ദക്ഷിണ കൊറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി യൂന്‍ സുക് യോളിന് വമ്പന്‍വിജയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്
World News
ദക്ഷിണ കൊറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി യൂന്‍ സുക് യോളിന് വമ്പന്‍വിജയം; അഭിനന്ദിച്ച് വൈറ്റ്ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 8:58 am

സോള്‍: ദക്ഷിണ കൊറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥി യൂന്‍ സുക് യോളിന് (Yoon Suk-yeol) വിജയം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന യൂന്‍ സുക് യോള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൊറിയയുടെ പ്രസിഡന്റായി അധികാരമേല്‍ക്കും.

മാര്‍ച്ച് ഒമ്പതിനായിരുന്നു കൊറിയയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലീ ജേ മ്യുങിനെയാണ് (Lee Jae-myung) യൂന്‍ പരാജയപ്പെടുത്തിയത്. മ്യുങിന് 47.8 ശതമാനം വോട്ടും യോളിന് 48.6 ശതമാനം വോട്ടുമാണ് ലഭിച്ചത്. 99.8 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോഴുള്ള കണക്കുകളാണിത്.

ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

ഈ തെരഞ്ഞെടുപ്പ് ജനങ്ങളുടെ മഹത്തായ വിജയമാണ്, എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം യൂന്‍ പ്രതികരിച്ചത്.

”തല്‍ക്കാലത്തേക്ക് ഇപ്പോള്‍ ഞങ്ങളുടെ മത്സരം അവസാനിച്ചിരിക്കുന്നു,” യൂന്‍ പ്രതികരിച്ചു. പാര്‍ലമെന്റിനെയും ഭരണഘടനയെയും മാനിക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ഐക്യത്തോടെ തന്നെ പ്രവര്‍ത്തിക്കുമെന്നും ഫലം പുറത്തുവന്ന ശേഷം യൂന്‍ സുക് യോള്‍ പറഞ്ഞു.

ദേശീയതലത്തിലുള്ള ഐക്യത്തിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും യൂന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പ്രസിഡന്റ് മൂന്‍ ജേ ഇന്നിന്റെ കീഴില്‍ ഉത്തര കൊറിയയുടെ പ്രോസിക്യൂട്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് 60കാരനായ യൂന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടക്കക്കാരന്‍ കൂടിയാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസില്‍ നിന്നും യൂന്‍ സുക് യോളിന് അഭിനന്ദന സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ യൂനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു, എന്നും സന്ദേശത്തിലുണ്ട്.


Content Highlight: Conservative candidate Yoon Suk-yeol elected South Korea’s president