ഇന്ത്യയില്‍ തൊഴിലില്ലായ്മ മുപ്പത്തഞ്ചു വര്‍ഷത്തില്‍ ഏറ്റവും മുകളിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിന്റെ പിറ്റേന്ന് ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ മുകളിലോട്ട് പോയി!
ഈയടുത്ത് വ്യവസായ മേഖലയില്‍ 76 ലക്ഷവും ഉത്പാദനമേഖലയില്‍ 41 ലക്ഷവും നിര്‍മാണമേഖലയില്‍ 29 ലക്ഷവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോഴും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുകളിലോട്ട് പോയി. ഈ വൈരുധ്യത്തിന് കാരണം പരിശോധിക്കാന്‍ വിദേശ നിക്ഷേപകരും റീടെയ്ല്‍ നിക്ഷേപകരും എന്താണ് ചെയ്യുന്നത് എന്നറിയണം.
കാണുന്നവരൊക്കെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിക്ഷേപത്തെ പറ്റി സംസാരിക്കുന്ന സമയമാണിത്. ചെലവ് കഴിച്ച് എന്തെങ്കിലും ബാക്കി വെക്കാന്‍ കഴിയുന്നവരൊക്കെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കാനുള്ള ഓട്ടത്തിലാണ്.
കോഫി ഷോപ്പിലും ബസ്സിലുമൊക്കെ സ്റ്റോക്ക് വിവരങ്ങള്‍ നല്‍കുന്ന ആപ്പ് നോക്കിയിരിക്കുന്ന ചെറുപ്പക്കാരെ കാണാം. രാത്രി ഉറങ്ങാതെയിരുന്ന് ഇക്കണോമിക് ടൈംസും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്സും മണിലൈഫും വായിച്ച് രാവിലെ ഉറക്കം തൂങ്ങി ഓഫീസിലിരിക്കുന്ന സഹപ്രവര്‍ത്തകരും, ഓഫീസ് കമ്പ്യൂട്ടറില്‍ സി.എന്‍.ബി.സി ലൈവ് കാണുന്ന മാനേജര്‍മാരും എല്ലാ ഓഫീസിലുമുണ്ട്
ഇനി ഡാറ്റയാണ് വേണ്ടതെങ്കില്‍, സെബിയുടെ കണക്കനുസരിച്ചു ഒരു മാസം ശരാശരി 26 ലക്ഷം പേരാണ് പുതിയ ഡി-മാറ്റ് അക്കൗണ്ട് തുറക്കുന്നത്. ഡി-മാറ്റ് അക്കൗണ്ട് ആണ് സ്റ്റോക്ക് വ്യാപാരം തുടങ്ങാനുള്ള ആദ്യ പടി.
2019-20ല്‍ ഇത് വെറും നാല് ലക്ഷം മാത്രമായിരുന്നു. കൊവിഡ് വര്‍ഷങ്ങളിലാണ് ആളുകള്‍ കൂട്ടത്തോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ഓടാന്‍ തുടങ്ങിയത്.
സ്റ്റോക്ക് ട്രേഡ് ചെയ്യാന്‍ കുറച്ചു കാലം മുമ്പ് വരെ ഒരുപാട് ചടങ്ങുകളുണ്ടായിരുന്നുവെങ്കില്‍ ഇന്ന് ട്രേഡിംഗ് ആപ്പുകളില്‍ ഒരു ക്ലിക്കിലൂടെ കാര്യം നടക്കും. ട്രേഡിംഗ് പഠിപ്പിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ സുലഭമാണ്. ലക്ഷക്കണക്കിന് വ്യൂവേഴ്‌സാണ് ഓരോ വിഡിയോക്കുമുള്ളത്.
ഇതിലൊക്കെ എന്തെങ്കിലും കുഴപ്പമുണ്ട് എന്നല്ല പറഞ്ഞു വരുന്നത്. സത്യത്തില്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പോലെ സംഭാവന ചെയ്ത മറ്റൊരു ആശയം ഇല്ല. നൂറ്റാണ്ടുകളായി വികസിച്ചു വന്ന, മിക്ക രാജ്യങ്ങളിലും നടപ്പാക്കുകയുകയും വിജയിക്കുകയും ചെയ്ത ഒരാശയമാണ് ഓഹരി നിക്ഷേപം.
