national news
വഖഫ് ഭേദഗതി ബിൽ; മുസ്‌ലിം വികാരം പരിഗണിക്കൂ, ടി.ഡി.പിയോടും ജെ.ഡി.യുവിനോടും ജമിയത്ത് ഉലമ ഇ ഹിന്ദ്
ന്യൂദൽഹി: വഖഫ് (ഭേദഗതി) ബില്ലിൽ മുസ്‌ലിം വികാരം പരിഗണിക്കാൻ ടി.ഡി.പിയോടും ജെ.ഡി.യുവിനോടും ആവശ്യപ്പെട്ട് ജമിയത്ത് ഉലമ ഇ ഹിന്ദ്. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ഭരണഘടന സംരക്ഷിക്കുക’ എന്ന കൺവെൻഷനിലാണ് ജമിയത്ത് മേധാവി മൗലാന അർഷാദ് മഅദനി ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പിയുടെ നയങ്ങൾ തള്ളിക്കളഞ്ഞാണ് രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തിയതെന്നും മഅദനി പറഞ്ഞു. നിലവിൽ ബി.ജെ.പിക്ക് രണ്ട് ഊന്നുവടികളുടെ സഹായം ആവശ്യമാണെന്നും അത് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് (ഭേദഗതി) ബില്ലിനെതിരായ പ്രചാരണം ശക്തമാക്കിയ ജമിയത്ത് ഉലമ ഇ ഹിന്ദ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനോടും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനോടും വിഷയം സംബന്ധിച്ച് മുസ്‌ലിം സമുദായത്തിൻ്റെ വികാരം പരിഗണിക്കാൻ ആവശ്യപ്പെട്ടു.
മുസ്‌ലിം വികാരത്തെ മാനിക്കാതിരുന്നാൽ അത് ബി.ജെ.പിയോടൊപ്പം ബി.ജെ.പിയുടെ ഊന്നുവടികളായ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘മുസ്‌ലിങ്ങളുടെ വികാരങ്ങൾ അവഗണിച്ച് വഖഫ് ബിൽ പാസാക്കുകയാണെങ്കിൽ കേന്ദ്രത്തിലെ മറ്റ് അധികാരങ്ങളുടേത് പോലെ അത് ബി.ജെ.പിയുടെ ഊന്നുവടികളുടെയും ഉത്തരവാദിത്തമായിരിക്കും,’ മഅദനി പറഞ്ഞു.
ചന്ദ്രബാബു നായിഡുവിൻ്റെ മണ്ഡലത്തിൽ ഈ മാസം അവസാനമോ ഡിസംബറിലോ ഏകദേശം അഞ്ച് ലക്ഷത്തോളം മുസ്‌ലിങ്ങളെ അണിനിരത്തി മുസ്‌ലിം സമുദായത്തിൻ്റെ ആശങ്കകൾ വിശദമായി അവതരിപ്പിക്കുമെന്നും ജാമിയത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
വഖഫ് സ്ഥാപിച്ചത് തങ്ങളുടെ പൂർവ്വികർ ആണെന്നും അത് അല്ലാഹുവിൻ്റെ ഉടമസ്ഥതയിലുള്ള ഭാഗമാണെന്നും അതിൽ പള്ളികൾ പണിതിട്ടുണ്ടെന്നും മഅദനി പറഞ്ഞു.
‘സർക്കാർ ഞങ്ങളെ സംരക്ഷിക്കണം, കാരണം ഞങ്ങൾ ഈ രാജ്യത്താണ് താമസിക്കുന്നത്. ഞങ്ങൾ പുറത്ത് നിന്ന് വന്നവരല്ല. ഒരു ഹിന്ദു ഗുജ്ജർ ആണെങ്കിൽ, ഒരു മുസ്‌ലിമും ഗുജ്ജർ (ഒരു സമുദായം) ആണ്. ഹിന്ദുക്കൾ ജാട്ടുകളാണ് എങ്കിൽ മുസ്‌ലിങ്ങളും ജാട്ടുകളാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും വെവ്വേറെയാണെന്ന് അവർ മുദ്രാവാക്യം വിളിക്കുന്നു. പക്ഷേ ഞങ്ങൾ പറയുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും എല്ലാവരും ഒന്നാണ്,’ മഅദനി പറഞ്ഞു.
Content Highlight: ‘Consider Muslim sentiments’: Jamiat to TDP, JD(U) on Waqf (Amendment) Bill