ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ല; നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Kerala News
ഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ല; നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 3:01 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ്, അന്വേഷണത്തിലെ കാലതാമസം എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ഗൂഢാലോചന നടത്തിയെന്ന കേസ് സി.ബി.ഐക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി പരിഗണിക്കവേ ആണ് ഹൈക്കോടതിയുടെ ചോദ്യം.

വെറുതേ പറയുന്നത് വധഗൂഢാലോചന ആകുമോയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.

ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. എന്നാല്‍, കോടതിയുടെ ചോദ്യങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദിലീപിന്റേത് വെറുംവാക്കല്ലെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു.

വധഗൂഢാലോചനയ്ക്ക് തെളിവുണ്ട്. ബാലചന്ദ്ര കുമാര്‍ ഓഡിയോ തെളിവുകള്‍ കൈമാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസിന്റെ പേരില്‍ തന്നെ അന്വേഷണ സംഘം പീഡിപ്പിക്കുന്നുവെന്ന് ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കുടുംബത്തെ ഒന്നാകെ പ്രതിചേര്‍ക്കുന്നുവെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

Content Highlights: Conspiracy case not to be handed over to CBI; Government in High Court