ലളിതമാണ് ഓഹരി വിപണി സങ്കല്‍പം. ഒരു ലക്ഷം പേരുടെ കയ്യില്‍ പതിനായിരം രൂപ ഉണ്ടെന്നിരിക്കട്ടെ, അവരില്‍ ആര്‍ക്കും 10 കോടി രൂപ നിക്ഷേപം വേണ്ടി വരുന്ന ഒരു ഫാക്ടറി തുടങ്ങാന്‍ പറ്റില്ല. പക്ഷെ അവരെല്ലാവരും ഒന്നിച്ച് ആ പണം ഓഹരിയില്‍ നിക്ഷേപിച്ചാല്‍ 10 കോടി നിക്ഷേപത്തില്‍ ഒരു ഫാക്ടറി തുടങ്ങാം. എല്ലാവര്ക്കും ലാഭവിഹിതം കിട്ടുമെന്ന് മാത്രമല്ല, ആ ഫാക്ടറി വഴി ഒരു പക്ഷെ നൂറു പേര്‍ക്ക് ജോലിയും ലഭിക്കും.
അവര്‍ക്ക് പിന്നെയും നിക്ഷേപിക്കാം. മൊത്തം സമൂഹവും രാജ്യവും വികസിക്കും. വികസനം അളക്കേണ്ടത് തൊഴിലവസരങ്ങള്‍ നോക്കിയാണെന്ന് ഈ കോളത്തില്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ആവര്‍ത്തിക്കുന്നില്ല. തൊഴിലുണ്ടെങ്കില്‍ വികസനമുണ്ട്, ജീവിതമുണ്ട്, ഇല്ലെങ്കില്‍ ഇല്ല.
അമേരിക്കയില്‍ എല്ലാ മാസവും ആദ്യത്തെ ആഴ്ച തൊഴില്‍ റിപ്പോര്‍ട്ട് പുറത്തു വിടും. കഴിഞ്ഞ മാസം എത്ര പുതിയ തൊഴിലവസങ്ങളുണ്ടായി അല്ലെങ്കില്‍ ഉണ്ടായില്ല എന്നത് ആ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഈ റിപ്പോര്‍ട്ടിനനുസരിച്ച് സ്റ്റോക്ക് മുകളിലോട്ടോ താഴോട്ടോ ഒക്കെ പോകും.
സ്റ്റോക്ക് മാര്‍ക്കറ്റ് വാര്‍ത്തകള്‍ വായിക്കുന്നവര്‍ അമേരിക്കയില്‍ തൊഴിലില്ലായ്മ കൂടിയതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് നാസ്ഡാക് താഴോട്ട് പോയി എന്നൊക്കെ സ്ഥിരമായി കാണുന്നതാണ്.
ഇന്ത്യയില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ഇതുവരെ ആരും കണ്ടിട്ടില്ല. സ്റ്റോക്ക് താഴോട്ടും മേലോട്ടും പോകുമ്പോള്‍ പതിനായിരം കാരണങ്ങള്‍ പത്രങ്ങളില്‍ വായിക്കാറുണ്ടെങ്കിലും ഇങ്ങനെയൊന്നു ഇതുവരെ കണ്ടിട്ടില്ല.
സത്യത്തില്‍, ഇന്ത്യയില്‍ തൊഴിലില്ലായ്മ മുപ്പത്തഞ്ചു വര്‍ഷത്തില്‍ ഏറ്റവും മുകളിലാണ് എന്ന റിപ്പോര്‍ട്ട് വന്നതിന്റെ പിറ്റേന്ന് ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ മുകളിലോട്ട് പോയി!
ഈയടുത്ത് വ്യവസായ മേഖലയില്‍ 76 ലക്ഷവും ഉത്പാദനമേഖലയില്‍ 41 ലക്ഷവും നിര്‍മാണമേഖലയില്‍ 29 ലക്ഷവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോഴും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുകളിലോട്ട് പോയി. ഈ വൈരുധ്യത്തിന് കാരണം പരിശോധിക്കാന്‍ വിദേശ നിക്ഷേപകരും റീടെയ്ല്‍ നിക്ഷേപകരും എന്താണ് ചെയ്യുന്നത് എന്നറിയണം.
