കോഴിക്കോട് : വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരെ പറയുന്നതെന്നും പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം ചെയ്യുക എന്നായിരിക്കുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ പരാമര്‍ശം. സംഘപരിവാറടക്കമുള്ള വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടുമെന്നും വര്‍ഗീയതയെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
സംഘപരിവാര്‍ ശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി വര്‍ഗീയത സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ന്യൂനപക്ഷവര്‍ഗീതയതെയും എതിര്‍ക്കുമെന്നും വര്‍ഗീതയ ഉണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അതിനെ മുന്‍പന്തിയില്‍ നിന്നും എതിര്‍ക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
‘കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണ്. മതേതരത്വത്തിന്റെ വഴിത്താരകളില്‍ നിന്നും അവരെ തെറ്റായ വഴികളിലേക്ക് കൊണ്ടുപോകാന്‍ രാഷ്ട്രീയപാര്‍ട്ടികളോ മതനേതാക്കളോ ആട്ടിന്‍തോലണിഞ്ഞ ഏത് ചെന്നായ ശ്രമിച്ചാലും ചോദ്യം ചെയ്യാന്‍ ഞങ്ങളുണ്ടാവുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.
ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിക്കുകയായിരുന്നു.