കങ്കണ ചെയ്തത് രാജ്യദ്രോഹം, പത്മശ്രീ തിരിച്ചെടുക്കണം; ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കോണ്‍ഗ്രസ്
national news
കങ്കണ ചെയ്തത് രാജ്യദ്രോഹം, പത്മശ്രീ തിരിച്ചെടുക്കണം; ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 8:44 am

 

ന്യൂദല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യയ്ക്ക് 2014 ല്‍ ആണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ പരമാര്‍ശം വിവാദമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യദ്രോഹമാണ് കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

”മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,” കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

”സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

ഇതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് വരുണ്‍ ഗാന്ധി ചോദിച്ചത്.

‘ ചിലപ്പോള്‍ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോള്‍ മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,” അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള കങ്കണയുടെ പരമാര്‍ശത്തെ ബി.ജെ.പി എം.പി തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Congress slams Kangana’s 1947 was ‘bheek’ remark as ‘treason’, demands Padma Shri be taken back