കഴിഞ്ഞയാഴ്ച, പാര്‍ലമെന്റില്‍ ശശി തരൂര്‍ ഒരു പ്രസ്താവന നടത്തി. ഈ വര്‍ഷം മാത്രം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും 1,62,000 കോടി കടത്തിക്കൊണ്ടു പോയി എന്നായിരുന്നു പ്രസ്താവനയുടെ ചുരുക്കം.
ഇതിന് മറുപടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞ മറുപടി, അതിനു പകരം ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇന്ത്യയില്‍ അത്രയ്ക്ക് റീടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് വളര്‍ന്നുവരുന്നുണ്ടെന്നും അത്തരം ഏതു ഷോക്കും താങ്ങാനുള്ള കഴിവ് ഇന്ത്യന്‍ ഓഹരി വിപണിക്കുണ്ട് എന്നുമാണ്.
വിദേശ നിക്ഷേപകര്‍ എന്ന് പൊതുവെ പറയുമെങ്കിലും പ്രധാനമായും രണ്ടുതരം നിക്ഷേപകരുണ്ട്. എഫ്.ഡി.ഐയും എഫ്.ഐ.ഐയും.
എഫ്.ഡി.ഐ എന്നാല്‍ സ്ഥിരനിക്ഷേപം. ഒരു ഫാക്ടറിയോ റീടെയ്ല്‍ ചെയ്നോ ഒക്കെ സ്ഥാപിക്കാന്‍ പണവുമായി ഇന്ത്യയിലേക്ക് വരുന്നവര്‍. അങ്ങനെയുള്ള നിക്ഷേപം നാട്ടില്‍ തൊഴിലവസരങ്ങളുണ്ടാക്കും.
എഫ്.ഐ.ഐ എന്നാല്‍ താത്കാലിക നിക്ഷേപം. അവര്‍ പണവുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് വരും. ഷെയറുകള്‍ വാങ്ങിക്കൂട്ടും. ലാഭം കിട്ടുമ്പോള്‍ വില്‍ക്കും. കാശുമായി തിരികെ പോകും. നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല.
ഇതിലേക്ക് നമുക്ക് തിരിച്ചു വരാം, അതിന് മുമ്പ് റീടെയ്ല്‍ ഇന്‍വെസ്റ്റര്‍സ്, അതായത് സാധാരണക്കാര്‍, എങ്ങനെ നിക്ഷേപിക്കുന്നു എന്ന് പരിശോധിക്കണം.
സാങ്കേതിക പദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, മൂന്നു തരം നിക്ഷേപമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സാധാരണ നടത്തുന്നത്. ഇന്‍ട്രാ-ഡേ ട്രേഡിംഗ്, ഹ്രസ്വകാല നിക്ഷേപം, ദീര്‍ഘകാല നിക്ഷേപം.
ഒരേ ദിവസം തന്നെ സ്റ്റോക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്‍ട്രാ-ഡേ ട്രേഡിംഗിനെ നിക്ഷേപം എന്ന് പറയാന്‍ കഴിയില്ല. റമ്മി കളിയുമായിട്ടാണ് ഇന്‍ട്രാ-ഡേ ട്രേഡിംഗിന്റെ താരതമ്യം. കഴിവും ഭാഗ്യവും ഒരുപോലെ വേണം. ചില ദിവസങ്ങളില്‍ ലാഭം, മറ്റു ചില ദിവസങ്ങളില്‍ നഷ്ടം.
അപാരമായ മനസ്സാന്നിധ്യം ഇല്ലാത്തവര്‍ കിടപ്പാടവും കെട്ടുതാലിയും വിറ്റു കളിക്കും. കുറെപ്പേരൊക്കെ പാപ്പരാവും. ചിലരൊക്കെ ആത്മഹത്യ ചെയ്യും. അടുത്തിടെ നമ്മള്‍ കേള്‍ക്കുന്ന കുടുംബ ആത്മഹത്യയില്‍ പലതും ഇന്‍ട്രാ-ഡേ ട്രേഡിംഗ് നടത്തുന്നവരുടേതാണ്. അതവിടെ വിടാം.
