നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്.
പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റെക്കോഡ് ബുക്കിങ് സ്വന്തമാക്കികൊണ്ട് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തീയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.
താന്‍ സിനിമയിലേക്ക് പ്രവേശിച്ച കാലം സിനിമയിലെ സുവര്‍ണ്കാലഘട്ടമെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
താന്‍ സിനിമയില്‍ പ്രവേശിച്ചകാലം ഒരു സുവര്‍ണകാലഘട്ടമാണെന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നതെന്നും തന്നെ സംബന്ധിച്ച് ഇപ്പോഴും സുവര്‍ണകാലഘട്ടം തന്നെയാണ് ഇതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തനിക്ക് പത്മരാജന്‍, ഭരതന്‍, അരവിന്ദന്‍, തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചുവെന്നും ഒരു നടനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വലിയ അനുഗ്രഹമാണെന്നും ആ കഥാപാത്രങ്ങളാണ് തന്നെ സൃഷ്ടിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ഞാന്‍ സിനിമയില്‍ പ്രവേശിച്ച കാലം ഒരു സുവര്‍ണകാലഘട്ടമായിരുന്നു, എല്ലാവരും അതിനെ സുവര്‍ണകാലഘട്ടം എന്നാണ് വിളിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോളും ഇത് ഗോള്‍ഡന്‍ ഇറ തന്നെയാണ്. പക്ഷേ ആ കാലഘട്ടത്തില്‍ പലതരത്തില്‍ ളള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, ഐ.വി ശശി പോലുള്ള സംവിധായകരുടെ കൂടെ എനിക്ക് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അതുപോലെ തന്നെ എം.ടി. വാസുദേവന്‍ നായര്‍, ലോഹിതദാസ് ഇവരോടൊപ്പമൊക്കെ എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.
ആ കഥാപാത്രങ്ങളാണ് എന്നെ സൃഷ്ടിച്ചത്, അതുകൊണ്ട് ആ കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയത് തീര്‍ച്ചയായും ഒരു അനുഗ്രഹമാണ്. എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരു നടനെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ അനുഗ്രഹമാണ്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal says that those Characters only made me.