കും.

സർവകലാശാല അധികൃതരുമായി സംസാരിച്ചുവെന്നും വിവാദ സർക്കുലർ പിൻവലിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.

ഐ.സി.എം.ആർ അംഗീകൃത ലാബുകൾക്ക് മാത്രമാണ് നിപ പരിശോധന സർട്ടിഫിക്കറ്റുകൾ നൽകാനാകുക. രാജ്യത്ത് ഇത്തരം ലാബുകൾ വളരെ വിരളവുമാണ്. അമ്പതോളം മലയാളി വിദ്യാർത്ഥികളായിരുന്നു കൗൺസിലിങ്ങിനായി എത്തിയിരുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയുമായി സംസാരിച്ചിരുന്നു. മന്ത്രി ആർ. ബിന്ദു മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇമെയിൽ അയച്ചിരുന്നു. സർക്കുലർ പിൻവലിക്കാൻ നടപടി ആരംഭിച്ചുവെന്നും കൗൺസിലിങ്ങിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ ഉണ്ടാകില്ലെന്നും സർവകലാശാല പ്രോക്ടർ അറിയിച്ചു.

യു.ജി, പി.ജി സീറ്റുകളിലേക്കുള്ള അഡ്മിഷന് സെപ്റ്റംബർ 14, 15 തിയ്യതികളിലായി നടക്കുന്ന കൗൺസിലിങ്ങിൽ പങ്കെടുക്കുന്നതിന് സർവകലാശാലയിൽ പ്രവേശിക്കുന്ന മലയാളി വിദ്യാർത്ഥികൾ നോ നിപ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ വ്യാപകമായ വിമർശനങ്ങൾ നേരിട്ടിരുന്നു.

ടി.എൻ പ്രതാപൻ എം.പി, വി. ശിവദാസൻ എം.പി, എ.എ. റഹീം എം.പി എന്നിവർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനും സർവകലാശാലക്കും കത്ത് അയച്ചിരുന്നു.

Content Highlight: Controversial circular by IGNTU to submit no nipah certificate