രണ്ടാമത്തേത്, ഹ്രസ്വകാല നിക്ഷേപങ്ങള്‍ എന്ന് പൊതുവെ പറയുമെങ്കിലും, ഇതും നിക്ഷേപമല്ല. ഷെയറുകള്‍ വാങ്ങി വില കൂടുമ്പോള്‍ ഉടനെ തന്നെ, രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍, പരമാവധി ഒരു കൊല്ലത്തിനുള്ളില്‍ വില്‍ക്കുന്ന രീതിയാണിത്. ഭാഗ്യത്തെക്കാള്‍ കഴിവിനാണ് പ്രാധാന്യം എന്ന് പറയാം.
നിരന്തരമായി സാമ്പത്തിക വ്യാവസായിക രംഗങ്ങള്‍ നിരീക്ഷിക്കുകയും ട്രെന്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാവും. ഇവിടെയാണ് നേരത്തെ പറഞ്ഞ എഫ്.ഐ.ഐ അഥവാ താത്കാലിക വിദേശ നിക്ഷേപകരുടെ വരവും പോക്കും പരിശോധിക്കപ്പെടേണ്ടത്. സിംഗപ്പൂരിലും ദുബായിയിലും ഹോങ്കോങ്ങിലുമുള്ള ആഡംബര ഓഫീസുകളിലിരുന്ന് സാമ്പത്തിക വിദഗ്ദ്ധന്മാരുടെ ഒരു പട കൂടിയിരുന്നാലോചിച്ച് ശതകൊടികളുമായാണ് അവരുടെ വരവ്.
അവര്‍ വില കൂടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണം നടത്തി കണ്ടെത്തുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നു, വില കൂടുമ്പോള്‍ വിറ്റ് ലാഭമെടുക്കുന്നു. അതാണ് ശശി തരൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞ കണക്ക്.
അവര്‍ക്ക് ലാഭം കിട്ടുന്നത്, റീടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നുവിളിക്കുന്ന നമ്മള്‍ സാധാരണക്കാരുടെ പണത്തില്‍ നിന്നാണ്. അങ്ങനെയാണെങ്കില്‍ ഒരു പാട് റീെടയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് കുത്തുപാളയെടുക്കേണ്ടതാണ്. സ്റ്റോക്ക് വിലകള്‍ താഴേണ്ടതുമാണ്.
എന്നാല്‍ അത് സംഭവിക്കുന്നില്ല. കാരണം, കുത്തുപാളയെടുക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് സിസ്റ്റത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ പുതിയവര്‍ വരുന്നതുകൊണ്ടാണ്.
തുടക്കത്തില്‍ പറഞ്ഞതുപോലെ 26 ലക്ഷം പുതിയ നിക്ഷേപകരാണ് ഓരോ മാസവും വരുന്നത്. ചുരുക്കി പറഞ്ഞാല്‍, ഇന്ത്യന്‍ റീടെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ പണം സ്റ്റോക്കിലിടും, ആ പണവും അടിച്ചെടുത്തോണ്ട് വിദേശ നിക്ഷേപകര്‍ സ്ഥലം വിടും. കുറച്ചു ദിവസം കഴിഞ്ഞ് അര്‍ വീണ്ടും വരും. ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇന്‍ഡക്‌സ് ഉയര്‍ന്നുയര്‍ന്നു പോകും.
ദീര്‍ഘകാല നിക്ഷേപകരാണ് അടുത്തത്. ലോകം മുഴുവന്‍, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ ശമ്പളക്കാര്‍ കാര്യമായി നിക്ഷേപിക്കുന്നത് സ്റ്റോക്ക് മാര്‍ക്കറ്റിലാണ്.
തങ്ങളുടെ മുപ്പതുകളിലും നാല്പതുകളിലും സ്റ്റോക്കുകളില്‍ നടത്തുന്ന നിക്ഷേപം റിട്ടയര്‍ ചെയ്യാറാകുമ്പോള്‍ നല്ലൊരു തുകയായി തിരിച്ചു വരും എന്നതാണ് കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ മിക്കവരുടെ കാര്യത്തിലും ശരിയാകാറുമുണ്ട്. പ്രത്യേകിച്ച് മ്യൂച്ചല്‍ ഫണ്ടുകളിലും ഇന്‍ഡക്‌സ് ഫണ്ടുകളിമൊക്കെ നിക്ഷേപിക്കുന്നവര്‍ക്ക്.
ഇന്ത്യയിലായാലും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മാന്യമായ റിട്ടേണ്‍സ് കിട്ടാറുണ്ട്, ഇനിയും കിട്ടാനാണ് സാധ്യത. പക്ഷെ നേരിട്ട് സ്റ്റോക്കില്‍ നിക്ഷേപിച്ച് പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക് മുമ്പില്‍ വലിയ ചതിക്കുഴികളുണ്ട്. പ്രധാനമായി, ഒന്ന് ക്രോണികള്‍, രണ്ടു സ്റ്റാര്‍ട്ടപ്പ് ഐ.പി.ഒ.
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ റോക്കറ്റ് പോലെ മുകളിലോട്ട് പോകുന്ന കമ്പനികള്‍ മിക്കതും ക്രോണികള്‍ എന്ന ക്യാറ്റഗറിയില്‍ വരുന്നതാണ്. സര്‍ക്കാര്‍ പല പേരുകളില്‍ കൊടുക്കുന്ന ഭൂമി, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, എഴുതിത്തള്ളല്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊണ്ട് കൂടുതല്‍ കൂടുതല്‍ സമ്പന്നരായി പോകുന്ന മുതലാളിമാരുടെ കമ്പനികളാണിത്.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത് നോക്കേണ്ട കാര്യമില്ല എന്നുപറയാം. പക്ഷെ, ക്രോണികളുടെ ആയുസ് അവരാശ്രയിക്കുന്ന രാഷ്ട്രീയക്കാരന്റെ ആയുസ്സിനേക്കാള്‍ കൂടുതല്‍ വരില്ല.
അടുത്ത ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമെന്ന് കണക്കാക്കിയാലും ഇപ്പോഴത്തെ മോദി അമിത് ഷാ ടീം നാലഞ്ചു വര്‍ഷമേ ഉണ്ടാകൂ. അത് കഴിഞ്ഞു വരും എന്ന് പ്രതീക്ഷിക്കുന്ന ആദിത്യനാഥിന് സ്വന്തം ക്രോണികളുണ്ടാകും. ക്രോണികള്‍ ഡിസ്‌പോസിബിള്‍ ആണ്. ഒരാളുപയോഗിച്ച ക്രോണിയെ വേറൊരാള്‍ ഉപയോഗിക്കില്ല. ലോകം മുഴുവന്‍ അങ്ങനെയാണ്.
മാത്രമല്ല ഇന്ത്യന്‍ ക്രോണികള്‍ മുഴുവന്‍ നിയമങ്ങളും ബിസിനസ് എത്തിക്‌സുകളും കാറ്റില്‍ പറത്തിയാണ് ലാഭമുണ്ടാക്കുന്നത്. ഉദാഹരണത്തിന് അദാനി ഗ്രൂപ്പിലേക്ക് ഏഴ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൗറീഷ്യസിലെ ഫോണും ഫാക്‌സും പോലുമില്ലാത്ത ഒറ്റമുറി പീടികകളില്‍ നിന്ന് വന്നത്, അല്ലെങ്കില്‍ പേ-ടിഎം ചൈനീസ് കമ്പനിക്ക് ഡാറ്റ ചോര്‍ത്തി കൊടുത്തത്, അതുമല്ലെങ്കില്‍ അംബാനി ഗുണ്ടകളെ വിട്ട് രാജ്യത്തെങ്ങുമുള്ള ഫ്യൂച്ചര്‍ ഔട്‌ലെറ്റുകള്‍ പിടിച്ചെടുത്തത് തുടങ്ങിയവയൊക്കെ നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഏതൊരു രാജ്യത്തും അതത് ബിസിനസുകളെ അടപ്പിക്കാന്‍ മാത്രമുള്ള കുറ്റകൃത്യങ്ങളാണ്.
ക്രോണികളായതുകൊണ്ട് മാത്രമാണ് ഇവരൊക്കെ രക്ഷപ്പെടുന്നത്, പക്ഷെ ഏതു നിമിഷവും കുത്തിപ്പൊക്കാന്‍ പാകത്തിലുള്ള ഫയലുകളായി ഇതൊക്കെ ആരുടെയെങ്കിലും കയ്യിലിരിക്കുന്നുണ്ടാകും. ക്രോണികള്‍ക്കിടയില്‍ത്തന്നെയുള്ള മത്സാരത്തിലും ഇതൊക്കെ ഉപയോഗിക്കപ്പെടാം.
ഇന്ത്യയിലെ ബിസിനസ് ജേര്‍ണലിസ്റ്റുകളുമായി സംസാരിച്ചാല്‍ ഒരു കാര്യം മനസിലാകും, കോര്‍പ്പറേറ്റ് അഴിമതികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് മുകളില്‍ അടയിരിക്കുകയാണ് എഡിറ്റര്‍മാര്‍.
ക്രോണികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിനെ ഭയന്ന് ഒരു റിപ്പോര്‍ട്ടും പുറത്തു വരാതിരിക്കുകയാണ്. ഭയം എന്ന് കുറയുന്നോ അന്നുമുതല്‍ അഴിമതിക്കഥകളുടെ കുത്തൊഴുക്കായിരിക്കും. അക്കാലത്ത് കുറെ കമ്പനികള്‍ തകരും. ഇപ്പോഴുള്ള നിക്ഷേപകര്‍ പണം തിരിച്ചെടുക്കുന്നതിന് മുമ്പ് അത് സംഭവിച്ചില്ലെങ്കില്‍ അവരുടെ ഭാഗ്യം.
രണ്ടാമത്തെ ദീര്‍ഘകാല ഇന്‍വെസ്റ്റ്‌മെന്റ് റിസ്‌ക് ആണ് സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഐ.പി.ഒകളും. യൂണികോണുകള്‍ ഉള്‍പ്പടെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഒരു ലാഭവും ഉണ്ടാക്കുന്നില്ല, എന്നുമാത്രമല്ല വലിയ നഷ്ടത്തിലുമാണ്.
ഇവരൊക്കെ ഒന്നിന് പിറകെ ഒന്നായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് വരികയാണ്. പ്രമുഖ ഇന്‍വെസ്റ്ററും ഫണ്ട് മാനേജരുമായ പൊറിഞ്ചു വെളിയത്ത് പറയുന്നത് തൊണ്ണൂറ് ശതമാനം സ്റ്റാര്‍ട്ടപ്പുകളും പൊളിയും എന്നാണ്.
നമുക്ക് പരിചിതമായ ഫ്‌ളിപ്കാര്‍ട്ട്, സോമാറ്റോ, പേ-ടിഎം, ബൈജൂസ് ഒക്കെ ഓരോ മാസവും പുറത്തുവിടുന്നത് ഭീകരമായ നഷ്ടങ്ങളുടെ കഥയാണ്.
ബൈജൂസ് 2020ല്‍ വാങ്ങിയ വൈറ്റ്ഹാറ്റ് എന്ന കമ്പനി ഇക്കൊല്ലം മാത്രം ഉണ്ടാക്കിയ നഷ്ടം 1690 കോടിയാണ്. ഇന്‍വെര്‍സ്റ്റര്‍മാര്‍ വീണ്ടും വീണ്ടും പണം പമ്പ് ചെയ്യുന്നതുകൊണ്ട്, പി.ആര്‍ വര്‍ക്ക് കാരണം നിലനില്‍ക്കുകയാണ് മിക്ക കമ്പനികളും.
പറഞ്ഞുവനന്ത് ഇത്രയേയുള്ളു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് നിക്ഷപിക്കുന്നവര്‍ക്ക് അവരുടെ വാര്‍ധക്യത്തില്‍ ലാഭമുള്ള റിട്ടേണ്‍ കിട്ടാനുള്ള സാധ്യത പത്ത് ശതമാനത്തിനടുത്തെ ഉള്ളൂ. ഈ നിക്ഷേപമാണെങ്കില്‍ രാജ്യത്തില്‍ തൊഴിലവസങ്ങള്‍ സൃഷ്ട്ടിക്കുന്നുമില്ല, ലാഭമൊക്കെ പുറത്തേക്ക് പോകുകയാണ്.
പണം എന്ത് ചെയ്യുന്നോ അതാണ് പണം എന്നോ മറ്റോ ഒരു നിര്‍വചനമുണ്ട്. പണം മിച്ചം വെക്കാന്‍ കഴിയുന്ന പ്രൊഫഷണലുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് പോകുന്നതോടെ നാട്ടില്‍ പണമില്ലാതാകുകയാണ്.
അവര്‍ക്ക് ഇരുപതോ മുപ്പതോ കൊല്ലം കഴിയുമ്പോള്‍ ലാഭം കിട്ടുകയോ കിട്ടാതിരിക്കുയോ ചെയ്യാം. ആ പണം നാട്ടില്‍ പ്രാദേശികമായി ചെറുകിട വ്യവസായങ്ങളിലും വാണിജ്യങ്ങളിലും നിക്ഷേപിച്ചാല്‍ നാട്ടില്‍ കുറേപേര്‍ക്ക് ജോലി കിട്ടും. ഏതു രാജ്യത്തായാലും ഏറ്റവും വലിയ തൊഴില്‍ ദാതാവ് ചെറുകിട സംരഭകരാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മുതലാളിയായ അംബാനി പോലും ആകെപ്പാടെ തൊഴില്‍ നല്‍കുന്നത് രണ്ടു ലക്ഷം പേര്‍ക്കാണ്, അതേസമയത്തു കോടിക്കണക്കിനാള്‍ക്കാരാണ് ചെറുകിട സംരംഭങ്ങളില്‍ ജോലി ചെയ്യുന്നത്.
കേരളം സംരംഭകര്‍ക്ക് കൊള്ളില്ല എന്ന് നിരന്തരം കേള്‍ക്കുന്നതുകൊണ്ട് മിക്കവര്‍ക്കും പേടിയാണ്. ലോകത്തെവിടെയായാലും ബിസിനസിന് റിസ്‌കുണ്ട്.
എന്തൊക്കെയുണ്ടെകിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ലാഭമുണ്ടാകാനുള്ള സാധ്യതയേക്കാള്‍ എത്രയോ വലുതാണ് ചെറുകിട ബിസിനസില്‍ നിന്ന് ലാഭമുണ്ടാകാനുള്ള സാധ്യത.
ഭീകരമാണ് തൊഴിലില്ലായ്മ. കോളേജ് കഴിഞ്ഞിറങ്ങുന്ന ഒരാള്‍ക്ക് മാന്യമായി ജീവിക്കാനുള്ള വരുമാനമുള്ള തൊഴില്‍ ലഭിക്കാനുള്ള സാധ്യത തീരെയില്ലാതാവുകയാണ്. റെയില്‍വേയും ബാങ്കുകളും ആളെയെടുക്കുന്നില്ല. പട്ടാളത്തിലേക്ക് പോലും റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. ചെറുകിട സംരംഭങ്ങളില്‍ നിക്ഷേപം വന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും.
ഇതിലൊരു സാമൂഹിക പ്രത്യാഘാതം കൂടിയുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് നിക്ഷേപിക്കുന്നവരില്‍ മതപരമായ കണക്കെടുത്താല്‍ വലിയ വ്യത്യാസമുണ്ട്. ആനുപാതികമായി, ഏറ്റവും കൂടുതല്‍ നിക്ഷേപിക്കുന്നത് ക്രിസ്ത്യാനികളും രണ്ടാമത് ഹിന്ദുക്കളും അവസാനം മാത്രം മുസ്‌ലിങ്ങളുമാണ്.
അതുകൊണ്ടുതന്നെ നാട്ടില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളും ഏറ്റവും കുറവ് ക്രിസ്ത്യാനികളുമാണ്, മറ്റു കാരണങ്ങളില്ലെന്നല്ല. അതാത് സമൂഹങ്ങളിലെ തൊഴിലവസരങ്ങളെയും സമ്പത്തിനെയും, സമൂഹത്തിന്റെ മൊത്തം സന്തുലിതാവസ്ഥയെയും ഇത് ബാധിക്കുന്നുണ്ട്. (വിശദമായി മുമ്പ്എഴുതിയിട്ടുള്ളതാണ് https://www.doolnews.com/farook-writes-about-christian-muslim-conflict-698.html) .
തൊഴിലും വരുമാനവുമുള്ളവര്‍ പണവുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ഓടുമ്പോള്‍ ഫലത്തില്‍ അവര്‍ തൊഴിലും വരുമാനവും ഇല്ലാത്ത സ്വന്തം സമൂഹത്തിലെ യുവാക്കളെ അനാഥരാക്കുയാണ്.
Content Highlight: Farooq writes about stock exchanges